• HOME
  • »
  • NEWS
  • »
  • india
  • »
  • നരേന്ദ്ര മോദിയ്ക്കെതിരെ പരാമർശം നടത്തിയ പവന്‍ ഖേര; യൂത്ത് കോണ്‍ഗ്രസിൽ നിന്ന് കോണ്‍ഗ്രസ് വക്താവിലെത്തിയ നേതാവ്

നരേന്ദ്ര മോദിയ്ക്കെതിരെ പരാമർശം നടത്തിയ പവന്‍ ഖേര; യൂത്ത് കോണ്‍ഗ്രസിൽ നിന്ന് കോണ്‍ഗ്രസ് വക്താവിലെത്തിയ നേതാവ്

ഡല്‍ഹി വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്

പവന്‍ ഖേര

പവന്‍ ഖേര

  • Share this:

    ന്യൂഡല്‍ഹി: പ്രധാനമന്ത്രിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അസം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാനത്താവളത്തിൽ വെച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

    എന്നാല്‍ പിന്നീട് ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി 28വരെയാണ് ജാമ്യ കാലാവധി. കേസ് ഫെബ്രുവരി 27ന് കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

    ഇതോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് പവന്‍ ഖേര എന്ന കോൺഗ്രസ് നേതാവ്. അദ്ദേഹത്തെപ്പറ്റി അറിയേണ്ടതെല്ലാം.

    ആരാണ് പവന്‍ ഖേര ?

    1980കളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായി ഉയര്‍ന്നുവന്ന വ്യക്തിയാണ് പവന്‍ ഖേര. രാജസ്ഥാനിലെ ഉദയ്പൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. 1991ലെ രാജീവ് ഗാന്ധി വധത്തിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിട്ടിരുന്നു.

    പിന്നീട് 1998ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേർന്നു. ഡല്‍ഹി കോണ്‍ഗ്രസ് നേതാവായി നിന്ന് രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങിയ ഷീല ദീക്ഷിതിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു പവന്‍ ഖേരയുടെ ചുമതല.

    തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിത് വിജയിച്ചു. തുടര്‍ന്ന് അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി അദ്ദേഹം നിയമിക്കപ്പെട്ടു. ഏകദേശം 15 വര്‍ഷത്തോളം ഖേര ഇതേ പദവിയില്‍ ഇരുന്നു. 2013ലാണ് അദ്ദേഹം ഈ പദവിയില്‍ നിന്ന് പടിയിറങ്ങിയത്.

    2015 ആയപ്പോഴേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു മുഖമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. പ്രധാന ടിവി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് മുഖമായി അദ്ദേഹം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

    2018ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായി അദ്ദേഹത്തെ നിയമിച്ചു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് ഖേരയെ ഈ പദവിയിലേക്ക് നിയമിച്ചത്.

    അതിന് ശേഷം പാര്‍ട്ടിയുടെ പ്രധാന എതിരാളിയായ ബിജെപിയ്‌ക്കെതിരെ കനത്ത വിമര്‍ശനങ്ങളുമായി ഖേര രംഗത്തെത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ പ്രധാന നയങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

    2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനായി കോണ്‍ഗ്രസ് നിയമിച്ച പോള്‍ കമ്മിറ്റിയുടെ കണ്‍വീനറായും ഖേര നിയമിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മെയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഖേരയുടെ പേരും ഉയര്‍ന്നുകേട്ടെങ്കിലും അവസാന നിമിഷത്തില്‍ ഖേരയ്ക്ക് സീറ്റ് നഷ്ടപ്പെടുകയായിരുന്നു. 2022 ജൂണില്‍ ഖേരയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാധ്യമ വിഭാഗത്തിന്റെ തലവനായി നിയമിച്ചിരുന്നു.

    പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള ഖേരയുടെ പരാമര്‍ശം

    ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരാമര്‍ശിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പവന്‍ ഖേര തെറ്റായി ഉച്ചരിച്ചത് വാര്‍ത്തയായിരുന്നു. നരേന്ദ്ര ഗൗതംദാസ് മോദി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പേര് പറഞ്ഞപ്പോള്‍ മാറിപ്പോയതാണ് എന്നാണ് അന്ന് അദ്ദേഹം അതിന് വിശദീകരണം നല്‍കിയത്. എന്നാല്‍ ഈ വിഷയത്തില്‍ കനത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

    പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പിതാവിനെയും അപമാനിക്കുന്നതാണ് ഖേരയുടെ പരാമര്‍ശം എന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. തുടര്‍ന്ന് ബിജെപി എംഎല്‍സി മുകേഷ് ശര്‍മ്മ ഖേരയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ലക്‌നൗ ഹസ്രത്ഗഞ്ച് കോട്വാളി പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം ഖേരയ്‌ക്കെതിരെ പരാതി നല്‍കിയത്.

    “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം അദാനിയുടെ പേര് കൂട്ടിച്ചേര്‍ത്താണ് ഖേരയുടെ പരാമര്‍ശം. പ്രധാനമന്ത്രിയെ പരിഹസിക്കുന്നതിന് തുല്യമാണിത്,” മുകേഷ് ശര്‍മ്മ പറഞ്ഞു.

    Published by:user_57
    First published: