നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Alcohol Ban | ലൈംഗിക അതിക്രമങ്ങൾ വര്‍ദ്ധിക്കുന്നു; കര്‍ശന മദ്യ നിരോധനം ഏര്‍പ്പെടുത്തി ഒഡീഷയിലെ ഗ്രാമം 

    Alcohol Ban | ലൈംഗിക അതിക്രമങ്ങൾ വര്‍ദ്ധിക്കുന്നു; കര്‍ശന മദ്യ നിരോധനം ഏര്‍പ്പെടുത്തി ഒഡീഷയിലെ ഗ്രാമം 

    ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ ഗ്രാമത്തിലെ ഒരു കനാലില്‍ കുളിക്കാന്‍ പോയി. കനാലിന് തൊട്ടടുത്തുള്ള ഒരു കടയില്‍ ആളുകള്‍ക്ക് മദ്യം വിളമ്പുകയും വില്‍ക്കുകയും ചെയ്തിരുന്നു....

    News18- പ്രതീകാത്മക ചിത്രം

    News18- പ്രതീകാത്മക ചിത്രം

    • Share this:
      ദർശൻ ശർമ്മ

      ഒഡീഷയിലെ നുവാപഡ ജില്ലയിലെ സദര്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ധരംബന്ധ. ഈ വര്‍ഷം സെപ്റ്റംബര്‍ പകുതിയോടെ ഇവിടെ നടന്ന ഒരു മോശം സംഭവത്തെ തുടർന്ന്, ചരിത്രപരമായ ഒരു തീരുമാനം എടുക്കാന്‍ ഗ്രാമവാസികൾ തീരുമാനിച്ചു. ആ സംഭവം എന്താണെന്ന് നോക്കാം. ഗ്രാമത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ ഗ്രാമത്തിലെ ഒരു കനാലില്‍ കുളിക്കാന്‍ പോയി. കനാലിന് തൊട്ടടുത്തുള്ള ഒരു കടയില്‍ ആളുകള്‍ക്ക് മദ്യം വിളമ്പുകയും വില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍, ഈ ആളുകള്‍ സ്ത്രീകളെ പീഡിപ്പിക്കാനും ശല്യം ചെയ്യാനും തുടങ്ങി. പ്രതിഷേധിച്ചപ്പോള്‍ ഈ മദ്യപന്മാനികള്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത അധിക്ഷേപങ്ങള്‍ ചൊരിഞ്ഞു.

      പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ഈ പ്രശ്‌നം വേരോടെ ഇല്ലാതാക്കാന്‍ ഗ്രാമത്തിലെ ചില യുവജനങ്ങള്‍ തീരുമാനിച്ചു. അതിനായി അവര്‍ ധരംബന്ധയില്‍ മദ്യനിരോധന പ്രചാരണം ആരംഭിച്ചു. ''കനാലിന് സമീപം നടന്ന (പീഡന) സംഭവത്തില്‍ ഞാനും ഉൾപ്പെട്ടിരുന്നു. അവിടെ മദ്യം വില്‍ക്കുന്നതിനെതിരെ ഞാന്‍ പ്രതിഷേധിിരുന്നെങ്കിലും അത് ആരും ചെവിക്കൊണ്ടില്ല. എന്നാല്‍ ആ (പീഡന) സംഭവത്തിനുശേഷം, ഗ്രാമത്തിലെ എല്ലാ സ്ത്രീകളും പങ്കെടുത്ത ഒരു യോഗം നടന്നു. അതില്‍ ഇവിടെ മദ്യം നിരോധിക്കാനുള്ള തീരുമാനം എടുത്തു,'' ഗ്രാമവാസിയായ പത്മ ദേവാങ്കന്‍ പറയുന്നു.

      നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, മദ്യനിരോധനത്തിനുള്ള ആവശ്യം കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്ത്, ബീഹാര്‍, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ട്. എന്നാൽ, കരിഞ്ചന്തയിലൂടെയോ അനധികൃത മദ്യനിര്‍മ്മാണത്തിലൂടെയോ മദ്യ ഉപഭോഗം ഈ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലും തുടരുന്നുവെന്നത് രഹസ്യമല്ല. 90കളുടെ മധ്യത്തില്‍ ആന്ധ്രയും ഹരിയാനയും മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളാണ്. എന്നാല്‍ അത് യഥാക്രമം 1997ലും 1998ലും പുന:സ്ഥാപിക്കപ്പെട്ടു. ചത്തീസ്ഗഢില്‍ മദ്യം നിരോധിക്കുമെന്ന് പറഞ്ഞ് 2019ല്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനം രണ്ടര വര്‍ഷമായിട്ടും നിറവേറിയിട്ടില്ല.

      സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം നടപ്പിലാക്കാനുള്ള അധികാരമുണ്ട്. സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം നടപ്പിലാക്കാനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടനയുടെ 47-ാം ആര്‍ട്ടിക്കിള്‍ പ്രകാരം അനുവദിക്കുന്നുണ്ട്. 1992 മേയില്‍ കട്ടക്കില്‍ നടന്ന വ്യാജമദ്യ ദുരന്തത്തില്‍ 200ലധികം ആളുകള്‍ മരിക്കുകയും 600 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒഡീഷയില്‍ 1994ല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ 1995ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പിന്‍വലിച്ചു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ നഷ്ടമുണ്ടാക്കുന്നു എന്ന കാരണത്താലാണ് മദ്യ നിരോധനം പിന്‍വലിച്ചത്.

      ഡല്‍ഹിയിലെ എയിംസിന്റെ ഒരു പഠനം അനുസരിച്ച്, ''മദ്യപാനികളില്‍ അഞ്ചിലൊരാള്‍ക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്. ഇന്ത്യയില്‍ മദ്യത്തിന് അടിമകളായി കണക്കാക്കപ്പെടുന്ന 5.7 കോടി ജനങ്ങളില്‍, അടിയന്തിര ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം 3.2 കോടിയാണ്.'' സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി മദ്യം ഉപയോഗിക്കുന്നത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം നിരീക്ഷിക്കുന്നു.

      ഈ യാഥാര്‍ത്ഥ്യത്തെ തുടര്‍ന്നാണ് ധരംബന്ധ ഗ്രാമത്തിലെ യുവജനങ്ങള്‍ കാര്യങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യാന്‍ തീരുമാനിച്ചത്. അതിനായി അവര്‍ ആദ്യം ഗ്രാമത്തിലെ സര്‍പ്പഞ്ചിന്റെ സഹകരണത്തോടെ ഒരു ലഹരി വിമുക്ത കാമ്പയിന്‍ ആരംഭിച്ചു. അതിന്റെ ഫലമായി, സെപ്റ്റംബര്‍ 21 ന്, സര്‍പ്പഞ്ച് ഗ്രാമസഭ യോഗം വിളിച്ചു, അവിടെ ഗ്രാമത്തില്‍ മദ്യം നിരോധിക്കാനുള്ള തീരുമാനം പരസ്പര ധാരണയോടെ പാസാക്കി.

      മദ്യ നിരോധനത്തിനുള്ള പദ്ധതി

      ജില്ലാ ആസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധരംബന്ധയിലെ ജനസംഖ്യ ഏകദേശം 6,000ഓളം വരും. ഇവിടെ, ഏതെങ്കിലും തരത്തിലുള്ള മദ്യം വില്‍ക്കുന്നതും വാങ്ങുന്നതും നിര്‍മ്മിക്കുന്നതും ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. മദ്യം ഉണ്ടാക്കാനോ വില്‍ക്കാനോ ആയി ഒരു മദ്യക്കടയോ വാറ്റ് കേന്ദ്രമോ തുറക്കാന്‍ ഇനി ഇവിടെ ആര്‍ക്കും കഴിയില്ല. ആരെങ്കിലും മദ്യം വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍, അവര്‍ക്ക് 51,000 രൂപ പിഴ ചുമത്തി ചെരിപ്പ് മാല ധരപ്പിച്ച് ഗ്രാമത്തില്‍ പ്രദക്ഷിണം ചെയ്യിപ്പിക്കും. മദ്യം വാങ്ങുന്നവര്‍ക്ക് 5,100 രൂപ പിഴ ചുമത്തും.

      നിരോധനം നടപ്പാക്കാന്‍ ധരംബന്ധയില്‍ നിന്നുള്ള 25 പുരുഷന്മാരും 25 സ്ത്രീകളും അടങ്ങുന്ന ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അഞ്ച് മുതിര്‍ന്ന അംഗങ്ങള്‍ ഇവരുടെ മേല്‍നോട്ടം വഹിക്കുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മദ്യം വില്‍ക്കുന്ന സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുക എന്നതാണ് സമിതിയുടെ ജോലി. നിരോധനം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷം, ഒരു സ്ഥലത്ത് മദ്യവില്‍പന തുടരുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ആ പ്രദേശത്ത് റെയ്ഡ് നടത്തിയിരുന്നു. പക്ഷെ അവിടെ നിന്ന് അവര്‍ക്ക് മദ്യം കണ്ടെത്താനായില്ല.

      Also Read- Alcohol | മദ്യപന്മാർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും; വ്യത്യസ്തമായ പരീക്ഷണവുമായി ഗുജറാത്തിലെ നാറ്റ് സമുദായം

      തങ്ങളുടെ പുതിയ നടപടികളെ സംബന്ധിച്ച് ഗ്രാമവാസികള്‍ ധരംബന്ധ പോലീസ് സ്റ്റേഷന്‍, എസ്പി ഓഫീസ്, എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ക്ക് ഒരു കത്തെഴുതിയിരുന്നു. 'ഞങ്ങളോട് അവര്‍ (ഉദ്യോഗസ്ഥര്‍) സഹകരിക്കുമെന്നുള്ളഉറപ്പ് ലഭിച്ചു,' എന്നാണ് ആല്‍ക്കഹോള്‍ ഡി-അഡിക്ഷന്‍ കാമ്പെയ്നിലെ സജീവ അംഗമായ അങ്കിത് ജെയിന്‍ '101 റിപ്പോര്‍ട്ടര്‍' എന്ന മാധ്യമത്തോട് പറഞ്ഞത്.

      ഇനി ഈ 'ചീത്ത ജലം' വേണ്ട

      ധരംബന്ധയിലെ മദ്യനിരോധനം വെറും വാക്കായിരുന്നില്ല അവര്‍ക്ക് അത് ആവശ്യമായി തോന്നിയിരുന്നു. ''അമിതമായ ഉപയോഗം മൂലം ആളുകളുടെ ആരോഗ്യം മോശമായി. ഗ്രാമത്തിലെ ഭൂരിഭാഗം മരണങ്ങളും ഷാര്‍ബ് മൂലമാണ്'' എന്നാണ് ഗ്രാമവാസിയായ രമേശ് സാഹുവിന്റെ അഭിപ്രായം (ഷാര്‍ബ് എന്ന അറബി പദം മദ്യത്തെ കുറിക്കുന്നു - 'ഷാറ്' എന്നതിനര്‍ത്ഥം 'മോശം, ചീത്ത' എന്നൊക്കെയാണ്, 'ആബ് 'എന്നതിന്റെ അര്‍ത്ഥം ജലം എന്നാണ്).

      ഇവിടെ, തെരുവുകളില്‍ നിയന്ത്രണങ്ങളില്ലാതെ മദ്യ വില്‍പ്പന നടക്കുന്നുണ്ടായിരുന്നു, ഗ്രാമവാസികള്‍ അത് വാങ്ങാന്‍ തുടങ്ങിയത്തോടെ അവരുടെ സമ്പാദ്യം കുറയാന്‍ തുടങ്ങി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിച്ചതായി ചില ഗ്രാമവാസികള്‍ അഭിപ്രായപ്പെട്ടു. ചോക്ലേറ്റുകള്‍ക്കോ, ഐസ് ക്രീമിനോ കിട്ടുന്ന പണം കൊണ്ട് ഗ്രാമത്തിലെ കുട്ടികള്‍ പോലും മദ്യം കഴിക്കാന്‍ തുടങ്ങി.

      നിരോധനത്തിന് ശേഷം ഗ്രാമത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് ഡി-അഡിക്ഷന്‍ കാമ്പയിന്‍ പ്രസിഡന്റ് സദാനന്ദ് മാജി അഭിപ്രായപ്പെട്ടു. മുമ്പ്, ഗ്രാമത്തില്‍ എട്ട് മുതല്‍ പത്ത് വരെ പീഡനം, ബലാത്സംഗ ശ്രമങ്ങള്‍, ആക്രമണ കേസുകള്‍ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്യാറില്ല. ''ഇപ്പോള്‍ മദ്യം വില്‍ക്കുന്നില്ല; ഗ്രാമത്തിന്റെ വികസനത്തിലും ശുചിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികളും യുവാക്കളും പഠനത്തിലും കായികരംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,'' അദ്ദേഹം 101 റിപ്പോര്‍ട്ടറോട് പറഞ്ഞു.

      സദാനന്ദ് മാജിയുടെ അഭിപ്രായത്തെ ധരംബന്ധയുടെ മുന്‍ സര്‍പഞ്ച് കുസുമ സാഹുവും ശരിവച്ചു. ''മുമ്പ്, സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ നിരോധനം വന്നത് മുതല്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു. ധരംബന്ധ മാത്രമല്ല, രാജ്യം മുഴുവന്‍ മദ്യവിമുക്തമാകണം'' അവര്‍ പറഞ്ഞു.

      ഇവിടുത്തെ മദ്യ നിരോധനം എന്ന മുദ്രാവാക്യത്തിന് അതിന്റെ ശക്തി ലഭിക്കുന്നത് സ്ത്രീകളില്‍ നിന്നാണ്. ഇന്ന്, ധരംബന്ധയിലെ എല്ലാ സ്ത്രീകളും മയക്കുമരുന്ന് ലഹരി വിരുദ്ധ പ്രചാരണത്തില്‍ ഒറ്റക്കെട്ടായി പങ്കെടുക്കുന്നു. ഗ്രാമത്തിലെ സ്ത്രീകള്‍ സന്തുഷ്ടരാണെങ്കിലും, മദ്യക്കച്ചവടക്കാരും വൈന്‍ പ്രേമികളും ഈ തീരുമാനത്തില്‍ കടുത്ത നിരാശരാണ്.

      ഗ്രാമത്തിലെ ഒരു മദ്യശാലയുടെ മാനേജരായ ഹരീന്ദര്‍ സിംഗ് നിരോധനത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ ഇത് ഒരു ഫലവും നല്‍കിയില്ല. ''ഗ്രാമവാസികളുടെ പരസ്പര സമ്മതത്തോടെ, ഗ്രാമത്തില്‍ മദ്യവില്‍പന നിരോധിച്ചിരിക്കുന്നു. നിലവില്‍ ഇവിടെ മദ്യം വില്‍ക്കുന്നില്ല, എല്ലാവരും നിയമങ്ങള്‍ പാലിക്കുന്നു. അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.'' അദ്ദേഹം പറഞ്ഞു.

      മദ്യ നിരോധനത്തിന് ശേഷം, ധരംബന്ധയില്‍ മദ്യം വില്‍ക്കുന്ന കേസുകളൊന്നും ഉണ്ടായിട്ടില്ല. ''പ്രചാരണം ഇതുവരെ നന്നായി നടക്കുന്നു. എന്നിരുന്നാലും, തുടര്‍ച്ചയായ സഹകരണം ലഭിച്ചില്ലെങ്കില്‍, ഞങ്ങള്‍ എക്‌സൈസ് എസ്പിയുടെയും കളക്ടറുടെയും സഹായം തേടും'' ഗ്രാമ സര്‍പഞ്ച് ഓംപ്രകാശ് കലര്‍ പറഞ്ഞു.

      ധരംബന്ധയിലെ നടപടികള്‍ സമീപ പ്രദേശങ്ങളിലെ മദ്യവ്യാപാരികളില്‍ ഇപ്പോള്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ലാഭകരമായ 'കച്ചവടം' പൂട്ടേണ്ടി വരുമെന്നാണ് അവരുടെ ഭയം. ആ പ്രദേശങ്ങള്‍ മാത്രമല്ല രാജ്യം മുഴുവന്‍ പാഠം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മികച്ച മാതൃകയാണ് ധരംബന്ധ സ്ഥാപിച്ചത്. ''ധരംബന്ധയിലെ ജനങ്ങള്‍ ചരിത്രപരമായ തീരുമാനമെടുത്തിട്ടുണ്ട്. ഈ നടപടി സ്വാഗതം ചെയ്യുന്നു. അവരുടെ പ്രചാരണം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'' നുവാപഡ എംഎല്‍എ രാജേന്ദ്ര ധൊലാകിയ 101 റിപ്പോര്‍ട്ടറോട് പറഞ്ഞു.

      (ലേഖകന്‍ നുവാപഡ ആസ്ഥാനമായുള്ള ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും 101 റിപ്പോര്‍ട്ടര്‍ ഡോട്ട് കോമിലെ അംഗവുമാണ്.)
      Published by:Anuraj GR
      First published:
      )}