സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ് (CSS), സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസ് (CSSS) എന്നിവയ്ക്ക് കീഴിൽ സഹകരണ മന്ത്രാലയത്തിനായി (Ministry of Cooperation) 64 പുതിയ തസ്തികകൾ സൃഷ്ടിച്ചതായി കേന്ദ്ര സർക്കാർ (Central Government) ബുധനാഴ്ച അറിയിച്ചു.
'സഹകർ സേ സമൃദ്ധി' എന്ന കാഴ്ചപ്പാട് യാഥാർഥ്യവൽക്കരിക്കുന്നതിനായി ഈ വർഷം ജൂലൈ 6 നാണ് കേന്ദ്രസർക്കാർ പ്രത്യേകമായി 'സഹകരണ മന്ത്രാലയം' രൂപീകരിച്ചത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഭരണപരവും നിയമപരവും നയപരവുമായ പ്രത്യേക ചട്ടക്കൂട് സൃഷ്ടിക്കുന്നതാണ് പുതിയ മന്ത്രാലയം.
പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ച് സെൻട്രൽ സെക്രട്ടറിയേറ്റ് സർവീസിന് കീഴിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ മൂന്ന് തസ്തികകളും അണ്ടർസെക്രട്ടറിയുടെ 10 തസ്തികകളും സെക്ഷൻ ഓഫീസർമാരുടെ എട്ട് തസ്തികകളും അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരുടെ 15 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസിന് കീഴിൽ മറ്റു ജീവനക്കാരുടെ 28 തസ്തികകളും സൃഷ്ടിച്ചു.
Also Read- UNICEF Day 2021 | ഇന്ന് യൂനിസെഫ് ദിനം; കുട്ടികളുടെ നല്ല നാളേയ്ക്കായി കൂട്ടായി പ്രവർത്തിക്കാം
"പിഎസ്ഓയുടെ സ്ഥാനത്ത് സീനിയർ പിപിഎസ് തലത്തിൽ പ്രവർത്തിക്കുന്ന ഒരു അധിക തസ്തിക എക്സ്പെൻഡിച്ചർ വകുപ്പിന്റെ അംഗീകാരത്തിന് ശേഷമാണ് പ്രവർത്തനക്ഷമമാകുക. സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റെനോഗ്രാഫേഴ്സ് സർവീസിന് കീഴിലെ പിപിഎസ്-3, പിഎസ്-6, പിഎ-14 എന്നീ തസ്തികകൾ, അവയുടെ വേതനനില സിഎസ്എസ്എസിലെ സമാനമായ തസ്തികകളുടേതിന് സമാനമായ നിലയിൽ അപ്ഗ്രേഡ് ചെയ്യുന്നതിന് കൃഷി, കർഷക ക്ഷേമ വകുപ്പ് നൽകിയനിർദ്ദേശം എക്സ്പെൻഡിച്ചർ വകുപ്പ് അംഗീകരിച്ചതിന് ശേഷം പ്രവർത്തനക്ഷമമാകും", ഉത്തരവിൽ പറയുന്നു.
പുതിയ തസ്തികകൾ സൃഷ്ടിച്ചതിന് ശേഷം കൃഷി, കർഷക ക്ഷേമ വകുപ്പിലെ ജീവനക്കാരുടെ അംഗസംഖ്യ 687 ഉം സഹകരണ മന്ത്രാലയത്തിലേത് 79 ഉം ആയി മാറും.
സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വരെ വ്യാപിക്കുന്ന ശരിയായ ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാക്കി സഹകരണസംഘങ്ങളെ മാറ്റാൻ സഹകരണ മന്ത്രാലയം ലക്ഷ്യമിടുന്നു. "നമ്മുടെ രാജ്യത്ത്, ഓരോ അംഗവും ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ അധിഷ്ഠിതമായ സാമ്പത്തിക വികസന മാതൃകയ്ക്ക് വലിയ പ്രസക്തിയുണ്ട്. സഹകരണ സ്ഥാപനങ്ങൾക്ക് ലളിതമായും എളുപ്പത്തിലും ബിസിനസ് നടത്താനുള്ള പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി മന്ത്രാലയം പ്രവർത്തിക്കും", പ്രസ്തുത മന്ത്രാലയം രൂപീകരിക്കുമ്പോൾ സർക്കാർ പറഞ്ഞു.
കമ്മ്യൂണിറ്റി അധിഷ്ഠിത വികസന പങ്കാളിത്തത്തിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയാണ് കേന്ദ്ര സർക്കാർ പ്രകടമാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. "ബജറ്റിലെ ധനകാര്യ മന്ത്രിയുടെ പ്രഖ്യാപനം സഹകരണ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിലൂടെ സർക്കാർ നിറവേറ്റുകയാണ്", കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Cooperative ministry