• HOME
 • »
 • NEWS
 • »
 • india
 • »
 • വിജയദശമി ദിനത്തിൽ പതിനായിരത്തോളം പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ എഎപി മന്ത്രിയും; വിവാദമായി സത്യപ്രതിജ്ഞ വീഡിയോ

വിജയദശമി ദിനത്തിൽ പതിനായിരത്തോളം പേർ ബുദ്ധമതം സ്വീകരിച്ച പരിപാടിയിൽ എഎപി മന്ത്രിയും; വിവാദമായി സത്യപ്രതിജ്ഞ വീഡിയോ

അതേസമയം, പരിപാടിക്കിടെ ഹിന്ദു ദേവന്മാരെയും ദേവതകളെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങള്‍ പാലിക്കില്ലെന്നും പ്രതിജ്ഞയെടുക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചു.

 • Share this:
  രാജ്യമെങ്ങും ഒക്ടോബര്‍ 5 ന് ദസറ ( Dussehra) ആഘോഷിക്കുന്ന വേളയില്‍ ഡല്‍ഹിയില്‍ അശോക് വിജയദശമി ആഘോഷിച്ച് ബുദ്ധമതം (Buddhsim) സ്വീകരിക്കാനെത്തിയത് പതിനായിരത്തോളം പേര്‍. ഡല്‍ഹിയിലെ (Delhi) അംബേദ്കര്‍ ഭവനിലാണ് (Ambedkar Bhavan) പതിനായിരത്തോളം ആളുകള്‍ ഒത്തുകൂടുകയും ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തത്.

  ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹിയിലെ സാമൂഹ്യക്ഷേമ മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതവും, ഭാരതീയ ബോധ് മഹാസഭയും, ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. ബി.ആർ അംബേദ്കറിന്റെ മരുമകനായ രാജ്‌രത്ന അംബേദ്കറിനൊപ്പം ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റും, നിരവധി ബുദ്ധ സന്യാസിമാരും പരിപാടിയില്‍ പങ്കെടുത്തതായി ദി മൂക്‌നായക് റിപ്പോര്‍ട്ട് ചെയ്തു.

  മിഷന്‍ ജയ് ഭീം സ്ഥാപകനായ മന്ത്രി പരിപാടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. 'ബുദ്ധ മതത്തിലേക്കുള്ള പരിവർത്തനത്തെ നമുക്ക് ജയ് ഭീം എന്ന് വിളിക്കാം' എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

  അതേസമയം, പരിപാടിക്കിടെ ഹിന്ദു ദേവന്മാരെയും ദേവതകളെയും ആരാധിക്കില്ലെന്നും ഹിന്ദു ആചാരങ്ങള്‍ പാലിക്കില്ലെന്നും പ്രതിജ്ഞയെടുക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചത് വിവാദമായി. വീഡിയോ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

  ഇതിലൂടെ എഎപി പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് ബിജെപി വക്താവ് ഹരീഷ് ഖുറാന പറഞ്ഞു. 'അധികാരത്തിലിരുന്ന് അവരുടെ മന്ത്രിമാര്‍ നമ്മുടെ ഇഷ്ടദൈവങ്ങളെ എങ്ങനെ അപമാനിക്കുന്നു എന്ന് മനസിലാക്കുക' അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  എഎപി പാര്‍ട്ടി 'ഹിന്ദു വിരോധി'യാണെന്നും പാര്‍ട്ടി നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പോകരുതെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്ത ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തില്‍ ഡല്‍ഹി പോലീസിന് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല.

  എഎപി നേതാവ് രാജേന്ദ്ര പാല്‍ ഗൗതമിനെ പുറത്താക്കണമെന്നും ഗുപ്ത ആവശ്യപ്പെട്ടു. 'അദ്ദേഹം അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിയാണ്, 10,000 പേരുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് അദ്ദേഹം ഒരു മതപരമായ പ്രഖ്യാപനം നടത്തിയതെന്നും ആദേശ് ഗുപ്ത പറഞ്ഞു.

  ഇത് ഹിന്ദുമതത്തിനും ബുദ്ധമതത്തിനും അപമാനമാണെന്ന് ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. എഎപി മന്ത്രിമാര്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രിയെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. മന്ത്രിക്കെതിരെ പരാതി നല്‍കുമെന്നും മനോജ് തിവാരി പറഞ്ഞു.

  എന്നാല്‍, ഈ പരിപാടി സംഘടിപ്പിച്ചത് ഭാരതീയ ബോധ് സമാജാണ്. അതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. മന്ത്രിയെന്ന നിലയില്‍ ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്.എന്നാല്‍ ഞാന്‍ പിന്തുടരുന്നത് ബുദ്ധമതമാണ്. ബാബാസാഹേബ് ചൊല്ലിയ അതേ 22 സത്യപ്രതിജ്ഞകളാണ് ഞങ്ങള്‍ ഏറ്റു ചൊല്ലുന്നതെന്ന് ആരോപണങ്ങളോട് പ്രതികരിക്കവെ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു.

  1956-ലാണ് ഡോ.ബി.ആര്‍ അംബേദ്കര്‍ നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ ആറ് ലക്ഷം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചത്. അനുയായികള്‍ ആ ദിവസം അശോക് വിജയദശമിയായി ആഘോഷിക്കുകയും ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

  'ബിജെപി ദേശവിരുദ്ധമാണ്. എനിക്ക് ബുദ്ധമതത്തില്‍ വിശ്വാസമുണ്ട്, അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം?, അവര്‍ പരാതിപ്പെടട്ടെ. ഏത് മതത്തെയും പിന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് നല്‍കുന്നുണ്ട്. ബിജെപിക്ക് എഎപിയെ ഭയമാണ്. അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ കള്ളക്കേസുകള്‍ നല്‍കാന്‍ മാത്രമേ കഴിയൂ' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  Published by:Arun krishna
  First published: