വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യക്കാരും ഇന്ത്യയിലെ (India) യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി (Union parliamentary affairs minister) പ്രഹ്ളാദ് ജോഷി. യുക്രൈനിൽ (Ukraine) കുടുങ്ങിയ ഇന്ത്യൻ വിദ്യർത്ഥികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്. വിദേശത്ത് എംബിബിഎസ് (MBBS) പഠിക്കുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രവർത്തിക്കാൻ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (FMGE)പാസാകണമെന്നത് നിർബന്ധമാണ്. "വിദ്യാർത്ഥികൾ എന്തുകൊണ്ടാണ് വിദേശത്ത് മെഡിസിൻ പഠിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത് ശരിയായ സമയമല്ലെന്നും" അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേ അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ചില രാജ്യങ്ങളിൽ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ ചെലവിൽ എംബിബിഎസ് ബിരുദം നേടാമെന്നതാണ് ഇതിന് ഒരു പ്രധാന കാരണം. എന്നാൽ, പരിമിതമായ സീറ്റുകൾക്കായി കടുത്ത മത്സരം നടക്കുന്ന ഇന്ത്യയെ അപേക്ഷിച്ച് വിദേശത്തുള്ള മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നത് എളുപ്പമാണ് എന്നതും വസ്തുതയാണ്.
യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശത്തെ അപലപിച്ചുകൊണ്ടുള്ള യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കിടുന്ന അത്തരം വീഡിയോകൾ സർക്കാർ ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. യുദ്ധഭൂമിയിൽ വിദ്യാർത്ഥികൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഖാർകിവിലും കീവിലും ഭക്ഷണവും വെള്ളവും വരെ ലഭിക്കാത്ത സാഹചര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ, റഷ്യ സർക്കാരുകളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാ വിദ്യാർത്ഥികളെയും ഉടൻ നാട്ടിലേക്ക് തിരികെ കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രെയ്‌നിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടി രാഷ്ട്രീയവത്കരിക്കരുതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭ്യർത്ഥന അറിയിച്ചത്. യുദ്ധമെന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ അനാവശ്യമായി സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് വളരെ മോശമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോകൾ ഞാൻ കാണുന്നുണ്ട്. അവരുടെ ദുരവസ്ഥ കാണുക എന്നുള്ളത് ഹൃദയഭേദകമാണ്. എംബസികളിലേക്ക് നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഉടനെ തന്നെ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.