നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • എഴുപതുകാരന്‍ ഭാര്യയെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാന്‍ നാലു കിലോമീറ്റർ നടന്നു; എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല

    എഴുപതുകാരന്‍ ഭാര്യയെ തോളിലേറ്റി ആശുപത്രിയിലെത്തിക്കാന്‍ നാലു കിലോമീറ്റർ നടന്നു; എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല

    ഭാര്യയെ തോളിലേറ്റി നന്ദൂര്‍ബാര്‍ ജില്ലാ ആശുപത്രിയിലേക്ക് നാല് കിലോമീറ്ററോളമാണ് അദല്യ നടന്നത്.

    • Share this:
      മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ചന്ദസയ്‌ലി ഘട്ട് ഗ്രാമത്തില്‍ ബുധനാഴ്ച വളരെ ദു:ഖകരമായ ഒരു സംഭവം നടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്ര കനത്ത മഴയുടെ പിടിയിലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാക്ഷ്യം വഹിക്കുകയാണ്. സത്പുര മലനിര പ്രദേശങ്ങളില്‍ മഴയും മണ്ണിടിച്ചിലും കാരണം റോഡുകള്‍ അടച്ചതിനാല്‍, ഒരു വൃദ്ധന് തന്റെ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ തോളില്‍ ചുമന്ന് കാല്‍നടയായി നടക്കേണ്ടി വന്നത് നാല് കിലോമീറ്റര്‍ ആണ്. എന്നിട്ടും വഴിയില്‍ വച്ച് ആ വൃദ്ധന്റെ ഭാര്യ മരണപ്പെട്ടു.

      ചന്ദസയ്‌ലി ഘട്ടില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രധാന റോഡുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഈ സമയത്താണ് പ്രദേശത്തെ 70 വയസ്സുള്ള അദല്യ പദ്വിയുടെ 65 വയസ്സുള്ള ഭാര്യ സിഡ്‌ലിഭായിയുടെ ആരോഗ്യനില വഷളായത്. അവര്‍ക്ക് കടുത്ത പനിയായിരുന്നുവെന്ന് പറയപ്പെടുന്നു. റോഡ് അടഞ്ഞതിനാല്‍ ഒരു വാഹനവും ഗ്രാമത്തിലെത്താന്‍ കഴിഞ്ഞില്ല. സിഡ്‌ലിഭായിയുടെ അവസ്ഥ വഷളായിക്കൊണ്ടിരുന്ന ആ സാഹചര്യത്തില്‍, ഭാര്യയെ തോളിലേറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അദല്യ തീരുമാനിക്കുകയായിരുന്നു.

      ഭാര്യയെ തോളിലേറ്റി നന്ദൂര്‍ബാര്‍ ജില്ലാ ആശുപത്രിയിലേക്ക് നാല് കിലോമീറ്ററോളമാണ് അദല്യ നടന്നത്. തന്റെ ആരോഗ്യ സ്ഥിതിയും പ്രായവും അവഗണിച്ച് അദ്ദേഹം വഴിയില്‍ നിന്നും ഇരുന്നും ഒടുവില്‍ ഭാര്യയെ ആശുപത്രിയിലെത്തിച്ചു. പക്ഷെ തന്റെ ശ്രമം പരാജയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അറിഞ്ഞത് അവിടെ എത്തിയപ്പോഴായിരുന്നു. കടുത്ത പനി കാരണം വഴിമധ്യേതന്നെ സിഡ്‌ലിഭായി മരിച്ചുവെന്ന് അദല്യയോട് ഡോക്ടര്‍ പറഞ്ഞു.

      ചന്ദസയ്‌ലി ഗ്രാമത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ അതീവദു:ഖത്തിലാണ്. പ്രധാനപ്പെട്ട മറ്റൊരുകാര്യം സംസ്ഥാന ആദിവാസി വികസന മന്ത്രി കെ സി പദ്വിയും ഈ ഗ്രാമത്തില്‍ നിന്നാണ് വരുന്നത് എന്നതാണ്. ഈ ഭാഗത്ത് റോഡുകളോ മറ്റ് വികസനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ വിമര്‍ശനമാണ് മന്ത്രി നേരിടുന്നത്.

      മിക്കവാറും എല്ലാ വര്‍ഷവും ചന്ദസയ്‌ലി ഘട്ടിലെ മണ്ണിടിച്ചില്‍ മൂലം റോഡ് അടയ്ക്കുകയും ആയിരക്കണക്കിന് ആദിവാസികള്‍ അവരുടെ ഗ്രാമങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങി കിടക്കേണ്ട അവസ്ഥകള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ചന്ദസയ്‌ലി ഗ്രാമത്തില്‍ ആരോഗ്യ സൗകര്യങ്ങളില്ല. അതുകൊണ്ട് ആളുകള്‍ ചികിത്സയ്ക്കായി നന്ദൂര്‍ബാര്‍, തലോഡ, ധഡ്ഗാവ് എന്നിവിടങ്ങളിലേക്കാണ് പോകുക. റോഡ് അടച്ചാല്‍ പിന്നെ ഗ്രാമത്തിന് പുറം ലോകവുമായിട്ടുള്ള ഗതാഗത സൗകര്യങ്ങളും മറ്റും ഇല്ലാതാവും.

      ധഡ്ഗാവില്‍ 132 കെവി സബ് സ്റ്റേഷനായി ഒരു ടവര്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണത്തിന് മുമ്പായി അവിടുത്തെ പാറകള്‍ പൊട്ടിച്ചുമാറ്റാന്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ഇതിനാലാണ് ഇവിടുത്തെ പര്‍വതങ്ങള്‍ ദുര്‍ബലമാവുകയും ചെറിയ മഴയില്‍ പോലും അവ തകര്‍ന്ന് മണ്ണിടിച്ചിലിനും മറ്റും കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

      നിയമങ്ങള്‍ അനുസരിച്ച്, സ്ഫോടനം നടത്തുന്നതിന് മുമ്പ് പ്രദേശത്തെ റോഡരികിലെ കുന്നുകള്‍ ഇരുമ്പ് വലകള്‍ കൊണ്ട് മൂടിയിരിക്കണം. എന്നാല്‍ ധഡ്ഗാവിലെ കരാറുകാരന്‍ അത്തരം മുന്‍കരുതലുകളൊന്നും എടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

      മലയോര മേഖലയായ ചന്ദസയ്‌ലി ഗ്രാമത്തിലേക്കുള്ള മിനി ബസ് സര്‍വീസുകള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. സത്പുര മലനിരകളിലെ റോഡുകളുടെ മോശം അവസ്ഥ കാരണമുള്ള അപകടങ്ങളും മരണങ്ങളും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
      Published by:Jayashankar AV
      First published:
      )}