കർണാടക: ഗുണ്ടൽപേട്ടിന് സമീപമുണ്ടായ ക്വാറി അപകടത്തിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. യുപി സ്വദേശികളായ സഫ്രാദ്, അജ്മുള്ള, മിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശിയ ദുരന്തനിവാരണ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. വൈറ്റ്സ്റ്റോൺ ഹിൽ ക്വാറിക്കുള്ളിൽ പണിയെടുക്കുന്നതിനിടെ ക്വാറി തകർന്നതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ടിന് സമീപമുള്ള ബിലിക്കല്ലു ക്വാറി ഏരിയയിലെ മടഹള്ളി ഗ്രാമത്തിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇത്.
അവിടെയുണ്ടായിരുന്ന നിരവധി തൊഴിലാളികൾ ഈ പാറക്കെട്ടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ആശങ്ക. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മൈൻസ് ആൻഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
കർണാടകയിലെ ബൊമ്മലാപുരയിൽ താമസിക്കുന്ന മഹേന്ദ്രപ്പയുടെ ഭൂമിയിലാണ് സംഭവം. മലയാളിയായ ഹക്കീം എന്നയാളാണ് ഖനനത്തിനായി ഭൂമി പാട്ടത്തിനെടുത്തത് എന്നാണ് വിവരം. എന്നാൽ, പ്രദേശത്ത് അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു.
ദ ഹിന്ദു റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് എട്ട് പേരെ കാണാതായതായും നാല് പേരെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ പാറകളും കല്ലുകളും നീക്കാനുള്ള ബുദ്ധിമുട്ട് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.