• HOME
  • »
  • NEWS
  • »
  • india
  • »
  • മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു

അച്ഛൻ മദ്യപിച്ചെത്തി ബഹളം തുടങ്ങിയതോടെ  അമ്മയും കുട്ടികളും  സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അവിടെ വച്ചു  നാലു വയസ്സുകാരിയെ പാമ്പുകടിക്കുകയായിരുന്നു.

  • Share this:
    കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച്  അമ്മയും  മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ  ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു കൊണ്ട് പകർത്തിയ വീഡിയോ മീഡിയയിൽ വൈറലായി. കന്യാകുമാരി  (Kanyakumari) ജില്ലയിൽ  തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം.

    ദിവസവും രാത്രിയിൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രൻ എല്ലാ ദിവസവും ഭാര്യ സിജി മോളെയും
    മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെ സ്ഥിരമായി മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ  അമ്മയും കുട്ടികളും  സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അവിടെ വച്ചു  നാലു വയസ്സുകാരിയായ സുഷ്ക മോളെ പാമ്പുകടിക്കുകയായിരുന്നു.

    കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുട്ടികളെയും കൊണ്ട്  അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.  അപ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ  സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

    തുടർന്ന് തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും    സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ  മർദിക്കുകയും മക്കൾ മൂവരും  കരഞ്ഞു  വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

    സ്ത്രീധനമായി കാർ കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് ഭർത്താവ്

    സ്ത്രീധനമായി കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തിൽ ധനശ്രീയയുടെ ഭർത്താവ് കീർത്തിരാജിനെ (31) സുരമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും കീർത്തിരാജ് ശ്രമിച്ചു.

    മൂന്ന് വർഷം മുൻപാണ് സേലം റെഡ്‌ഡിപ്പട്ടി സ്വദേശിയായ കീർത്തിരാജ് ധനശ്രീയയെ വിവാഹം ചെയ്തത്. അടുത്തിടെ കുടുംബ വീട്ടില്‍ നിന്ന് ഇരുവരും മാറി താമസിച്ചു. ഇതിന് ശേഷമാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് കീർത്തിരാജിന്റെ പീഡനം തുടങ്ങിയത്. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പീഡനം.

    കഴിഞ്ഞ ദിവസ൦ ധനശ്രീയ ആത്മഹത്യ ചെയ്‌തെന്ന് കീര്‍ത്തിരാജ് ഭാര്യവീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ധനശ്രീയയുടെ തലയിലെ മുറിവ് ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് കീർത്തിരാജിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നുളള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.

    'ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പത്ത് ദിവസം മുൻപ് വഴക്കുണ്ടായതിനെ തുടർന്ന് ധനശ്രീയ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി. പിന്നീട് കീർത്തിരാജ് യുവതിയെ അനുനയിപ്പിച്ച് മടക്കികൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിൽ എത്തിയതിന് ശേഷവും വഴക്ക് വീണ്ടും വഴക്ക് തുടരുകയായിരുന്നു. അതിനിടെയാണ് ഇയാൾ ബാറ്റ് കൊണ്ട് യുവതിയെ അടിച്ചുവീഴ്ത്തിയത്. ബാറ്റുകൊണ്ടുള്ള അടിയിൽ മരിച്ചുവീണ യുവതിയുടെ കഴുത്തിൽ കയർ കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്.' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
    Published by:Rajesh V
    First published: