ഇന്റർഫേസ് /വാർത്ത /India / Financial Fraud | മൂന്ന് വർഷത്തിനിടെ സാമ്പത്തിക തട്ടിപ്പ് നേരിട്ടത് 42% ഇന്ത്യക്കാർ; പണം തിരികെ ലഭിച്ചത് 17% പേർക്ക്: സർവേ

Financial Fraud | മൂന്ന് വർഷത്തിനിടെ സാമ്പത്തിക തട്ടിപ്പ് നേരിട്ടത് 42% ഇന്ത്യക്കാർ; പണം തിരികെ ലഭിച്ചത് 17% പേർക്ക്: സർവേ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ബാങ്ക് അക്കൗണ്ട് തട്ടിപ്പ്, ഇ-കൊമേഴ്‌സ് തട്ടിപ്പുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ എന്നിവയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അധികവും

  • Share this:

പണമിടപാടുകൾക്കായി പലരുമിപ്പോൾ ഡിജിറ്റൽ സേവനങ്ങളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇതിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും (Financial Fraud) വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ലോക്കൽ സർക്കിൾസ് (Local Circles) എന്ന കമ്പനി ഇതേക്കുറിച്ച് ‌ഒരു സർവേ നടത്തിയിരുന്നു. തങ്ങളോ കുടുംബാം​ഗങ്ങളിൽ ആരെങ്കിലുമോ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സാമ്പത്തിക തട്ടിപ്പിന് ഇരകളായതായതാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം ഇന്ത്യക്കാരും പറഞ്ഞത്.

സർവേയിൽ പങ്കെടുത്ത 29 ശതമാനം പേരും തങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പിൻ നമ്പർ അടുത്ത കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കാറുണ്ടെന്ന് പറ‍ഞ്ഞു. 4 ശതമാനം പേരാണ് വീട്ടുജോലിക്കാരോടോ, ഓഫീസിലെ സഹപ്രവർത്തകരോടോ പിൻ നമ്പർ പങ്കുവെയ്ക്കാറുണ്ടെന്ന് പറഞ്ഞത്. 33 ശതമാനം പേർ അവരുടെ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, എടിഎം പാസ്‌വേഡുകൾ, ആധാർ, പാൻ നമ്പറുകൾ എന്നിവ ഇമെയിലിലോ കമ്പ്യൂട്ടറിലോ സേവ് ചെയ്ത് വെയ്ക്കാറുണ്ടെന്ന് പറഞ്ഞപ്പോൾ 11 ശതമാനം പേരാണ് ഈ വിവരങ്ങൾ തങ്ങളുടെ മൊബൈൽ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്.

ബാങ്ക് അക്കൗണ്ട് തട്ടിപ്പ്, ഇ-കൊമേഴ്‌സ് തട്ടിപ്പുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ എന്നിവയാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അധികവും.

2021 ഒക്ടോബറിൽ നടത്തിയ സർവേയിൽ ഇന്ത്യയിലെ 301 ജില്ലകളിൽ നിന്നായി ഏകദേശം 32,000 പേരാണ് പങ്കെടുത്തത്. 43 ശതമാനം പേർ ടയർ-1-പ്രദേശങ്ങളിൽ നിന്നും നിന്നും 30 ശതമാനം പേർ ടയർ-2-സ്ഥലങ്ങളിൽ നിന്നും 27 ശതമാനം പേർ ടയർ-3, 4, പ്രദേശങ്ങളിൽ നിന്നും ​ഗ്രാമപ്രദേശങ്ങളിൽ നിന്നും ഉള്ളവരായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി നേരിട്ട സാമ്പത്തിക തട്ടിപ്പുകൾ ഏതു വിധത്തിലായിരുന്നു എന്നായിരുന്നു സർവേയിലെ ഒരു ചോദ്യം. 29 ശതമാനം പേരും ബാങ്ക് അക്കൗണ്ട് തട്ടിപ്പ് എന്നാണ് മറുപടി നൽകിയത്. 24 ശതമാനം പേർ ഇ-കൊമേഴ്‌സ് സൈറ്റുകൾ വഴിയുള്ള തട്ടിപ്പിന് ഇരകളായതായി പറഞ്ഞപ്പോൾ 18 ശതമാനം പേരാണ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾക്ക് ഇരകളായത്. 12 ശതമാനം പേരാണ് മൊബൈൽ ആപ്പുകൾ വഴിയുള്ള തട്ടിപ്പിന് ഇരകളായത്. 8 ശതമാനം പേർ എടിഎം കാർഡ് തട്ടിപ്പുകൾക്കും, 6 ശതമാനം പേർ ഇൻഷുറൻസ് തട്ടിപ്പുകൾക്കും ഇരകളായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സാമ്പത്തിക തട്ടിപ്പ് നേരിട്ട കുടുംബങ്ങളിൽ 17 ശതമാനം പേർക്ക് മാത്രമാണ് പണം തിരികെ ലഭിച്ചത്.

ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നേരിട്ടാൽ തങ്ങളെ അറിയിക്കണമെന്ന് ആർബിഐ രാജ്യത്തെ പൗരൻമാർക്ക് നിർദേശം നൽകിയിരുന്നു. ഇമെയിൽ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ എന്നിവയിൽ ആൽഫ-ന്യൂമറിക് പാസ്‌വേഡ് ലോക്ക് ഉപയോഗിക്കണമെന്നും വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു. കൃത്യമായ ഇടവേളകളിൽ, ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്ന അക്കൗണ്ട് പാസ്‌വേഡുകൾ മാറ്റണമെന്നും വിദ​ഗ്ധർ പറയുന്നു.

Summary: 42 percent Indians underwent financial fraud in the past three years. Only 17 percent received their money back

First published:

Tags: Digital Tranfer, Financial fraud