പ്രശസ്ത ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റായ ആമസോൺ സ്വകാര്യതാ ലംഘനക്കുരുക്കിൽ. ലാമിനേഷൻ പൗച്ചുകൾ വിൽക്കാൻ ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ 6 വയസ്സുള്ള കുട്ടിയുടെ സാധുവായ ആധാർ കാർഡിന്റെ ചിത്രം അപ്ലോഡ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. ആമസോൺ ഇന്ത്യ അതിന്റെ വെബ്സൈറ്റിൽ ആറു വയസുള്ള കുട്ടിയുടെ ഫോട്ടോ മറയ്ക്കാതെ തന്നെ ആധാർ കാർഡ് ചിത്രം പ്രസിദ്ധീകരിക്കാൻ അനുവദിച്ചു എന്നതാണ് അതിശയിപ്പിക്കുന്നത്. ആധാർ കാർഡിന്റെ ചിത്രത്തിൽ ജനനത്തീയതി, പിതാവിന്റെ പേര്, വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയ്ക്കൊപ്പം ആധാർ നമ്പറും വ്യക്തമായി കാണാനാകും. ന്യൂസ് 18 ടെക് ക്രോസിൽ ഞങ്ങൾ “myaadhaar.uidai.gov.in” വെബ്സൈറ്റിൽ ആധാർ നമ്പർ പരിശോധിച്ചപ്പോൾ അത് സാധുവായ ആധാർ കാർഡാണെന്ന് കണ്ടെത്തി.
"ഐഡന്റിറ്റി തെളിയിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ആധാർ കാർഡ് സ്വതന്ത്രമായി ഉപയോഗിക്കണം, എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ പൊതു പ്ലാറ്റ്ഫോമുകളിൽ ഇടരുത്" എന്ന് അടുത്തിടെ യുഐഡിഎഐ ഉപദേശിച്ചു. ഈ സാഹചര്യത്തിൽ, ആധാർ കാർഡ് ഫോട്ടോ ഒരു മൂന്നാം കക്ഷി ഉപയോഗിച്ചുകൊണ്ട് ആമസോൺ വെബ്സൈറ്റിൽ ഒരു ഉൽപ്പന്നം വിൽക്കാൻ പോസ്റ്റ് ചെയ്തു.
"എന്റെ ഓഫീസ് സ്റ്റേഷനറി" എന്ന പേരിൽ അറിയപ്പെടുന്ന ഒരു സെല്ലറാണ് ആമസോണിൽ ലാമിനേഷൻ പൗച്ചുകൾ വിൽക്കുന്നതിനായി ആറു വയസുകാരിയുടെ ആധാർ കാർഡ് ഉപയോഗിച്ചിരിക്കുന്നത്.
![]()
മുമ്പ്, യുഐഡിഎഐ വെബ്സൈറ്റുകളോടും മീഡിയ ചാനലുകളോടും ആധാർ കാർഡുകളുടെ ദൃശ്യങ്ങൾ സ്റ്റോറികളിലും വീഡിയോകളിലും പങ്കിടുന്നത് ഒഴിവാക്കാനും ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ച് (മാസ്ക്ക് ചെയ്ത്) കാണിക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് ഇന്റർനെറ്റ് കഫേ/ കിയോസ്കിൽ പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അടുത്തിടെ യുഐഡിഎഐ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. “എന്നിരുന്നാലും, നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, ഡൗൺലോഡ് ചെയ്ത ഇആധാറിന്റെ എല്ലാ പകർപ്പുകളും ഇല്ലാതാക്കാൻ ശുപാർശ ചെയ്യുന്നു,” യുഐഡിഎഐ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.