നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Gurgaon Protests | മുസ്ലീങ്ങളുടെ പ്രാർത്ഥന തടസപ്പെടുത്തി പ്രതിഷേധം; 30 പേർ പോലീസ് കസ്റ്റഡിയിൽ

  Gurgaon Protests | മുസ്ലീങ്ങളുടെ പ്രാർത്ഥന തടസപ്പെടുത്തി പ്രതിഷേധം; 30 പേർ പോലീസ് കസ്റ്റഡിയിൽ

  ഗുഡ്‌ഗാവിൽ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ മുസ്ലീങ്ങൾക്ക് നേരെ വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം

  • Share this:
   ഹരിയാനയിലെ ഗുഡ്‌ഗാവിൽ വെളളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ മുസ്ലീങ്ങൾക്ക് നേരെ വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികൾക്ക് നേരെ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സംഭവം നടന്ന സെക്റ്റർ 12 എ പ്രദേശത്ത് പൊലീസുകാരെ വിന്യസിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

   "ഇവിടെ സമാധാനം പുനഃസ്ഥാപിച്ചു കഴിഞ്ഞു. പ്രാർത്ഥന തടസപ്പെടുത്താൻ ശ്രമിച്ചവരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇവരുമായി ചർച്ച നടത്താനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. എന്നാൽ, ഇന്നുണ്ടായ അനിഷ്ട സംഭവത്തിൽ ഉടനടി തന്നെ നടപടി സ്വീകരിച്ചു", ഗുഡ്ഗാവ് എസ് ഡി എം അനിത ചൗധരി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

   ഒരു സംഘം ആൾക്കാർ മാസ്ക് ധരിക്കാതെ, പ്ലക്കാർഡുകളുമായി മുദ്രാവാക്യങ്ങൾ മുഴക്കി മാർച്ച് ചെയ്തു നീങ്ങുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു വീഡിയോ ദൃശ്യത്തിൽ പ്രതിഷേധക്കാരെ പോലീസുകാർ ചേർന്ന് നീക്കം ചെയ്യുന്നത് കാണാം.

   മുസ്ലീങ്ങളുടെ പ്രാർത്ഥനകൾ ഇത് മൂന്നാമത്തെ ആഴ്ചയാണ് തുടർച്ചയായി തടസപ്പെടുന്നത്. കഴിഞ്ഞയാഴ്ച സെക്റ്റർ 12 എയിൽ തന്നെ ഒരു സ്വകാര്യസ്ഥലത്ത് പ്രാർത്ഥനയ്ക്കായി എത്തിയ മുസ്ലീങ്ങൾക്ക് നേരെയും 'ജയ് ശ്രീറാം' മുഴക്കി ഒരു സംഘം നീങ്ങിയിരുന്നു.

   കഴിഞ്ഞ ആഴ്ച പ്രാർത്ഥന തടസപ്പെടുത്തിയവരിൽ ഒരാൾ അഭിഭാഷകനും മുൻ ബിജെപി നേതാവുമായ കുൽഭൂഷൺ ഭരദ്വാജ് ആയിരുന്നു. അദ്ദേഹം പോലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. അതിന് മുമ്പുള്ള ആഴ്ചയും സമാനമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സെക്റ്റർ 47 ൽ കൂട്ടായ പ്രാർത്ഥനയ്ക്കായി സർക്കാർ നൽകിയിട്ടുള്ള ഭൂമിയിൽ പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയായിരുന്നു പ്രതിഷേധം.

   റോഹിൻഗ്യ അഭയാർത്ഥികളും സാമൂഹിക വിരുദ്ധരും പ്രാർത്ഥനയുടെ മറവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെന്ന് സെക്റ്റർ 47 ലെ പ്രദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ അവർ 'ജയ് ശ്രീറാം' മുഴക്കിയും പൊതുസ്ഥലത്ത് പ്രാർത്ഥന നടത്തുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയും അവർ പ്രദേശത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.

   മുസ്ലീങ്ങൾക്ക് പൊതു പ്രാർത്ഥന നടത്താൻ ഗുഡ്ഗാവ് ഭരണകൂടം അനുമതി നൽകിയിട്ടുള്ള സ്ഥലങ്ങളിൽപ്പെടുന്നവയാണ് സെക്റ്റർ 47 ഉം സെക്റ്റർ 12 ഉം. 2018 ൽ സമാനമായ സംഭവങ്ങൾ നടന്നതിനെ തുടർന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ നടത്തിയ സമാധാന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ സമവായം രൂപപ്പെട്ടത്.

   പ്രാർത്ഥിക്കാൻ അനുമതി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ വിശ്വാസികളെ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ആഴ്ചത്തെ സംഭവവികാസങ്ങളെ തുടർന്ന് കേന്ദ്രമന്ത്രി കൃഷ്ണൻ പൽ ഗുർജർ അഭിപ്രായപ്പെട്ടൊരുന്നു. എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ പ്രാർത്ഥനയുടെ പേരിൽ പൊതുവഴി തടയരുതെന്നും ഈ മാസം തുടക്കത്തിൽ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറും പറഞ്ഞിരുന്നു. "ആരും മതവികാരങ്ങൾ വ്രണപ്പെടുത്തുകയോ പ്രാർത്ഥന തടസപ്പെടുത്തുകയോ ചെയ്യരുത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുള്ള സ്ഥലങ്ങളിൽ വിശ്വാസികൾക്ക് പ്രാർത്ഥന നടത്താവുന്നതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Karthika M
   First published:
   )}