• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | അ​ഗ്നിപഥ്: റിക്രൂട്ട്മെന്റുകൾ കൂടും; ഒരാൾക്കു പകരം നാല് പേർക്ക് അവസരം ലഭിക്കുമെന്ന് നേവി ചീഫ് അഡ്മിറൽ

Exclusive | അ​ഗ്നിപഥ്: റിക്രൂട്ട്മെന്റുകൾ കൂടും; ഒരാൾക്കു പകരം നാല് പേർക്ക് അവസരം ലഭിക്കുമെന്ന് നേവി ചീഫ് അഡ്മിറൽ

കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയായ അ​ഗ്നിപഥ് സൈന്യത്തിൽ ചേരുന്ന യുവാക്കളുടെ കഴിവിനെയും പരിശീലനത്തെയും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേവി ചീഫ് അഡ്മിറൽ.

  • Share this:
    കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയായ അ​ഗ്നിപഥ് (Agnipath) സൈന്യത്തിൽ ചേരുന്ന യുവാക്കളുടെ കഴിവിനെയും പരിശീലനത്തെയും യാതൊരു തരത്തിലും ബാധിക്കില്ലെന്ന് നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ (R Hari Kumar). ഒരാൾക്കു പകരം നാലു പേർക്ക് അവസരം നൽകുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം സിഎൻഎൻ-ന്യൂസ് 1​8 നോട് പറഞ്ഞു. അ​ഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

    അ​ഗ്നിപഥ് പദ്ധതിക്കു കീഴിൽ, 17.5 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ ആർമി, നേവി, ഇന്ത്യൻ എയർഫോഴ്സ് എന്നീ മൂന്ന് സൈനിക വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്യും. നാല് വർഷം ആയിരിക്കും സൈനിക സേവനം. ഇതിനു ശേഷം, മെറിറ്റും ഓർഗനൈസേഷണൽ ആവശ്യകതകളും അനുസരിച്ച് 25 ശതമാനം പേർക്ക് സ്ഥിരമായിട്ടുള്ള സേവനങ്ങളിൽ ചേരുന്നതിന് സ്വമേധയാ അപേക്ഷിക്കാം. സൈന്യത്തിൽ ചേരാനുള്ള പ്രായപരിധി 21 വയസിൽ നിന്ന് 23 വയസായി പുതുക്കി നിശ്ചയിച്ചിട്ടും ഉണ്ട്.

    'നിലവിലെ രീതി അനുസരിച്ച്, സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് 20 ആഴ്ച പരിശീലനം നൽകുന്നുണ്ട്. കപ്പലിൽ രണ്ടോ നാലോ ആഴ്ചത്തെ പരിശീലനമാണ് നൽകുന്നത്. തുടർന്ന് നാല്-അഞ്ച് മാസത്തെ ഫങ്ഷണൽ യോഗ്യതാ കോഴ്‌സിൽ പങ്കെടുക്കുകയും അതിനു ശേഷം കപ്പലുകളിലോ അന്തർവാഹിനികളിലോ ഓപ്പറേഷൻ യൂണിറ്റിലോ വിന്യസിക്കുകയും ചെയ്യുന്നു. അപ്പോളാണ് ജോലി പഠിക്കുന്നത്. ഈ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഇവർക്ക് ചുരുങ്ങിയത് ആറ് വർഷത്തിന് ശേഷമാണ് സംഭവിക്കുന്നത്'', ആർ ഹരികുമാർ പറഞ്ഞു.

    അ​ഗ്നിവീറുകളുടെ (Agniveers) കാര്യത്തിൽ സംഭവിക്കുന്നതെന്ത്?

    ''സൈന്യത്തിൽ ചേരുന്ന ഒരു അഗ്നിവീർ 20-ന് പകരം 16 ആഴ്ചത്തെ അടിസ്ഥാന പരിശീലനത്തിന് വിധേയനാകും. ചില അപ്രസക്തവും അനാവശ്യവുമായ പരിശീലന ഭാഗങ്ങൾ ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അടിസ്ഥാന പരിശീലനങ്ങൾനടത്തിയവരെ ജോലിയിൽ വിന്യസിക്കുകയും ചെയ്യും. അതിനുശേഷം അടുത്ത നാല് വർഷത്തേക്ക് അവർ സേനയുടെ ഭാ​ഗമാകും'', ആർ ഹരികുമാർ കൂട്ടിച്ചേർത്തു.

    നാല് വർഷങ്ങൾക്കു ശേഷം അ​ഗ്നിവീറുകളുടെ കരിയർ അവസരങ്ങൾ വിശാലമാകുകയാണ് ചെയ്യുകയെന്നും ആർ ഹരികുമാർ പറഞ്ഞു. ''എൻഡിആർഎഫ് (NDRF) അല്ലെങ്കിൽ സിആർപിഎഫ് (CRPF) മാത്രമല്ല, എല്ലാ അനുബന്ധ മേഖലകളും അവർക്കായി തുറന്നിരിക്കും. സാങ്കേതിക പരിജ്ഞാനം ഉള്ളവർക്ക് റേഡിയോ ഓപ്പറേറ്റർമാർ, ലോജിസ്റ്റിഷ്യൻമാർ, എയർക്രാഫ്റ്റ് ഹാൻഡ്‌ലർമാർ, മെക്കാനിക്‌സ് തുടങ്ങിയവ‌ ജോലികൾ ചെയ്യാൻ കഴിയും'', ആർ ഹരികുമാർ കൂട്ടിച്ചേർത്തു.

    തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ഭയത്തെക്കുറിച്ചും ഹരികുമാർ സംസാരിച്ചു. ''അ​ഗ്നിപഥ് സ്കീം അനുസരിച്ച് ആളുകൾക്ക് 17.5 വയസു മുതൽ സൈന്യത്തിൽ തേരാം. 22-ാം വയസിൽ പോകാം. എന്നാൽ അവർക്ക് തുടരാനുള്ള ഓപ്ഷനുമുണ്ട്. നിലവിൽ, എൻറോൾ ചെയ്ത നാവികർക്കും സൈനികർക്കും ആ ഓപ്ഷനില്ല. അവർ 15 മുതൽ 20 വർഷം വരെ ആ ജോലി ചെയ്യണം. സാധാരണഗതിയിൽ, ഞങ്ങൾ ഒരു വർഷത്തിൽ 5,000 മുതൽ 6,000 വരെ യുവാക്കളെയാണ് റിക്രൂട്ട് ചെയ്യുന്നത്. അ​ഗ്നിപഥ് സ്കീം നിലവിൽ വരുമ്പോൾ, പ്രതിവർഷം 18,000 മുതൽ 20,000 വരെ റിക്രൂട്ട്മെന്റുകൾ ഉണ്ടാകും. അതായത്, നിലവിലെ റിക്രൂട്ട്മെന്റിന്റെ നാലിരട്ടി. ഒരാൾക്ക് പകരം നാല് പേർക്ക് സൈന്യത്തിൽ ചേരാം. അവസരങ്ങൾ കൂടുതലായിരിക്കും'', നേവി ചീഫ് അഡ്മിറൽ കൂട്ടിച്ചേർത്തു.

    യുവാക്കളോട് ശാന്തരായിരിക്കാനും അ​ഗ്നിപഥ് പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയുടേയും ആവശ്യം ഇല്ലെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു.
    Published by:Sarath Mohanan
    First published: