ഡി പി സതീഷ്
ബെംഗളൂരു: അമേരിക്കൻ സൈനിക കേന്ദ്രം ഇറാൻ ആക്രമിച്ചതിനെ തുടർന്ന യുദ്ധസാധ്യത നിലനിൽക്കുന്ന ഇറാഖിലെ കാൽ ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി. ഇറാഖിൽ എവിടെയും ഇന്ത്യൻ പൗരന്മാർക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യക്കാരനായ ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ പറയുന്നു. ബാഗ്ദാദിൽ നിന്ന് ടെലിഫോണിലൂടെയാണ് അദ്ദേഹം ന്യൂസ് 18 നോട് സംസാരിച്ചത്. ഇറാഖിലെ വിവിധ തൊഴിൽ കേന്ദ്രങ്ങളിലായി 25000ത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. വടക്കൻ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിലെ തലസ്ഥാനമായ എർബിലിൽ ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്.
സ്വകാര്യകമ്പനികളിലും എണ്ണഖനന മേഖലകളിലുമാണ് കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. ബാഗ്ദാദിലും തെക്കൻ തുറമുഖ നഗരമായ ബസ്രയിലും നിരവധി ഇന്ത്യക്കാരുണ്ട്. അതേസമയം ഈ മേഖലകളിലെല്ലാം യുദ്ധഭീതി നിലനിൽക്കുണ്ടെന്ന് യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. പക്ഷേ, എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണ്. ബാഗ്ദാദിലെ ഇന്ത്യയുടെ അംബാസഡറിൽ നിന്നും ഇറാഖ് സർക്കാരിൽ നിന്നും ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. യുഎൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ കൂടുതൽ ഇന്ത്യക്കാരെ രാജ്യത്തേക്ക് അനുവദിക്കരുതെന്ന് യുഎൻ അനൗദ്യോഗികമായി ഇറാഖിലെ ഇന്ത്യൻ അംബാസഡറെ ഉപദേശിച്ചു. എണ്ണ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ മികച്ച ശമ്പളമുള്ള കുറച്ച് എക്സിക്യൂട്ടീവുകൾ ഒഴികെ ബാക്കിയുള്ളവരിൽ ഭൂരിഭാഗം ഇന്ത്യക്കാരും എണ്ണ, അടിസ്ഥാന സൌകര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്.
“ധാരാളം ഇന്ത്യക്കാർ എർബിലിലാണ്. കുർദിസ്ഥാൻ ഒരു സുരക്ഷിത പ്രദേശമായിരുന്നു. എന്നാൽ, എർബിലിനടുത്തുള്ള യുഎസ് താവളം ഇറാൻ ആക്രമിച്ചു. ഇത് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇനിയും ആക്രമണങ്ങളുണ്ടായാൽ സ്ഥിതിഗതികൾ ആശങ്കാജനകമാകും. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് മോസുലിൽ 40 ഓളം ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഇറാഖിൽ എവിടെയും ഇന്ത്യക്കാർക്കെതിരെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതികൾ ഒരു യുദ്ധത്തിലേക്ക് നയിക്കുകയാണെങ്കിൽ, ഇറാഖിൽ ജോലി ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഐ.എസ് ആക്രമണങ്ങളുണ്ടായേക്കാം"- അദ്ദേഹം പറഞ്ഞു.
“ഇറാഖിൽ യുദ്ധം ആരംഭിക്കാനുള്ള സാധ്യത കൂടുതലാണ്. ജനുവരി ഏഴിന് ബാഗ്ദാദിൽ നിന്ന് തിക്രിത്തിലേക്ക് 180 കിലോമീറ്റർ വടക്കുമാറിയുള്ള പ്രദേശങ്ങളിൽ ആക്രമണസാധ്യത പ്രതീക്ഷിച്ചിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ ഇറാഖിലെ രണ്ട് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. എർബിലിനെ ഒരു സുരക്ഷിത മേഖലയായും പലായനം ഉണ്ടാകുന്ന സ്ഥലമായുമാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥലം ഇറാന്റെ ലക്ഷ്യത്തിലുള്ളതാണ്”- നയതന്ത്രജ്ഞൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.