കാണ്‍പൂര്‍: കാമുകിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭീഷണി സന്ദേശം അയച്ച 19കാരന്‍ അറസ്റ്റിൽ.അമീന്‍ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെ അടിയന്തര ഫോണ്‍ നമ്പറായ 112ലേക്കാണ് ഇയാള്‍ വിളിച്ചത്. ബേഗംപൂര്‍വ്വയില്‍ നിന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണും കണ്ടെത്തിയതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത ശര്‍മ്മ അറിയിച്ചു.
കാമുകിയുടെ അച്ഛനോടുള്ള പൂര്‍വ്വ വൈരാഗ്യമാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവ് ഇവരുടെ ബന്ധം അംഗീകരിക്കാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
ഭീഷണി കോള്‍ വന്നതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നു. ഒരു റിക്ഷാ ഡ്രൈവറാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ ഫോണ്‍ 10 ദിവസം മുമ്പ് മോഷണം പോയി എന്നാണ് ഇദ്ദേഹം പൊലീസിന് നല്‍കിയ മൊഴിയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു.
അന്വേഷണത്തിനിടെ അമീനിന്റെ അയല്‍ക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഇത്തരമൊരു ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
അതേസമയം ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പത്ത് ദിവസം മുമ്പാണ് കാമുകിയുടെ പിതാവിന്റെ ഫോണ്‍ താന്‍ കൈക്കലാക്കിയതെന്നും അതേ സിം കാര്‍ഡ് ഉപയോഗിച്ചാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഭീഷണി കോള്‍ വിളിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ 3 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്നായിരുന്നു ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയിരുന്നു. കത്ത് എഡിജിപി ഇന്റലിജൻസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ടായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ വീടിന്റെയും ഓഫീസിന്റെയും സുരക്ഷ അടുത്തിടെ വർധിപ്പിച്ചിരുന്നു. ഭീഷണി സന്ദേശവുമായി അജ്ഞാത ഫോൺകോളുകൾ വന്നതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമല്‍നാഥിനും ഇത്തരത്തിൽ വധഭീഷണി ഉണ്ടായിരുന്നു. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചാൽ ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്തിൽ പറഞ്ഞിരുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുൽ ഗാന്ധിയ്ക്കും കാത്തിരിക്കുന്നതെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. 1984ലെ സിഖ് കലാപവും കത്തിൽ പരാമർശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Uttarpradesh, Yogi Aditya Nath