തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ (Electoral Reforms) സംബന്ധിച്ച സുപ്രധാന ബില്ലിന് (Bill) കേന്ദ്ര മന്ത്രിസഭ (Union Cabinet) ബുധനാഴ്ച അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത കാര്യങ്ങളിൽപ്പെടുന്ന, വോട്ടര്‍ ഐഡിയും (Voter id) ആധാര്‍ കാര്‍ഡും (Aadhaar Card) തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന നിർദ്ദേശത്തിന് അനുമതി നൽകുന്നതാണ് ബിൽ. കേന്ദ്രം അനുമതി നല്‍കിയതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബില്‍ നടപ്പിലാക്കും.
ബിൽ പ്രകാരം, ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ നാല് തവണ വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിലവില്‍, എല്ലാ വര്‍ഷവും ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികയുന്നവര്‍ക്ക് ഒരു തവണ മാത്രമേ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ. ഇതുകൂടാതെ, സര്‍വീസ് വോട്ടര്‍മാര്‍ക്കായി തിരഞ്ഞെടുപ്പ് നിയമം ജെൻഡർ ന്യൂട്രലാക്കി മാറ്റും.
പെയ്ഡ് വാര്‍ത്ത കുറ്റകരമാക്കുക, തെറ്റായ സത്യവാങ്മൂലം നല്‍കുന്നതിനുള്ള ശിക്ഷ രണ്ട് വര്‍ഷമായി വര്‍ധിപ്പിക്കുക തുടങ്ങിയ നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഈ വര്‍ഷം ജൂണില്‍, ഈ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് പാനല്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. ആദ്യമായി വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തില്‍ ഒന്നിലധികം രജിസ്‌ട്രേഷന്‍ നടത്താന്‍ അനുവദിക്കുന്ന നിർദ്ദേശവും അതിൽ ഉള്‍പ്പെടുന്നു. 40 ഓളം തിരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിലും പഞ്ചാബിലും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വോട്ടിംഗ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. എന്‍ആര്‍ഐകള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും റിമോട്ട് വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നതും വോട്ടര്‍മാർ ഇരട്ട വോട്ട് രേഖപ്പെടുത്തുന്നത് പൂർണമായി ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള വിപുലമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ 2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഈ വര്‍ഷം തുടക്കത്തിൽ മദ്രാസ് ഐഐടിയുമായും ഐഐടികളിലെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെയും സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായും കൂടിയാലോചിച്ച് റിമോട്ട് വോട്ടിംഗ് സാധ്യമാക്കുന്നതിനുള്ള ഒരു ഗവേഷണ പ്രോജക്ടിന് തെരഞ്ഞെടുപ്പ് പാനല്‍ തുടക്കം കുറിച്ചിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ റിമോട്ട് വോട്ടിംഗ് എന്ന ആശയം വെളിച്ചം കാണുമെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 2015 ല്‍ വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള പദ്ധതി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചെങ്കിലും ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇത് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aadhaar, Election commission of india, Electoral ID card