• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീണ്ടും അനാഥമന്ദിരപീഡനം: പെൺകുട്ടികളെ കൊണ്ടുപോകുന്നത് ആഡംബരകാറുകളിൽ

news18india
Updated: August 6, 2018, 7:44 PM IST
വീണ്ടും അനാഥമന്ദിരപീഡനം: പെൺകുട്ടികളെ കൊണ്ടുപോകുന്നത് ആഡംബരകാറുകളിൽ
news18india
Updated: August 6, 2018, 7:44 PM IST
ലഖ്‍‍നൗ: ബിഹാറിലെ മുസാഫർപുരിൽ അനാഥമന്ദിരത്തിലെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് മനസാക്ഷിയുള്ളവർ കേട്ടത്. ആ വാർത്തയുടെ ഞെട്ടൽ മാറും മുമ്പേ ഉത്തർപ്രദേശിൽ നിന്നിതാ കരൾ പിളർക്കുന്ന മറ്റൊരു വാർത്ത. ഉത്തരപ്രദേശിലെ കിഴക്കൻമേഖലയിലെ ദിയോറിയയിലെ അനാഥമന്ദിരത്തിലാണ് പെൺകുട്ടികൾ പീഡനത്തിന് ഇരയായത്. കുട്ടികളിൽ 24 പേരെ രക്ഷപ്പെടുത്തി. 18 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മാ വിദ്യാവാസിനി അനാഥമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട പത്തു വയസുകാരിയാണ് ക്രൂരപീഡനത്തിന്‍റെ കഥകൾ പുറംലോകത്തെ അറിയിച്ചത്. ആഡംബര കാറുകളിൽ അനാഥമന്ദിരത്തിൽ എത്തുന്നവരുടെയൊപ്പം തന്‍റെ ഒപ്പമുള്ള പെൺകുട്ടികളെ അധികൃതർ പറഞ്ഞുവിടാറുണ്ടെന്ന് പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. 'പ്രധാനമായും വൈകുന്നേരങ്ങളിലാണ് ആഡംബരകാറുകളിൽ ആളുകൾ അനാഥമന്ദിരത്തിൽ എത്താറുള്ളത്. സാധാരണ വെള്ള നിറത്തിലുള്ള കാറുകളാണ് എത്താറുള്ളത്. ചിലപ്പോൾ, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കാറുകളും വരും. കാറുകളിൽ എത്തുന്നവർ 15 വയസിനു മുകളിലുള്ള കുട്ടികളെയും കൂടെ കൊണ്ടുപോകും. ഇങ്ങനെ പോകുന്ന പെൺകുട്ടികൾ പുലർച്ചയോടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തിരികെയെത്താറുള്ളത്. ഇതു കൂടാതെ, വേറെ ചില കുട്ടികളെ വസ്ത്രം കഴുകുക, ശുചീകരണം തുടങ്ങിയ ജോലികൾക്കായി സമീപത്തുള്ള വീടുകളിലേക്ക് അയയ്ക്കാറുണ്ട്." - രക്ഷപ്പെട്ടെത്തിയ പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

അനാഥമന്ദിരത്തിന്‍റെ നടത്തിപ്പുകാരായ ഗിരിജ ത്രിപാഠിയെയും അവരുടെ ഭർത്താവായ മോഹൻ ത്രിപാഠിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ പെൺകുട്ടികൾക്ക് 500 മുതൽ 1500 രൂപ വരെ നൽകിയതായി അനാഥമന്ദിരത്തിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ മറ്റൊരു പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. മിക്കപ്പോഴും നടത്തിപ്പുകാരിയായ ഗിരിജ തന്നെയാണ് കാറുകളിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായുള്ള സ്ഥലങ്ങളിൽ എത്തിക്കാറുള്ളതെന്നും ഈ കുട്ടി പറഞ്ഞു. പോകുന്നതിനു മുമ്പ് പെൺകുട്ടികളോട് നന്നായി വസ്ത്രം ധരിക്കാൻ ഇവർ ആവശ്യപ്പെടാറുണ്ടെന്നും കുട്ടി പറഞ്ഞു.

അമ്മ മരിക്കുകയും പിതാവ് വേറെ വിവാഹം കഴിക്കുകയും ചെയ്തതോടെ തന്‍റെ മുത്തച്ഛനും മുത്തശ്ശിയുമാണ് തന്നെ അനാഥമന്ദിരത്തിൽ എത്തിച്ചതെന്ന് പത്തുവയസുകാരിയായ കുട്ടി പൊലീസിനോട് പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചതായി ലഖ്‍‍നൗ എ ഡി ജി ആനന്ദ് കുമാർ പറഞ്ഞു. കുട്ടികളുടെ വൈദ്യപരിശോധന ഒരു വനിതാഡോക്ടർ നടത്തുമെന്നും മജിസ്ട്രേറ്റിന് മുമ്പാകെ അവരുടെ പ്രസ്താവന രേഖപ്പെടുത്തുമെന്നും എ ഡി ജി പറഞ്ഞു.

അനാഥമന്ദിരത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, അനാഥമന്ദിരത്തിന്‍റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദു ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടംഗ ഉന്നതാധികാര സമിതിയെ അന്വേഷണത്തിനായി ദിയോറിയയിലേക്ക് അയച്ചതായി യുപി ശിശുക്ഷേമ മന്ത്രി റീത്ത ബഹുഗുണ ജോഷി പറഞ്ഞു.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍