• HOME
  • »
  • NEWS
  • »
  • india
  • »
  • Puneeth Rajkumar | താരങ്ങളിലെ സൂപ്പർസ്റ്റാർ; വിദ്യാർഥികളുടെ സാറ്റലൈറ്റിന് പുനീത് രാജ്കുമാറിൻെറ പേര്

Puneeth Rajkumar | താരങ്ങളിലെ സൂപ്പർസ്റ്റാർ; വിദ്യാർഥികളുടെ സാറ്റലൈറ്റിന് പുനീത് രാജ്കുമാറിൻെറ പേര്

ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ വൈകാതെ തന്നെ പുനീതിൻെറ പേരും ഇടം പിടിക്കും!

പുനീത് രാജ്‌കുമാർ

പുനീത് രാജ്‌കുമാർ

  • Share this:
    അന്തരിച്ച കന്നഡ നടൻ പുനീത് രാജ‍്‍കുമാ‍ർ (Puneeth Rajkumar) ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു. ഇപ്പോഴിതാ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ വൈകാതെ തന്നെ പുനീതിൻെറ പേരും ഇടം പിടിക്കും! കർണാടകയിലെ സർക്കാർ സ്കൂളിലെ ഒരു സംഘം വിദ്യാർഥികൾ നിർമ്മിച്ച സാറ്റലൈറ്റ് ആകാശത്തേക്ക് പറന്നുയരാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ സഹായത്തോടെ വിക്ഷേപിക്കാൻ ഒരുങ്ങുന്ന സാറ്റലൈറ്റിന് ‘സാറ്റലൈറ്റ് പുനീത്’ എന്നാണ് പേരിട്ടിരിക്കുന്നത്.

    കർണാടകയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ സാറ്റലൈറ്റ് പദ്ധതിക്ക് നേരത്തെ KGS3Sat എന്നാണ് പേരിട്ടിരുന്നത്. ഇപ്പോഴിത് അന്തരിച്ച നടൻെറ സ്മരണയ്ക്കായി സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 1.90 കോടി രൂപ ചെലവിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഈ സാറ്റലൈറ്റ് നിർമ്മിച്ചിരിക്കുന്നത്. ഇതിൻെറ നിർമ്മാണം പൂർത്തിയായാൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെൻററിൽ നിന്നായിരിക്കും വിക്ഷേപിക്കുക.

    കർണാടക രാജ്യോത്സവത്തിൻെറ (കർണാടക പിറവി) ഭാഗമായി, മരണാനന്തര ബഹുമതിയായി പുനീതിന് കർണാടക രത്ന പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ചു. അതിന് പിന്നാലെയാണ് സാറ്റലൈറ്റിന് പുനീതിൻെറ പേരിട്ടിരിക്കുന്നത്. ഇത് താരത്തിൻെറ സ്മരണക്കായുള്ള അർഹിക്കുന്ന ആദരവാണെന്നും സർക്കാർ കരുതുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്.

    ഇന്ത്യയുടെ 'ആസാദി കാ അമൃത് മഹോത്സവ്' അഥവാ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്ത ഒരു വലിയ ഉപഗ്രഹ വിക്ഷേപണ പരിപാടിയുടെ ഭാഗമായിട്ടാണ് വള‍ർന്ന് വരുന്ന ബഹിരാകാശ സഞ്ചാരികളും ശാസ്ത്രജ്ഞരും ചേ‍ർന്ന് 'സാറ്റലൈറ്റ് പുനീത്' നിർമ്മിച്ചിരിക്കുന്നത്. നവംബർ 5നും ഡിസംബർ 31നും ഇടയിൽ ഇത് ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി എൻ അശ്വത് നാരായൺ പറഞ്ഞു.

    “ഈ ഉപഗ്രഹ വിക്ഷേപണ പരിപാടിക്ക് അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചത്,” മന്ത്രി പറഞ്ഞു. “സോണൽ തലത്തിലും സംസ്ഥാന തലത്തിലും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി നിരവധി മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സാറ്റലൈറ്റ് നിർമ്മാണ പദ്ധതിയിലേക്ക് 1000 വിദ്യാർഥികളെ മാത്രമാണ് തെരഞ്ഞെടുത്തത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒ ലോഞ്ച് സ്റ്റേഷനിൽ സാറ്റലൈഞ്ച് ലോഞ്ചിൽ പങ്കെടുക്കാൻ ഈ വിദ്യാർഥികൾക്കും അവസരമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇന്ത്യയിലുടനീളം വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച 75 സാറ്റലൈറ്റുകളുടെ ലോഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കർണാടകയ്ക്ക് അഭിമാനിക്കാവുന്ന സാറ്റലൈറ്റാണ് ഇതെന്നും നാരായൺ കൂട്ടിച്ചേർത്തു. ഇക്കൂട്ടത്തിൽ ആദ്യം വിക്ഷേപണം നടത്താൻ പോവുന്ന സാറ്റലൈറ്റ് ‘സാറ്റലൈറ്റ് പുനീത്’ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    സാറ്റലൈറ്റിൻെറ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഗ്രൌണ്ട് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിലെ മല്ലേശ്വരം ഗവൺമെൻറ് സ്കൂൾ കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സന്ദർശിച്ചിരുന്നു. സംസ്ഥാന സർക്കാരിൻെറ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം വിദ്യാർഥികളെ അഭിനന്ദിക്കുകയും ചെയ്തു.
    Published by:user_57
    First published: