ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ 63.3 ശതമാനം പോളിങ്. ഡൽഹിയിൽ 60 ശതമാനവും ഉത്തർപ്രദേശിൽ 54 ശതമാനവും വോട്ടുകൾ പോൾ ചെയ്തതായാണ് ഏകദേശ കണക്ക്. 59 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബംഗാളിൽ ഒഴികെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗാളിൽ പരക്കെ അക്രമമുണ്ടായി. ബിജെപി പോളിങ് ഏജൻറ് കൊല്ലപ്പെട്ടു.
ആറാം ഘട്ടത്തിൽ ഹിന്ദി ഹൃദയ ഭൂമിക്ക് പുറത്ത് ശ്രദ്ധേയമായ വിധിയെഴുത്ത് നടന്നത് പശ്ചിമബംഗാളിലാണ്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലേതു പോലെ ഇത്തവണയും ബംഗാളിൽ വ്യാപകമായ അക്രമസംഭവങ്ങളുണ്ടായി. ത്സാർ ഗ്രാമിലാണ് ബിജെപി പോളിങ് ഏജന്റ് രമൺ സിംഗ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇയാൾ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരിച്ചതെന്നാണ് തൃണമൂലിന്റെ മറുപടി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിങ് ഓഫീസറോട് റിപ്പോർട്ട് തേടി.
12 ഇടങ്ങളിൽ ബിജെപി തുണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. ഘട്ടൽ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി മുൻ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ഘോഷിന് നേരെ തൃണമൂൽ ആക്രമണമുണ്ടായി. തെക്കൻ ബംഗാളിലെ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സി പി എമ്മിന്റെ പതനത്തിന് വഴിയൊരുക്കിയ നന്ദിഗ്രാം ഉൾപ്പെടുന്ന താംലൂക്ക്, നക്സൽ സ്വാധീന പ്രദേശമായ പുരുലിയ, പട്ടിക വിഭാഗ മേഖലയായ ബങ്കുറ ഉൾപ്പെടെ 8 മണ്ഡലങ്ങളാണ് വിധി എഴുതിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.