• HOME
  • »
  • NEWS
  • »
  • india
  • »
  • Drugs | കശ്മീരില്‍ അര ലക്ഷത്തിലധികം പേർ ലഹരി അടിമകള്‍; 95% ആളുകളും ഉപയോഗിക്കുന്നത് ഹെറോയിന്‍: സര്‍വേ

Drugs | കശ്മീരില്‍ അര ലക്ഷത്തിലധികം പേർ ലഹരി അടിമകള്‍; 95% ആളുകളും ഉപയോഗിക്കുന്നത് ഹെറോയിന്‍: സര്‍വേ

കശ്മീരില്‍ ഹെറോയിന്‍ ഉപയോഗിച്ച് തുടങ്ങുന്നവരുടെ ശരാശരി പ്രായം 22

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കശ്മീരിലെ ആകെ ജനസംഖ്യയുടെ 2.8 ശതമാനമെങ്കിലും ലഹരി (drugs) ഉപയോഗിക്കുന്നവരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സര്‍വേ (survey). 52,404ത്തോളം പേർ നിലവില്‍ ലഹരിമരുന്നിനെ ആശ്രയിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. ലഹരിമരുന്നിനെ ആശ്രയിക്കുന്നവരില്‍ ഏകദേശം 95% പേരും ഹെറോയിന്‍ (heroin) ഉപയോഗിക്കുന്നവരാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കശ്മീരില്‍ (Kashmir) ഹെറോയിന്‍ ഉപയോഗിച്ച് തുടങ്ങുന്നവരുടെ ശരാശരി പ്രായം 22 ആണ്.

    ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഐഎംഎച്ച്എന്‍എസ്), സാമൂഹ്യക്ഷേമ വകുപ്പിന്റെയും ആരോഗ്യ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയാണ് സര്‍വേ നടത്തിയത്. കശ്മീരിലെ 10 ജില്ലകളിലും ലഹരിമരുന്ന് ദുരുപയോഗം സംബന്ധിച്ച് നടത്തിയ ആദ്യ സര്‍വേയാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    കശ്മീരിലെ മൊത്തം ജനസംഖ്യയുടെ 2.8 ശതമാനമെങ്കിലും ലഹരി ഉപയോഗിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിനര്‍ത്ഥം ഇവരില്‍ പലരും മുന്‍പോ ഇപ്പോഴോ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും ലഹരി ആശ്രിതരുടെ വിഭാഗത്തില്‍ പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീരിലെ 10 ജില്ലകളിലെ മൊത്തം ജനസംഖ്യയുടെ 25.2 ശതമാനത്തിലധികം വരുന്ന തൊഴില്‍രഹിതരായ ആളുകളിലാണ് ലഹരി ഉപയോഗം കൂടുതലായി കാണപ്പെടുന്നതെന്നും സര്‍വേ പറയുന്നു.

    കൂടാതെ, കശ്മീരില്‍ ഹെറോയിന്‍ ഉപയോഗിച്ച് തുടങ്ങുന്നവരുടെ ശരാശരി പ്രായം 22 ആണ്. എന്നാല്‍, ശരാശരി 28 വയസ്സുള്ള യുവാക്കളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുതലാണ്. കശ്മീരിലെ എല്ലാ ജില്ലകളിലും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥം ഒപിയോയിഡുകള്‍ ആണെന്നും പഠനം പറയുന്നു. ഒരു ഉപയോക്താവ് ഒരു മാസം ശരാശരി 88,000 രൂപ ഹെറോയിന്‍ വാങ്ങാന്‍ ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

    ജമ്മു കശ്മീരില്‍ മയക്കുമരുന്ന് ദുരുപയോഗ കേസുകള്‍ 2,000% വര്‍ധിച്ചതായി സിഎന്‍എന്‍-ന്യൂസ് 18 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഓറല്‍ സബ്സ്റ്റിറ്റിയൂഷന്‍ തെറാപ്പി സെന്ററില്‍ (OST) 489 രോഗികളുടെ റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 2021ല്‍ ഇത് 10,000 കടന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഇത്രയും വലിയ വര്‍ധനവ് സുരക്ഷാ ഏജന്‍സികള്‍ എങ്ങനെയാണ് പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് നാര്‍ക്കോ ടെററിസമായി കാണുന്നതെന്നും റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു.

    ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് എന്‍ജിഒ ഛോട്ടയ് തരേയുടെ ആക്ടിവിസ്റ്റും സ്ഥാപകനുമായ അര്‍ജുമന്ദ് മഖ്ദൂമി പറഞ്ഞത്. 'മൊത്തം ജനസംഖ്യയുടെ 2.8% എന്നത് ഒരു വലിയ സംഖ്യ തന്നെയാണ്. മാത്രമല്ല, 52,000-ത്തിലധികം ആളുകള്‍ ഹെറോയിന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഈ സ്ഥിതി പേടിപ്പെടുത്തുന്നതാണ്. ഇതിനെ മുന്‍ഗണനാക്രമത്തില്‍ കൈകാര്യം ചെയ്യണം. ഞങ്ങളുടെ എന്‍ജിഒയില്‍ തന്നെ പല കുടുംബങ്ങളും നശിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. മാത്രമല്ല, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഭീഷണി സമൂഹത്തില്‍ മറ്റ് കുറ്റകൃത്യങ്ങള്‍ക്കും കാരണമാകും. ഇപ്പോള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി വളരെ മോശമാകും," അദ്ദേഹം പറഞ്ഞു.

    Summary: About 50000 people in Kashmir are addicted to narcotic products, finds a survey. Most prevalent is the use of heroin
    Published by:user_57
    First published: