• HOME
 • »
 • NEWS
 • »
 • india
 • »
 • PMRBP 2022 | ഇന്ത്യയിലെ 'പ്രായം കുറഞ്ഞ ബഹുഭാഷാ ഗായകനായ' അഞ്ച് വയസുകാരൻ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി

PMRBP 2022 | ഇന്ത്യയിലെ 'പ്രായം കുറഞ്ഞ ബഹുഭാഷാ ഗായകനായ' അഞ്ച് വയസുകാരൻ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംആര്‍ബിപി അവാർഡ് ജേതാക്കളുമായി വെര്‍ച്വലായി സംവദിക്കുകയും അവര്‍ക്ക് ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു

 • Share this:
  അര ഡസനിലധികം ഭാഷകളില്‍ ഗാനങ്ങൾ ആലപിക്കാൻ കഴിയുന്ന അസം (Assam) സ്വദേശിയായ അഞ്ച് വയസുകാരന്‍ ധൃതിഷ്മാന്‍ ചക്രവര്‍ത്തി (Dhritishman Chakraborty) പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം (PMRBP 2022) ഏറ്റുവാങ്ങിയിരിക്കുകയാണ്.

  ശിവസാഗര്‍ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ തിങ്കളാഴ്ചയാണ് അവാർഡ് (Award) വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മേഘ് നിധി ദഹല്‍, ധൃതിഷ്മാന്റെ മാതാപിതാക്കളായ ദേവ്ജിത്ത്, സോനം ചക്രവര്‍ത്തി എന്നിവരും പങ്കെടുത്തു. ബ്ലോക്ക് ചെയിന്‍ (Blockchain) സാങ്കേതികവിദ്യ മുഖേന അവാര്‍ഡ് നല്‍കുകയും സമ്മാനത്തുക കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

  പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംആര്‍ബിപി അവാർഡ് ജേതാക്കളുമായി വെര്‍ച്വലായി സംവദിക്കുകയും അവര്‍ക്ക് ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. രാജ്യത്തെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്താണ് പരിപാടി ഓണ്‍ലൈനായി സംഘടിപ്പിച്ചത്.

  ഇന്നൊവേഷൻ, അക്കാദമിക് നേട്ടങ്ങള്‍, കായികം, കല-സാംസ്‌കാരികം, സാമൂഹിക സേവനം, ധീരത എന്നിങ്ങനെ ആറ് മേഖലകളിലായി 14 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 29 കുട്ടികള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. ഓരോ വിജയിക്കും മെഡലും 1,00,000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം, ധൃതിഷ്മാന്‍ മൂന്നാം വയസ്സില്‍ തന്നെ 'ഏറ്റവും പ്രായം കുറഞ്ഞ ബഹുഭാഷാ ഗായകന്‍' ആയി. നിലവിൽ ആസാമീസ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, മറാത്തി, കന്നഡ, സംസ്‌കൃതം, സിംഹള തുടങ്ങിയ ഭാഷകളില്‍ പാടാന്‍ ഈ കൊച്ചുമിടുക്കന് കഴിയും.

  ഡ്രമ്മും ഉകുലേലയും വായിക്കാനും ധൃതിഷ്‌മാന് ഇഷ്ടമാണ്. ഇപ്പോള്‍ 5 വയസ് പ്രായമുള്ളപ്പോൾ തന്നെ 7-8 ഭാഷകളിലായി 70-ലധികം ഗാനങ്ങള്‍ അവന്‍ റെക്കോര്‍ഡു ചെയ്തു കഴിഞ്ഞു. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്തു. ധൃതിഷ്മാന് ഫേസ്ബുക്കില്‍ ഏകദേശം 13,100 ഫോളോവേഴ്സും യൂട്യൂബില്‍ 4,200 ഫോളോവേഴ്സും ഉണ്ട്.

  ധൃതിഷ്മാന്റെ ഒരു അസമീസ് ഗാനം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയും പങ്കുവെച്ചിരുന്നു. സുനിധി ചൗഹാന്‍, ഷാന്‍, ടോണി കക്കര്‍, സ്വാനന്ദ് കിര്‍കിരെ, ശാന്തനു മൊയ്ത്ര, ജീത് ഗാംഗുലി തുടങ്ങിയവരും ധൃതിഷ്മാന്റെ കഴിവിനെ അഭിനന്ദിച്ച മറ്റ് പ്രമുഖ വ്യക്തികളാണ്.

  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിക്കൊപ്പം ഒരു ടിവി ഷോയുടെ പ്രത്യേക എപ്പിസോഡില്‍ പങ്കെടുക്കാന്‍ ധൃതിഷ്മാന് ക്ഷണം ലഭിച്ചിരുന്നു. കൊല്‍ക്കത്തയിലെ രബീന്ദ്ര തീര്‍ത്ഥയില്‍ നടന്ന ഒരു തത്സമയ ഷോയില്‍ ധൃതിഷ്മാന്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കൂടാതെ ശങ്കര്‍ മഹാദേവന്‍ അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിക്കുകയും ചെയ്തു.

  ''കല-സാംസ്‌കാരിക രംഗത്തെ മികവിനും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹുഭാഷാ ഗായകനെന്ന നിലയിലും പ്രധാന മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2022 നേടിയ ധൃതിഷ്മാന്‍ നമുക്കെല്ലാവർക്കും അഭിമാനമാണ്. ധൃതിഷ്മാന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു'', മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.
  Published by:Karthika M
  First published: