HOME /NEWS /India / CBI തലപ്പത്ത് പുതിയ മുഖം; ആരാണ് പ്രവീൺ സൂദ്?

CBI തലപ്പത്ത് പുതിയ മുഖം; ആരാണ് പ്രവീൺ സൂദ്?

പ്രവീൺ സൂദ്

പ്രവീൺ സൂദ്

മെയ് 25-ന് കാലാവധി അവസാനിക്കുന്ന സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന് പകരമാണ് സൂദ് ചുമതലയേൽക്കുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    കർണാടക പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) പ്രവീൺ സൂദിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് പ്രവീൺ സൂദിനെ സിബിഐയുടെ പുതിയ ഡയറക്ടറായി നിശ്ചയിച്ചത്. മെയ് 25-ന് കാലാവധി അവസാനിക്കുന്ന സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന് പകരമാണ് സൂദ് ചുമതലയേൽക്കുന്നത്. രണ്ട് വർഷത്തേക്ക് അദ്ദേഹം ഉന്നത കേന്ദ്ര അന്വേഷണ ഏജൻസിയുടെ തലപ്പത്തുണ്ടാകും.

    1986-ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥനായ സൂദ് ഹിമാചൽ പ്രദേശ് സ്വദേശിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT)-ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM)-ബാംഗ്ലൂർ, ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സൂദ്.

    ഐപിഎസ് നേടിയ ശേഷം 1989ൽ മൈസൂരിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പോസ്റ്റിംഗ്. 2004നും 2007നും ഇടയിൽ പോലീസ് കമ്മീഷണറായി മൈസൂരിലേക്ക് തന്നെ മടങ്ങിയെത്തി. ഈ കാലത്താണ് കറാച്ചിയിൽ നിന്നുള്ള ഫഹദ് എന്ന മുഹമ്മദ് കോയയെയും ജഹാംഗീർ എന്ന മുഹമ്മദ് അലി ഹുസൈനെയും (ഇരുവരും അൽ ബാദർ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു) 2006 ഒക്‌ടോബർ 26-ന് രാത്രിയുണ്ടായ വെടിവെയ്പിനിടയിൽ വച്ച് അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തു നിയമത്തിന്റെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും (പിഎംഎൽഎ) അടിസ്ഥാനത്തിൽ രാഷ്ട്രത്തിനെതിരെ പ്രവർത്തിച്ചതിന് ഈ ഭീകരർ പിന്നീട് ശിക്ഷിക്കപ്പെട്ടു.

    2008 മുതൽ 2011 വരെ ബംഗളൂരുവിലെ ട്രാഫിക് അഡീഷണൽ കമ്മീഷണറായിരുന്നു. 2013-ൽ കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനായി. ഈ കാലഘട്ടത്തിൽ കോർപറേഷന്റെ വിറ്റുവരവ് വെറും ഒമ്പത് മാസത്തിനുള്ളിൽ 160 കോടി രൂപയിൽ നിന്ന് 282 കോടി രൂപയായി ഉയർത്തി.

    കർണാടകയിൽ ഭരണപരമായ വിവിധ കടമകൾ നിർവഹിക്കുന്നതിന് പുറമെ ബെംഗളൂരുവിലുടനീളം 276 എമർജൻസി റെസ്‌പോൺസ് വെഹിക്കിളുകളുടെ (ഹൊയ്‌സാല) സഹായത്തോടെ 24×7 പിന്തുണ നൽകുന്ന ‘എമർജൻസി റെസ്‌പോൺസ് സിസ്റ്റം’ ആയ ‘നമ്മ 100’ സ്ഥാപിച്ചത് സൂദിന്റെ നേതൃത്വത്തിലായിരുന്നു. ‘സുരക്ഷ’ ആപ്പും വനിതാ ഉദ്യോഗസ്ഥർ നടത്തുന്ന ‘പിങ്ക് ഹോയാസല’ യും സ്ഥാപിച്ചതിൽ സൂദിന്റെ പങ്ക് വളരെ വലുതാണ്. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു അത്.

    1996-ൽ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡൽ, 2002-ൽ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ, 2011-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ, 2006-ൽ പ്രിൻസ് മൈക്കൽ ഇന്റർനാഷണൽ റോഡ് സേഫ്റ്റി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കും ട്രാഫിക് മാനേജ്‌മെന്റിനുമുള്ള അദ്ദേഹത്തിന്റെ സംഭാവനയും 2011-ൽ “ട്രാഫിക് മാനേജ്‌മെന്റിനുള്ള സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ ഉപയോഗത്തിന്” ദേശീയ ഇ-ഗവേണൻസ് ഗോൾഡ് അവാർഡും കിട്ടിയിരുന്നു.

    “ബിജെപിയോട് പക്ഷപാതം പുലർത്തുന്നു” എന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആരോപിച്ചതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. അധികാരത്തിലെത്തിയ ശേഷം സൂദിനെതിരെ കർശന നടപടിയെടുക്കുമെന്ന് ശിവകുമാർ പറഞ്ഞിരുന്നു. അദ്ദേഹം (ഡിജിപി) കഴിഞ്ഞ മൂന്ന് വർഷമായി സർവീസിലുണ്ട്, ഇനിയും എത്ര ദിവസം ബിജെപി പ്രവർത്തകനായി തുടരും? കോൺഗ്രസ് നേതാക്കൾക്കെതിരെ 25 ഓളം കേസുകളാണ് അദ്ദേഹം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും ശിവകുമാർ പറഞ്ഞു.

    നിയമന കമ്മിറ്റിയിലെ കോൺഗ്രസിന്റെ പ്രതിനിധി ചൗധരി, സൂദിന്റെ ശുപാർശയ്‌ക്കെതിരെ വിയോജനക്കുറിപ്പ് സമർപ്പിച്ചിട്ടുണ്ട്. സി.ബി.ഐയിലെ ഡയറക്ടർ നിയമനത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ യഥാർത്ഥ പാനലിൽ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും അവസാന നിമിഷമാണ് അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയതെന്നും ചൗധരി പറഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് സൂദിന്റെ നിയമനം.

    First published:

    Tags: Cbi, Cbi director, Cbi director post