• HOME
 • »
 • NEWS
 • »
 • india
 • »
 • Poisonous Toffees |ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു; ദുരൂഹത

Poisonous Toffees |ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു; ദുരൂഹത

മരണപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ സഹോദരങ്ങളാണ്. രാവിലെ അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ഇവരുടെ മുത്തശ്ശിക്ക് ലഭിക്കുകയായിരുന്നു....

 • Share this:
  ലഖ്‌നൗ: വിഷാംശമുള്ളതെന്ന് സംശയിക്കുന്ന മിഠായി കഴിച്ച് മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ (four children) മരിച്ചു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.

  മരണപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരന്‍ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

  മഞ്ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ചു മിഠായികളും കുറച്ച് നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ, മിഠായികള്‍ തന്റെ കൊച്ചുമക്കള്‍ക്കും സമീപത്തെ കുഞ്ഞിനും നല്‍കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി കുശിനഗര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു.


  മിഠായി കഴിച്ചതിനു പിന്നാലെ കുട്ടികള്‍ ബോധരഹിതരായി. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികള്‍ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറന്‍സിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാണ്ഡേ അറിയിച്ചു.

  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം അറിയിക്കുകയും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  Fire Accident| തെലങ്കാനയിലെ തടി ഗോഡൗണിൽ വൻ തീപിടിത്തം; 11 തൊഴിലാളികൾ മരിച്ചു

  ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ തടി ഗോഡൗണിലുണ്ടായ‌ വൻ തീപിടിത്തതില്‍. 11 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. ഭോയിഗുഡയിലാണ് സംഭവം. അപകടസമയത്ത് 12 തൊഴിലാളികൾ ഗോഡൗണിലുണ്ടായിരുന്നു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

  11 പേരുടെ മൃതദേഹങ്ങളും ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. തിരിച്ചറിയാനാകാത്ത വിധം ശരീരം കത്തിക്കരിഞ്ഞ നിലയിലാണ്. പുലർച്ചെയാണ് തീപിടിത്തമുണ്ടായെന്ന വിവരം അഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്. നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ''ഷോർട്ട് സർക്യൂട്ടാകാം അപകട കാരണം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്''- ഗാന്ധിനഗർ എസ് എച്ച് ഒ മോഹൻ റാവു പറഞ്ഞു.

  സെക്കന്തരാബാദിലെ ഭോയിഗുഡ തടി ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ മരിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപാ വീതം ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു.

  രാവിലെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമമാരംഭിച്ചു. 11 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. അന്വേഷണത്തിന് ശേഷമേ അപകട കാരണം വ്യക്തമാകൂ- ഹൈദരാബാദ് ജില്ലാ കളക്ടർ എൽ ശർമൻ പറഞ്ഞു.
  കൊല്ലപ്പെട്ട 11 പേരും ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്നു. അകത്തുകൂടിയുള്ള സ്പൈറൽ സ്റ്റെയർ കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ ഇവർക്ക് എളുപ്പത്തിൽ പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.


  Published by:Sarath Mohanan
  First published: