ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വൻ തിരിച്ചടിയായി ബരാക്പൂർ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാ അംഗം അർജുൻ സിംഗ് ഞായറാഴ്ച തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നു. കൊൽക്കത്തയിലെ കാമാക് സ്ട്രീറ്റിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ പാർട്ടി എംപി അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അർജുൻ സിംഗ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. മുമ്പ് ടിഎംസിയുടെ സിറ്റിംഗ് എംഎൽഎയായിരുന്ന അർജുൻ സിംഗ്, 2019 മാർച്ച് 14 ന് ബിജെപിയിൽ ചേരുകയായിരുന്നു. തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പശ്ചിമ ബംഗാളിന് പുറത്ത് സ്വാധീനം വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ അർജുൻ സിങ്ങിന് 'പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ' ലഭിക്കുമെന്നാണ് വിവരം. അദ്ദേഹത്തിന് ബിഹാറിന്റെ ചുമതല നൽകാനും നാളെ തന്നെ പട്‌നയിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് തൃണമൂലുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് ചില പോരായ്മകളുണ്ടെന്ന് പാർട്ടി വിടുന്നതിന് മുമ്പ് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ സിങ് പറഞ്ഞിരുന്നു. തൊഴിൽ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ സംസ്ഥാന മന്ത്രിയെ കാണാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന സൂചന നൽകിയിരുന്നില്ല. തൊട്ടുപിന്നാലെയാണ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അർജുൻ സിങ് ബിജെപി വിട്ടത്.
ദിവസങ്ങൾക്ക് മുമ്പ്, സ്വതന്ത്രമായി പ്രവർത്തിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന് അവകാശപ്പെട്ടതിനെ തുടർന്ന് പശ്ചിമ ബംഗാൾ ബിജെപിയുമായുള്ള ഭിന്നത അർജുൻ സിംഗ് പരസ്യമാക്കിയിരുന്നു. സംസ്ഥാന ഘടകത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒരിക്കൽ മമത ബാനർജി സർക്കാരിന്റെ കടുത്ത വിമർശകനായിരുന്ന അർജുൻ സിങ്ങിന്റെ വസതിയിൽ നിരവധി തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് വീടിന് നേരെ ബോംബേറും ഉണ്ടായി. 2021 സെപ്തംബർ 8 ന്, ജഗദ്ദലിലെ അദ്ദേഹത്തിന്റെ 'മജ്ദൂർ ഭവന്' പുറത്ത് 6-6.30 AM ന് മൂന്ന് ബോംബുകൾ എറിഞ്ഞു. തൃണമൂൽ കോൺഗ്രസ് തന്നെ വധിക്കാൻ പദ്ധതിയിടുകയാണെന്ന് അന്ന് ബിജെപി നേതാവായിരുന്നു അർജുൻ സിംഗ് ആരോപിച്ചിരുന്നു. ആഴ്‌ചകൾക്ക് മുമ്പ്, 2022 മെയ് മാസത്തിലും അദ്ദേഹത്തിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആ സംഭവത്തിൽ ഒരു പ്രാദേശിക ടിഎംസി കൗൺസിലർക്ക് പങ്കുണ്ടെന്ന് അർജുൻ സിംഗ് ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിനെ 'മറ്റൊരു പാകിസ്ഥാൻ' ആക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് അർജുൻ സിംഗ് നിരവധി തവണ മമത ബാനർജിക്കെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, TMC, West bengal