പ്രായാഗ് രാജ്: ശനിയാഴ്ച രാത്രി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മുൻ എംപി ആതിഖ് അഹമ്മദിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് വെടിയുണ്ടകൾ. സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളും പുറത്തെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വെടിയേറ്റതിന്റെ വിശദാംശങ്ങൾ വ്യക്തമായത്.
ആതിഖിന്റെ തലയിലാണ് ഒരു വെടിയേറ്റത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ്. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. നടപടികൾ ക്യാമറയിൽ പകർത്തിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയാണ് ഇരുവരുടെയും മൃതദേഹം സംസ്കരിച്ചത്. പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദിനെ സംസ്കരിച്ച ശ്മശാനത്തിൽ തന്നെയാണ് ആതിഖിനെയും സംസ്കരിച്ചത്.
ആതിഖിന്റേയും സഹോദരന്റെയും കൊലപാതകത്തിൽ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രിംകോടതിയിൽ ഹർജി ഫയൽ ചെയ്തു. 2017 മുതൽ ഉത്തർപ്രദേശിൽ നടന്ന 183 ഏറ്റുമുട്ടലുകളിലും വിദഗ്‌ധ സമിതിയുടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
Also Read- ആതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും മൃതദേഹങ്ങൾ ഖബറടക്കി
അതേസമയം ആതിഖിന്റേയും സഹോദരന്റേയും കൊലപാതകത്തിൽ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും പ്രതാപ്‌ഗഢ് ജില്ലാ ജയിലിലേക്ക് മാറ്റി. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ തുടരുകയാണ്.
Also Read- അതിഖ് അഹമ്മദിന്‍റെ കൊലപാതകം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യം ഉയര്‍ത്തുന്നു; ഒവൈസി കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് പൊലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സുതാര്യമായ അന്വേഷണവും സമയബന്ധിതമായ നടപടിയും ഉറപ്പാക്കുന്നതിനായി മൂന്നംഗ മേൽനോട്ട സംഘത്തേയും രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ്‌രാജ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആണ് ഈ സംഘത്തിന് നേതൃത്വം നൽകുന്നത്. പ്രയാഗ്‌രാജ് പോലീസ് കമ്മീഷണറും ലഖ്‌നൗവിലെ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടറുമാണ് മേൽനോട്ട സമിതിയിലെ മറ്റ് അംഗങ്ങൾ.
പൊലീസ് വലയത്തിൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അക്രമികൾ സഹോദരങ്ങൾക്കു നേരെ വെടിയുതിർത്തത്. രണ്ടാഴ്ച്ചയ്ക്കിടയിൽ രണ്ടാം തവണയാണ് ആതിഖിനേയും അഷ്റഫിനേയും പ്രയാഗ് രാജിൽ കോടതിക്കു മുന്നിൽ ഹാജരാക്കാൻ എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gang leader, Uttar Pradesh, Yogi adithyanadh