ന്യൂഡൽഹി: ജലന്ധര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാല്‍ നൂറ്റാണ്ട് നീണ്ട ആധിപത്യം തകർത്ത് ആം ആദ്മി പാര്‍ട്ടി. 58691 വോട്ടിനാണ് ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുശീല്‍ കുമാര്‍ റിങ്കു വിജയിച്ചത്. ഉത്തര്‍പ്രേദശില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ ജയിച്ചു.
ജലന്ധറിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ കുഴഞ്ഞുവീണുമരിച്ച സന്ദോഖ് സിങ് ചൗധരിയുടെ ഭാര്യ കരംജിത് കൗറിനെ രംഗത്തിറക്കിയെങ്കിലും കോൺഗ്രസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ഇതോടെ ലോക്‌സഭയിലെ ഏക എഎപി പ്രതിനിധിയായി സുശീൽ റിങ്കു മാറി. ചതുഷ്‌കോണ മത്സരം നടന്ന ഇവിടെ മൂന്നാമതായി അകാലിദൾ എത്തിയപ്പോൾ ബിജെപിക്ക് കെട്ടിവച്ച പണം നഷ്‌ടപ്പെട്ടു.
യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സുവാർ സീറ്റ് സമാജ്‌വാദി പാർടിയിൽനിന്ന് അപ്‌ന ദൾ പിടിച്ചെടുത്തു. ഇതിനൊപ്പം ചാൻബെ സീറ്റ് അവർ നിലനിർത്തുകയും ചെയ്‌തു. എസ്‌പി കോട്ടയായ റാംപുർ ജില്ലയിലെ സുവാറിൽ ബിജെപി സഖ്യകക്ഷിയായ അപ്‌ന ദൾ സ്ഥാനാർഥി ഷഫീഖ് അഹമ്മദ് അൻസാരി 8724 വോട്ട് ഭൂരിപക്ഷം നേടി. എസ്‌പി നേതാവ് അസം ഖാന്റെ മകൻ അബ്ദുള്ള അസം ഖാനെ രണ്ടുവർഷം തടവിനു വിധിച്ചതാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചാൻബെയിൽ അപ്‌ന ദളിന്റെ റിങ്കി കോൾ ഒമ്പതിനായിരത്തിൽപ്പരം വോട്ടിന് ജയിച്ചു.
Also Read- കോൺഗ്രസിന്‍റെ കർണാടകം; 1994ന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ഒരേയൊരു പാർട്ടി; അതും മൂന്ന് തവണ
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഒഡിഷയിലെ ജാർസുഗുഡ മണ്ഡലം ബിജു ജനതാ ദൾ നിലനിർത്തി. പൊലീസുകാരന്റെ വെടിയേറ്റുമരിച്ച ആരോഗ്യമന്ത്രി നബ ദാസിന്റെ മകൾ കീർത്തി ദാസ് 48,619 വോട്ടിന് ബിജെപിയുടെ തങ്കധർ ത്രിപാഠിയെ തോൽപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam aadmi Party, Congress, Jalandhar