• HOME
  • »
  • NEWS
  • »
  • india
  • »
  • ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ ബെൽറ്റ് കൊണ്ടടിച്ചു; തല മൊട്ടയടിച്ചു; താടിയും മീശയും വെട്ടി

ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ ബെൽറ്റ് കൊണ്ടടിച്ചു; തല മൊട്ടയടിച്ചു; താടിയും മീശയും വെട്ടി

പ്രാദേശിക നേതാവിന്റെ മണൽ ലോറി തടഞ്ഞതിനാണ് പൊലീസ് ക്രൂര ശിക്ഷ നടപ്പാക്കിയത്.

News18 Malayalam

News18 Malayalam

  • Share this:
    എം. ബാലകൃഷ്ണ

    ഹൈദരാബാദ്: ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ പീഡനം. ബെൽറ്റ് കൊണ്ട് അടിച്ച് അവശനാക്കിയതിന് ശേഷം തല മൊട്ടയടിക്കുകയും മീശയും താടിയും വെട്ടുകയും ചെയ്തതാണ് പരാതി. ആന്ധാപ്രദേശ് കിഴക്കൻ ഗോദാവരി ജില്ലയിലെ സീതാനഗരം പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവുമായി വഴക്കിട്ടതിനാണ് പൊലീസ് യുവാവിന് ക്രൂര ശിക്ഷ നടപ്പാക്കിയത്. മർദനമേറ്റ പ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐയെയും ഒരു കോൺസ്റ്റബിളിനെയും സസ്പെന്റ് ചെയ്തു. അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.

    മണൽലോറി തടഞ്ഞതിന് പ്രസാദിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രാദേശിക വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവിന്റേതായിരുന്നു ലോറി. ''എന്റെ അടുത്ത ബന്ധു ഞായറാഴ്ച മരിച്ചു. അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ തെരുവിൽ ഞങ്ങൾ നടത്തിവരികയായിരുന്നു. ഈ സമയമാണ് മണൽ കയറ്റിയ ലോറി അവിടെ വന്നത്. ഞാനും മറ്റ് മൂന്നുപേരും ചേർന്ന് ലോറി തടഞ്ഞു. മൃതശരീരം മാറ്റുന്നതുവരെ അൽപനേരാം കാത്തിരിക്കാൻ ഞങ്ങൾ ഡ്രൈവറോട് പറഞ്ഞു. ഇത് വാക്ക് തർക്കത്തിന് കാരണമായി.''- പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.



    സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പ്രാദേശിക നേതാവ് സ്ഥലത്തെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായി പ്രസാദ് പറയുന്നു. തൊട്ടടുത്ത ദിവസം എസ്ഐ ഷെഖ് ഫിറോസ് ഷായും രണ്ട് കോൺസ്റ്റബിൾമാരും എത്തി തന്നെയും രണ്ട് സഹോദരന്മാരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പ്രസാദ് പറയുന്നു. സ്റ്റേഷനിൽ വച്ച് എസ്ഐ ബെൽറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നാലെ ഒരു മുടിവെട്ടുകാരനെ വിളിപ്പിച്ച് തല മൊട്ടയടിപ്പിച്ചു. മീശയും താടിയും വടിപ്പിച്ചു- പ്രസാദ് കൂട്ടിച്ചേർത്തു.



    കാട്ടുനീതി ആന്ധ്രയിൽ വീണ്ടും മടങ്ങിവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് എൻ ചന്ദ്രബാബു നായിഡു ഈ സംഭവത്തോട് പ്രതികരിച്ചു. ദളിത് യുവാവിനെ പൊലീസ് അപമാനിക്കുകയായിരുന്നു. പ്രദേശത്തെ അനധികൃത മണൽഖനനത്തെ ചോദ്യം ചെയ്തത് മാത്രമാണ് അദ്ദേഹം ചെയ്ത കുറ്റമെന്നും ആന്ധ്ര പൊലീസിന് ഇതെന്തുപറ്റിയെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു.
    Published by:Rajesh V
    First published: