ഇൻഡോർ (മധ്യപ്രദേശ്): പതിനഞ്ചുകാരിയെ ഇരട്ടിപ്രായമുള്ളയാൾക്ക് വിവാഹം ചെയ്തുനൽകിയ സംഭവത്തിൽ ബന്ധുക്കളായ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹത്തിന് പിന്നാലെ പെൺകുട്ടി തന്റെ ദയനീയാവസ്ഥ ചൈൽഡ്ലൈനിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് തന്നെ നാല് മാസമായി ബന്ധുക്കൾ ബലം പ്രയോഗിച്ച് വീട്ടിൽ ബന്ദിയാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ഏഴു പേർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും കേസെടുത്തു.
മെയ് നാലിന് ധനോദിയ ഗ്രാമത്തിൽ വെച്ച് പെൺകുട്ടിയെ തന്റെ ഇരട്ടി പ്രായമുള്ള ഒരാളുമായി വിവാഹം കഴിപ്പിച്ചതായി ചൈൽഡ് ലൈൻ സ്ക്വാഡ് ഇൻ ചാർജ് മഹേന്ദ്ര പഥക് പറഞ്ഞു. വിവാഹസമയത്ത് അവൾക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശിയും അമ്മായിയും സഹോദരന്മാരും ചേർന്ന് വിവാഹത്തിന് നിർബന്ധിച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ അവളുടെ ഭർത്താവ് വ്യാജ വോട്ടർ ഐഡി കാർഡ് ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച പെൺകുട്ടി ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിയുകയാണ്. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുക്കളെയും വിവാഹം കഴിച്ച ദർബാർ സിംഗ് ഉൾപ്പെടെ ഏഴ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലാസിയ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ യഥാർത്ഥ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും അനുസരിച്ച് 2007 ലാണ് ജനിച്ചതെന്ന് കണ്ടെത്തിയത്.
കലക്ടർ ഇളയ രാജയുടെ നിർദേശപ്രകാരം ജില്ലയിൽ ശൈശവവിവാഹം തടയാൻ കാമ്പയിൻ നടത്തിവരികയാണ്. വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ രാംനിവാസ് ബുധോലിയയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. നിയമത്തിലെ 9, 10, 11 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനു പുറമേ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും അവളെ ബലമായി വീട്ടിൽ പാർപ്പിച്ചതിനും ഉപദ്രവിച്ചതിനും പ്രതികൾക്കെതിരെ കേസെടുക്കുമെന്ന് പഥക് പറഞ്ഞു. ചടങ്ങുകൾ നടത്തിയ പൂജാരി ഉൾപ്പെടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.