ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ 50 കാരി 15 വയസുള്ള പെൺകുട്ടിയെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തി. മന്ദാഖൽ ഗ്രാമവാസിയായ പിത്താംബരി ദേവിയാണ് പെൺകുട്ടിയുടെ രക്ഷകയായി മാറിയത്. കന്നുകാലികളെ മേയ്ക്കാൻ ഗ്രാമത്തിന് സമീപത്തുള്ള വനാതിർത്തിയിലെത്തി മടങ്ങവെയാണ് പിത്താംബരി ദേവിയ്ക്കും ബന്ധുവായ പെൺകുട്ടിക്കുമെതിരെ പുലി ചാടിവീണത്. “ഉച്ചയോടെ, ഞാനും ബന്ധുവായ പെൺകുട്ടിയും വീട്ടിലേക്കുള്ള യാത്രാമധ്യേ അപരിചിതമായ ഒരു ശബ്ദം കേട്ടു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, ഒരു
പുള്ളിപ്പുലി പെൺകുട്ടിയുടെ കഴുത്തിൽ പിടിച്ച് കാട്ടിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. പെട്ടെന്ന് ഞാൻ എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചുപോയി. ”അവർ ന്യൂസ് 18 നോട് പറഞ്ഞു.
“പുള്ളിപ്പുലിയെ എങ്ങനെ മറികടക്കുമെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ കൈയിൽ ഒരു വടി കിട്ടി. അതുമായി ഞാൻ അലറിക്കൊണ്ട് പുള്ളിപ്പുലിയുടെ അടുത്തേക്ക് ഓടി, ”അവർ പറഞ്ഞു.
“എന്നാൽ എന്റെ നിലവിളി ആ പുലിയെ ഭയപ്പെടുത്തിയില്ല. എന്നാൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ അലറിക്കൊണ്ട് പുലിയെ കുറേ തവണ വടികൊണ്ട് അടിച്ചു. ഇതോടെയാണ് പുള്ളിപ്പുലി പെൺകുട്ടിയെ ഉപേക്ഷിച്ചു വനത്തിലേക്ക് ഓടി മറഞ്ഞത്,” അവർ കൂട്ടിച്ചേർത്തു. പുലിയുടെ ആക്രമണത്തിൽ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ ശ്രീനഗർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതേസമയം,
പുള്ളിപ്പുലിയെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് വനം ഉദ്യോഗസ്ഥൻ അനിൽ ഭട്ട് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്ത് വർദ്ധിച്ചിട്ടുണ്ട്. സമീപകാലത്ത് മലയോര സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൈനിറ്റൽ ജില്ലയിലെ ഒഖാൽകണ്ട പ്രദേശത്ത് ശനിയാഴ്ച രാത്രി 45 കാരിയായ സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊലപ്പെടുത്തി. അതേ പരിസരത്ത്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് കൌമാരക്കാർ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.
പിതോറഗഢ് ജില്ലയിലെ ഗ്രാമങ്ങളിലും പുള്ളിപ്പുലി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നരഭോദിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു പുള്ളിപ്പുലിയെ വനംവകുപ്പിൽ നിന്ന് ഉത്തരവ് പ്രകാരം വേട്ടക്കാരുടെ സംഘം വെടിവച്ചു കൊന്നു. എന്നിരുന്നാലും, നരഭോജിയായ പുലിയെ തന്നെയാണോ കൊലപ്പെടുത്തിയതെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.