ശ്രീനഗർ: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നീലെ കശ്മീരിൽ നാല് ഭീകരരെ വധിച്ചു. ഇതിൽ മൂന്നു പേർ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതിർത്തി കടന്നുള്ള ഡ്രോൺ-ഗ്രനേഡ് ആക്രമണവും മറ്റും വർദ്ധിച്ച പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ നാല് ഭീകരർ കൊല്ലപ്പെട്ടത്.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ കേന്ദ്രം "സഹിഷ്ണതയില്ലാത്ത" നയം മുന്നോട്ട് വയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "സമൃദ്ധവും സമാധാനപരവുമായ ജമ്മു കശ്മീർ" എന്ന കാഴ്ചപ്പാട് നിറവേറ്റുന്നതിന് ഇത് ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു.
സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്. എകെ 56, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.
കശ്മീർ താഴ്വരയിൽ ഈ വർഷത്തെ അമർനാഥ് യാത്രയ്ക്കുള്ള സുരക്ഷാ തയ്യാറെടുപ്പുകൾക്കിടയിൽ അമിത് ഷാ 15 ദിവസത്തിനുള്ളിൽ രണ്ട് ഉന്നതതല യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ഡ്രോണുകളും സ്റ്റിക്കി ബോംബുകളും പോലുള്ള പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സായുധ സേനയുടെ സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിക്കുക എന്നതായിരുന്നു ചൊവ്വാഴ്ചത്തെ യോഗത്തിന്റെ കേന്ദ്ര അജണ്ട.
Also Read-
Varanasi Blast Case | വാരണാസി സ്ഫോടന പരമ്പര കേസ്; മുഖ്യപ്രതി വാലിയുല്ല ഖാന് വധശിക്ഷ
ദേശീയ അന്വേഷണ ഏജൻസി, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്നിവയുടെ തലവൻമാരുമായി ആശയവിനിമയം നടത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും നടന്നു. തീവ്രവാദ ഭീഷണികളെ നേരിടാൻ സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ചും ചർച്ച നടത്തി.
ആഴ്ചയുടെ തുടക്കത്തിൽ, ഷാ ഡോവലുമായും റോ മേധാവി സാമ്നാത് ഗോയലുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മേയ് മുതൽ തുടർച്ചയായി ഏറ്റുമുട്ടലുകൾ നടക്കുന്ന കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ അവർ ചർച്ച ചെയ്തിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും കോവിഡ് -19 മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന വാർഷിക തീർഥാടനത്തിന്റെ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ജൂൺ 3 ന് ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.