• HOME
  • »
  • NEWS
  • »
  • india
  • »
  • Citizenship | പൗരത്വത്തെ ചൊല്ലി മകൻ ആത്മഹത്യ ചെയ്തു; 10 വർഷത്തിന് ശേഷം 83കാരിയെ ഇന്ത്യൻ പൗരയായി അംഗീകരിച്ചു

Citizenship | പൗരത്വത്തെ ചൊല്ലി മകൻ ആത്മഹത്യ ചെയ്തു; 10 വർഷത്തിന് ശേഷം 83കാരിയെ ഇന്ത്യൻ പൗരയായി അംഗീകരിച്ചു

2014-ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിൽ അർജുന്റെ ആത്മഹത്യയെ ഉയർത്തിക്കാട്ടിയിരുന്നു.

  • Share this:
    ഇന്ത്യൻ പൗരത്വം ( Indian citizenship) തെളിയിക്കാനുള്ള എൺപത്തിമൂന്നുകാരിയുടെ നീണ്ട പോരാട്ടം ഒടുവിൽ വിജയം കണ്ടു. ഇരുപത്തി രണ്ട് വർഷം മുമ്പ് പൗരത്വം ചോദ്യം ചെയ്യപ്പെട്ട അസമിലെ കച്ചാർ ജില്ലയിൽ താമസിക്കുന്ന അകോൽ റാണി നാമസൂദ്രയെ (Akol Rani Namasudra) അവസാനം ഇന്ത്യൻ പൗരയായി ഫോറിനേഴ്‌സ് ട്രിബ്യൂണൽ (Foreigner's Tribunal) അംഗീകരിച്ചു. പൗരത്വം സാധൂകരിക്കുന്ന രേഖകൾ നൽകാൻ കഴിഞ്ഞതിനെത്തുടർന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണൽ (എഫ്‌ടി) ബുധനാഴ്ച ഇവരെ ഇന്ത്യൻ പൗരയായി പ്രഖ്യാപിക്കുകയായിരുന്നു. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഫോറിനേഴ്‌സ് ട്രിബ്യൂണൽ (എഫ്‌ടി) ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. 1971 ന് ശേഷം ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് 2000-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അകോൽ റാണി നാമസൂദ്രയ്ക്ക് എഫ്ടി നോട്ടീസ് നൽകിയത്. സമാനമായ ഒരു നോട്ടീസിന്റെ പേരിൽ അകോൾ റാണി നാമസൂദ്രയുടെ മകൻ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെട്ടതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പൗരത്വ പ്രഖ്യാപനം വരുന്നത്.

    പൗരത്വം തെളിയിക്കാൻ ഫോറിനേഴ്‌സ് ട്രിബ്യൂണലിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് 2012ൽ ആണ് അകോൽ റാണിയുടെ 40 വയസ്സുള്ള മകൻ അർജുൻ നാമസൂദ്ര ആത്മഹത്യ ചെയ്തത്. ജയിലിൽ ആകുമോ എന്ന ഭയത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. 2012-ൽ അകോലിന്റെ മകൾ അഞ്ജലിക്കും നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് അയക്കുമെന്ന ഭയത്താലാണ് അർജുൻ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. ഒരു വർഷത്തിനുശേഷം, കുടുംബം കോടതിയിൽ ഹാജരാകുകയും 2013-ൽ അദ്ദേഹത്തെ 'ഇന്ത്യൻ പൗരനായി ' പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം അഞ്ജലിയെയും ട്രിബ്യൂണൽ ഇന്ത്യക്കാരിയായി പ്രഖ്യാപിച്ചിരുന്നു.

    2014-ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിൽ അർജുന്റെ ആത്മഹത്യയെ ഉയർത്തിക്കാട്ടിയിരുന്നു. അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന നരേന്ദ്ര മോദി ഈ ദുരന്തത്തെക്കുറിച്ച് പരാമർശിച്ചതിനെ തുടർന്നായിരുന്നു ഇത്.
    അർജുൻ നാമസൂദ്രയുടെ മരണം പ്രധാനമന്ത്രി തന്നെ അംഗീകരിച്ചിട്ടും, സിൽച്ചാറിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ താമസിക്കുന്ന അകോൽ റാണിയ്ക്ക് ഫെബ്രുവരിയിൽ ട്രിബ്യൂണൽ സമൻസ് അയച്ചു. 22 വർഷം മുമ്പാണ് അകോൽ റാണിയുടെ പൗരത്വം അസം അതിർത്തി പൊലീസ് ആദ്യം ചോദ്യം ചെയ്തത്. എന്നാൽ തന്റെ പൗരത്വം സാധൂകരിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാൻ അകോൽ റാണിയ്ക്ക് കഴിഞ്ഞു. 1965, 1970 വർഷങ്ങളിലെ വോട്ടർ പട്ടിക, അസമിൽ തിരഞ്ഞെടുപ്പ് നടന്ന എല്ലാ വർഷങ്ങളിലെയും വോട്ടർ പട്ടിക ഉൾപ്പെടെ നിരവധി രേഖകൾ അവർ നൽകി.ഇതേ തുടർന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണൽ ബുധനാഴ്ച ഇവരെ ഇന്ത്യൻ പൗരയായി പ്രഖ്യാപിക്കുകയായിരുന്നു.
    2019 ഓഗസ്റ്റ് 31ന് അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ഒരു പട്ടികയായ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (NRC) പുറത്തിറക്കിയിരുന്നു. എന്നാൽ അസമിൽ താമസിക്കുന്ന 19 ലക്ഷം പേരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
    Published by:Sarath Mohanan
    First published: