• HOME
 • »
 • NEWS
 • »
 • india
 • »
 • A RAPE ACCUSED TIED THE KNOT WITH THE COMPLAINANT AT POLICE STATION

വിവാഹവാഗ്ദാനം നൽകി പീഡനം; ഒടുവിൽ പൊലീസിന്‍റെ സാന്നിധ്യത്തിൽ പരാതിക്കാരിയെ വിവാഹം ചെയ്ത് യുവാവ്

പൊലീസുകാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് യുവതിയുടെ സഹോദരനും യുവാവിന്‍റെ പിതാവും സന്നിഹിതരായിരുന്നു

Marriage

Marriage

 • Share this:
  കോട്ട: പീഡന പരാതി നൽകിയ യുവതിയെ പൊലീസിന്‍റെ സാന്നിധ്യത്തിൽ താലി ചാർത്തി ആരോപണവിധേയനായ യുവാവ്. രാജസ്ഥാനിലെ കോട്ടയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പൊലീസിന്‍റെ സഹായത്തോടെ നടത്തിയ ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിലാണ് വിവാഹം എന്ന തീരുമാനത്തിലെത്തിയത്.

  രാമഗഞ്ച് പൊലീസ് സ്റ്റേഷൻ ചുറ്റുവളപ്പിൽ തന്നെയുള്ള ഒരു ക്ഷേത്രത്തിൽ വച്ചാണ് പീഡന ആരോപണ വിധേയനായ യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്തത്. എല്ലാ വിധ ആചാര-അനുഷ്ടാനങ്ങളും പാലിച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പൊലീസുകാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് യുവതിയുടെ സഹോദരനും യുവാവിന്‍റെ പിതാവും സന്നിഹിതരായിരുന്നു എന്നാണ് കോട്ട എസ്പി ശരദ് ചൗധരി അറിയിച്ചത്.

  Also Read-രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

  ഈ മാസം ആദ്യമാണ് അയൽക്കാരനായ മോട്ടിലാൽ എന്ന യുവാവിനെതിരെ യുവതി പീഡന പരാതി നൽകിയത്. പൊലീസ് പറയുന്നതനുസരിച്ച് പരാതിക്കാരിയും യുവാവും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. മോട്ടിലാൽ വിവാഹം വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് യുവതി പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കൊടുവിൽ ഇരുവരും വിവാഹിതരാകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നതെന്നും എസ്പി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്നെ വിവാഹം സൽക്കാരത്തിന് അനുമതി തേടിയുള്ള വധു-വരന്മാരുടെ അപേക്ഷ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ബാൽകിഷൻ തിവാരി നിരസിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

  Also Read-'നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്

  രണ്ടുവർഷം മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ  ബലാത്സംഗക്കേസിലെ പ്രതിയും ഇരയും വിവാഹിതരായതിനെ തുടർന്ന് മുംബൈ ഹൈക്കോടതി കേസ് എഴുതിത്തള്ളിയിരുന്നു. ബലാത്സംഗക്കേസിൽ ഒത്തുതീർപ്പിന് കക്ഷികൾക്ക് അനുമതി നൽകരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കെയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

  യുവതിയുടെ പരാതിപ്രകാരം മുംബൈ പൊലീസ് പ്രതിക്കെതിരേ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിരുന്നത്. എന്നാല്‍, കുറച്ചു നാളുകൾക്ക് ശേഷം ഇരുവരും ഒന്നിച്ചു കോടതിയെ സമീപിച്ചു. തങ്ങളുടേതു പരസ്പരസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും വിവാഹത്തിനു വിസമ്മതിച്ചതിനാലാണു പ്രതിക്കെതിരേ പരാതിപ്പെട്ടതെന്നും യുവതി കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

  കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മധ്യസ്ഥതയില്‍ വിവാഹിതരായെന്ന വിവരവും യുവതി കോടതിയെ അറിയിച്ചു.. തുടർന്നാണ് യുവാവിന്റെ അഭ്യര്‍ഥനപ്രകാരം ജസ്റ്റിസുമാരായ രഞ്ജിത് മോറും ഭാരതി ദാംഗ്രെയും ഉള്‍പ്പെട്ട ബെഞ്ച് എഫ്.ഐ.ആര്‍. റദ്ദാക്കിയത്.
  Published by:Asha Sulfiker
  First published:
  )}