• HOME
  • »
  • NEWS
  • »
  • india
  • »
  • എഎപി എംഎൽഎയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലി; അക്രമം സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

എഎപി എംഎൽഎയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലി; അക്രമം സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

എംഎൽഎ ഗുലാബ് സിങ്ങും പാർട്ടി പ്രവർത്തകരും ആദ്യം വാഗ്വാദത്തിലേർപ്പെടുന്നതും എംഎൽഎ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പ്രവർത്തകർ പിന്തുടർന്നെത്തി കയ്യേറ്റം ചെയ്യുന്നതുമാണ് വീഡിയോ

  • Share this:
ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) എംഎൽഎയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എഎപി എംഎൽഎ ഗുലാബ് സിങ് യാദവിനാണ് മർദ്ദനമേറ്റത്. ഡൽഹി മുനിസിപ്പൽ കമ്മീഷൻ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചതെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം ഹർഷവർധൻ പറഞ്ഞു. 'എംഎൽഎ ഗുലാബ് സിങ് യാദവിനെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എംഎൽഎക്കെതിരെ അക്രമം നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.

ഒരാളെയും വെറുതെ വിടില്ല' ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. എംഎൽഎ ഗുലാബ് സിങ്ങും പാർട്ടി പ്രവർത്തകരും ആദ്യം വാഗ്വാദത്തിലേർപ്പെടുന്നതും എംഎൽഎ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പ്രവർത്തകർ പിന്തുടർന്നെത്തി കയ്യേറ്റം ചെയ്യുന്നതുമായ വീഡിയോ തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദില്ലി ബിജെപി ഘടകമാണ് ഈ വീഡിയോ ആദ്യം പങ്കുവെച്ചത്. തുടർന്ന് ഈ വീഡിയോ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അരവിന്ദ് ക്രെജ്രിവാളിന് കീഴിലുള്ള അഴിമതിക്കാരായ മുഴുവൻ എംഎൽഎമാർക്കും ഇതുപോലുള്ള ശിക്ഷ ഉടൻ ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ മറുപടി.

Also Read-കർണാടകത്തിലെ സ്വകാര്യ ഏജന്‍സി ബിജെപിയ്ക്കുവേണ്ടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കോൺഗ്രസ്

സംഭവത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസും രംഗത്തെത്തി. കെജ്രിവാൾ ചെയ്ത പാപങ്ങൾക്കുള്ള പ്രതിഫലമാണ് എംഎൽഎ ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധരെന്ന് നടിക്കുന്ന എഎപിയുടെ തരികിട രാഷ്ട്രീയത്തിന്റെ നാടകീയമായ രൂപമാണ് കാണാനായതെന്ന് ബിജെപി ദേശീയ വക്താവ് സംപിത് പത്ര പ്രതികരിച്ചു. അഴിമതി കാരണം ആം ആദ്മി പാർട്ടി പ്രവർത്തകർ എംഎൽഎമാരെ പോലും വെറുതെ വിടുന്നില്ല. വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ സമാനമായ നിരവധി സംഭവങ്ങൾ കാണാമെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണം എംഎൽഎ ഗുലാബ് സിങ് യാദവ് നിഷേധിച്ചു. 'സീറ്റുകൾ വിറ്റെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അക്രമത്തിന് പിന്നിൽ ബിജെപിക്കാരാണ്. ഞാനിപ്പോൾ ചൗള പോലീസ് സ്റ്റേഷനിലാണ്. ബിജെപിയുടെ കൗൺസിലറും ഈ വാർഡിലെ അവരുടെ സ്ഥാനാർത്ഥിയും സ്റ്റേഷനിൽ ഹാജരായി അക്രമികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പൊലീസ് സ്റ്റേഷന് പുറത്ത് ബിജെപിയുടെ കൊടി കെട്ടിയ കാർ നിർത്തിയിട്ടിരിക്കുന്നതും പതാക കയ്യിൽ പിടിച്ചുള്ള പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതും ഈ വീഡിയോയിൽ കാണാം. ഡിസംബർ നാലിന് നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി സീറ്റുകൾ പണം വാങ്ങി വിൽക്കുകയാണെന്നതിന് തെളിവായാണ് ബിജെപി ഈ വീഡിയോ പുറത്തുവിട്ടത്. ഡൽഹിയിലെ രോഹിണിയിൽ നിന്നുള്ള എഎപി പ്രവർത്തകനാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നും ആം ആദ്മി പാർട്ടി സീറ്റുകൾ വിൽക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു.
Published by:Jayesh Krishnan
First published: