മോദി സർക്കാർ (Modi Government) 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് ബിജെപി (BJP). മെയ് 26 നാണ് സർക്കാരിന്റെ എട്ടാം വാർഷികം. സർക്കാരിന്റെ നേട്ടങ്ങളും പ്രകടന വിശദാംശങ്ങളും എങ്ങനെ ഫലപ്രദമായി അവതരിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങൾ മെനയാൻ മുതിർന്ന നേതാക്കളുടെ ഒരു സംഘം രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ജോയിന്റ് ജനറൽ സെക്രട്ടറി ശിവപ്രകാശ് എന്നിവർ ഉൾപ്പെട്ടതാണ് സംഘം. സർക്കാരിന്റെ നേട്ടങ്ങളും നിറവേറ്റിയ വാഗ്ദാനങ്ങളും ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിൽ സെക്ഷൻ 370 റദ്ദാക്കിയത്, സ്മാർട്ട് സിറ്റികളും അവയുടെ വികസനവും, നദികൾ ശുദ്ധീകരിക്കുന്നതിനായി കൊണ്ടുവന്ന നമാമി ഗംഗ പദ്ധതി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചത്, തുടങ്ങിയ കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.
“പകർച്ചവ്യാധിയുടെ സമയത്ത് പ്രതിപക്ഷം ജനങ്ങളുടെ മനോവീര്യം കുറച്ചപ്പോൾ ആളുകൾ അതിനെ അതിജീവിക്കുന്നുവെന്നും പട്ടിണികൊണ്ട് മരിക്കുന്നില്ല എന്നും ഉറപ്പാക്കി ലോകത്തിനു തന്നെ പ്രധാനമന്ത്രി മോദി ഒരു മാതൃകയായി. വാക്സിനേഷൻ മുതൽ റേഷൻ വരെ എല്ലാം ശ്രദ്ധിച്ചു”, പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞു.
ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലേക്ക് കണ്ണു നട്ട് ബിജെപിസർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പദ്ധതികൾ രൂപീകരിക്കുന്നതിനൊടൊപ്പം തന്നെ ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി തന്ത്രങ്ങളും മെനയുകയാണ് ബിജെപി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നേട്ടം ഇവിടെയും ആവർത്തിക്കാൻ അരയും തലയും മുറുക്കി സജ്ജമാകുകയാണ് പാർട്ടി. ഏപ്രിൽ 20ന് ഷിംലയിൽ നടക്കുന്ന ബിജെപിയുടെ പട്ടികജാതി മോർച്ചാ യോഗത്തിൽ ( Scheduled Caste Morcha meet) വെച്ച് ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ചുമതലകൾ സംബന്ധിച്ച് തീരുമാനമുണ്ടാകും.
''നൂറിലധികം പട്ടികജാതി വോട്ടർമാരുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങൾക്കായി ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കും. പാർട്ടി അവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് എസ്സി മോർച്ചയുടെ ഉത്തരവാദിത്തമാണ്,” പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.
ബിജെപിയുടെ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംബന്ധിച്ചും എസ്സി മോർച്ചയിൽ തീരുമാനം ഉണ്ടാകും.
2019 മെയ് 30 നായിരുന്നു രണ്ടാം മോദി സര്ക്കാര് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജവഹർലാൽ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഭൂരിപക്ഷം വർദ്ധിപ്പിച്ച് തുടർഭരണത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രി എന്ന റെക്കോർഡും മോദിക്കുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ ജനോപകാര പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഏകദേശം 91 ലക്ഷം കോടി രൂപ ചെലവഴിച്ചെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ട്വീറ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.