ഇൻഡോറിലെ മുസ്ലീം മേഖലകളിൽ മരണനിരക്ക് അസാധാരണമായി ഉയരുന്നു; കോവിഡുമായി ബന്ധമില്ലെന്ന് അധികൃതർ

ഈ മേഖലയിലെ മരണങ്ങളും കോവിഡ് 19ഉം തമ്മിൽ ബന്ധമില്ലെന്നാണ് ഇൻഡോർ കളക്ടർ മനീഷ് സിംഗ് പറയുന്നത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരായിരുന്നു.. 

News18 Malayalam | news18-malayalam
Updated: April 12, 2020, 12:22 PM IST
ഇൻഡോറിലെ മുസ്ലീം മേഖലകളിൽ മരണനിരക്ക് അസാധാരണമായി ഉയരുന്നു; കോവിഡുമായി ബന്ധമില്ലെന്ന് അധികൃതർ
പ്രതീകാത്മ ചിത്രം
  • Share this:
ഇൻഡോർ: രാജ്യത്തെ കൊറോണ വ്യാപന സാധ്യത കൂടിയ സ്ഥലങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട ഇടമാണ് മധ്യപ്രദേശിലെ ഇൻഡോർ. കോവിഡ് 19 ഹോട്ട്സ്പോട്ടുകളിലൊന്നായി ഇവിടെ രോഗവ്യാപനം തടയാൻ കർശനനിയന്ത്രണങ്ങളും നടപ്പാക്കി വരികയാണ് അധികൃതര്‍. എന്നാൽ ഇതിനിടെയാണ് പുതിയൊരു വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഇൻഡോറിലെ മുസ്ലീം മേഖലകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് മരണനിരക്ക് അസാധാരണമായ നിലയിൽ ഉയരുന്നു എന്ന കാര്യമാണ് അധികൃതരുടെ ശ്രദ്ധയിൽ ഇപ്പോൾ വന്നിരിക്കുന്നത്. ഏപ്രിൽ ഒന്നു മുതല്‍ 9 വരെയുള്ള ദിവസങ്ങളിലായി നഗരത്തിലെ വിവിധയിടങ്ങളിലുള്ള ഖബർസ്ഥാനങ്ങളിലായി 127 പേരുടെ ഖബറടക്കം നടന്നുവെന്നാണ് റിപ്പോർട്ട്. മാർച്ച് മാസം മുഴുവനായി ആകെ 130 ഖബറടക്കങ്ങളെ നടന്നുള്ളു എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് മരണനിരക്കിലെ ഈ അസാധാരണ വർധനവ് അധികൃതരെ ആശയക്കുഴപ്പത്തിലാക്കുന്നത്.

ഇവിടെ മരണപ്പെട്ടവരില്‍ പലരും പലവിധ അസുഖങ്ങളാൽ വലഞ്ഞിരുന്നവരാണ്. ഏപ്രില്‍ 7ന് മരണപ്പെട്ട മുംതാസ് എന്ന വയോധികയെ മൂന്ന് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതാണെന്നാണ് മകൻ പറയുന്നത്. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ന്യൂമോണിയ ആണെന്ന് കണ്ടെത്തിയിരുന്നു. കോവിഡ് പരിശോധനഫലം നെഗറ്റീവും ആയിരുന്നു.

You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]ലോക്ക് ഡൗൺ ലംഘിച്ചു: വിദേശ സഞ്ചാരികളെ കൊണ്ട് 500 തവണ മാപ്പെഴുതിച്ച് പൊലീസ് [NEWS]

ഏപ്രിൽ 6 ന് മരിച്ച കശിഷ് ഉനൈസ് എന്ന 85കാരന് യാതൊരുവിധ അസുഖങ്ങളും ഉണ്ടായിരുന്നില്ല പക്ഷെ പെട്ടെന്ന് മരണം സംഭവിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാള്‍ കുറച്ച് നാൾ മുമ്പ് ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന്റെ അസ്വസ്ഥകൾ ഉണ്ടായിരുന്നുവെന്നും ചെറുമകനായ സാബിർ അലി പറയുന്നു. ഇയാളുടെ കുടുംബത്തിലാർക്കും തന്നെ കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇവിടുത്തെ മരണങ്ങളും കോവിഡും തമ്മിൽ ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ മൂലം ക്ലിനിക്കുകൾ അടക്കം അടച്ച സാഹചര്യത്തിൽ മതിയായ ചികിത്സ ലഭിക്കാത്തതാകാം മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് ഒരു വിലയിരുത്തൽ.

ഈ മേഖലയിലെ മരണങ്ങളും കോവിഡ് 19ഉം തമ്മിൽ ബന്ധമില്ലെന്നാണ് ഇൻഡോർ കളക്ടർ മനീഷ് സിംഗ് പറയുന്നത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവരായിരുന്നു..

' ലോക്ക് ഡൗണിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. വൈറസ് വ്യാപന ഭീതിയിൽ പ്രാദേശിക ക്ലിനിക്കുകളും പ്രവർത്തിക്കുന്നില്ല. ഇതൊക്കെയാണ് എന്റെ അറിവിലുള്ള കാരണങ്ങൾ. മരിച്ചവർക്ക് കൊറോണ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും സംഭവം അന്വേഷിക്കുന്നുണ്ട്' കളക്ടർ അറിയിച്ചു.. മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ചും കൃത്യത വരാനുണ്ടെന്നും സിംഗ് വ്യക്തമാക്കി. 'സാധാരണയായി ഇത്തരം മരണസംഖ്യ കണക്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളുമായാണ് താരതമ്യപ്പെടുത്താറുള്ളത്. എന്നാൽ നിലവിൽ ഗൗരവമായ മറ്റ് അനവധി കാര്യങ്ങൾ ഉള്ളതിനാൽ ഇപ്പോൾ ഒരു താരതമ്യപഠനത്തിന് സമയമില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതായാലും പെട്ടെന്നുണ്ടായ ഈ മരണനിരക്ക് വർധനവിന്റെ കാരണം എന്താണെന്ന് വിശദീകരിക്കാൻ ആയിട്ടില്ലെങ്കിലും ഈ മേഖലകൾ സന്ദർശിക്കാൻ ആരോഗ്യ പ്രവർത്തകരുടെ അറുപത് ടീമുകൾ ജില്ലാഭരണം രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവർ ഈ മേഖലയിലുള്ള കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കും.

മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഖർജന, ബോംബെ ബസാർ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ പ്രത്യേകിച്ചും  ഉംറ കർമ്മം കഴിഞ്ഞ് മടങ്ങിയെത്തിയവർ കോവിഡിന്റെ പശ്ചാത്തലത്തിൽ ഭീതിയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. തീര്‍ഥാടനം കഴിഞ്ഞ വന്ന സമയത്ത് പോലും പരിശോധനയില്ലാതെ എത്തിയവർ, പെട്ടെന്നൊരു ദിവസം പരിശോധനയ്ക്ക് വിധേയരാകേണ്ട ആശങ്ക വേറെയും. ഇതിന് പുറമെ ക്ലിനിക്കുകളെല്ലാം അടച്ചതും പല അസുഖങ്ങളാൽ വലയുന്നവരുടെ പരിഭ്രാന്തി കൂട്ടിയെന്നും ഇവർ പറയുന്നു.കൊറോണ ബാധിതനാകുമെന്ന് മുത്തച്ഛൻ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നാണ് ഏപ്രിൽ 9ന് ബോംബെ ബസാറിൽ മരിച്ച വയോധികന്റെ ചെറുമകൻ പറയുന്നത്. വൈറൽ ഫീവറും പന്നിപ്പനിയുമാണ് ഇവിടുത്തെ മരണസംഖ്യ ഉയര്‍ത്തിയതെന്നാണ് ഖർജനയിലെ മയൂർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. റിയാസ് സിദ്ദീഖി പറയുന്നത്.

ഏതായാലും രാത്രി വൈകിയ സമയങ്ങളിലും അതിരാവിലെയും ഇവിടെ ഖബറടക്ക ചടങ്ങുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻഡോറിലെ മഹൂമിലാണ് ഏറ്റവും കൂടുതൽ മരണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ട് വാസ്തവം അല്ലെന്നാണ് ഇവിടുത്തെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ പ്രതികരണം. അതുപോലെ തന്നെ അടക്കങ്ങൾ സംബന്ധിച്ച് ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ശ്മശാന അധികൃതർക്ക് നിർദേശം നൽകിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

First published: April 12, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading