• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം; തെലങ്കാനയിൽ മുസ്ലീം വിവാഹങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം; തെലങ്കാനയിൽ മുസ്ലീം വിവാഹങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന ഖാസിമാര്‍ക്കെതിരെയുള്ള കര്‍ശന നടപടിയെന്നോണമാണ് സര്‍ക്കാരിന്റെ നടപടി.

  • Share this:

    തെലങ്കാനയില്‍ നടക്കുന്ന എല്ലാ മുസ്ലീം വിവാഹങ്ങളുടെയും വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താന്‍ വഖഫ് ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന ഖാസിമാര്‍ക്കെതിരെയുള്ള കര്‍ശന നടപടിയെന്നോണമാണ് സര്‍ക്കാരിന്റെ നടപടി. ഖാസിമാർഅറബ് പൗരന്മാരുമായി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നുവെന്ന പരാതി സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹം നടത്തണമെങ്കില്‍ വധൂവരന്മാർക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പിന്‍ബലത്തില്‍ വിവാഹം നടത്തുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    ആധാര്‍ കാര്‍ഡ് പരിശോധിച്ച് വധൂവരന്മാര്‍ പ്രായപൂര്‍ത്തിയായവരാണോ അല്ലാത്തവരാണോ എന്ന് കണ്ടെത്തണമെന്നും ഖാസിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിവാഹം കഴിഞ്ഞയുടന്‍ തന്നെ വിവാഹ വിവരങ്ങള്‍ വഖഫ് ബോര്‍ഡില്‍ സബ്മിറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ ഖാസിമാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതിനു പുറമെ, വിവാഹ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടക്കുന്ന വിവാഹങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഹൈദരാബാദിലെ ഹജ് ഹൗസിലാണ് ലഭിക്കുക.

    നേരത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ഖാസിമാരെ നിയമിച്ചിരുന്നത്. ഇപ്പോള്‍ ജില്ലാ കളക്ടര്‍ അപേക്ഷ പരിശോധിച്ച് വകുപ്പിന് ശുപാര്‍ശ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. മുസ്ലീം വിവാഹങ്ങളുടെ എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് തെലങ്കാനയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മസിഹുള്ള ഖാന്‍ പറഞ്ഞു. നിലവിലുള്ള എല്ലാ വിവാഹങ്ങളും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Also read-സൗജന്യ റേഷൻ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

    മുമ്പ് പതിനഞ്ചുകാരിയെ ഇരട്ടിപ്രായമുള്ളയാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളായ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടി തന്റെ ദയനീയാവസ്ഥ ചൈല്‍ഡ്‌ലൈനിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തന്നെ നാല് മാസമായി ബന്ധുക്കള്‍ ബലം പ്രയോഗിച്ച് വീട്ടില്‍ ബന്ദിയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഏഴു പേര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും വ്യാജരേഖ ചമച്ചതിനും കേസെടുത്തിരുന്നു. പാലാസിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് 2007 ലാണ് കുട്ടി ജനിച്ചതെന്ന് കണ്ടെത്തി.

    Also read-സിക്കിമിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയടക്കം16 സൈനികർക്ക് വീരമൃത്യു; അപകടം കൊക്കയിലേക്ക് മറിഞ്ഞ്

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം സഹപാഠികള്‍ തടഞ്ഞതും വാര്‍ത്തയായിരുന്നു. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലായിരുന്നു സംഭവം. ഗോലാര്‍ സുശീല ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയുടെ വിവാഹം തടഞ്ഞത്. ഒരാഴ്ചയായി പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ച വിവരം സഹപാഠികള്‍ അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെല്ലാവരും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുകയും അവളെ സ്‌കൂളിലേക്ക് വിടണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവര്‍ വളരെ രഹസ്യമായി പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ വരന്റെ വീട്ടിലെത്തുകയും അവിടെ കുത്തിയിരുന്ന് സമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ വരന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ സഹപാഠികളുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു.

    Published by:Sarika KP
    First published: