കൊൽക്കത്ത: ശിരോവസ്ത്രം ധരിച്ച് ഹനുമാൻ ചാലിസ മന്ത്രം ഉരുവിടുന്ന പരിപാടിയിൽ പങ്കെടുത്തതിന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുത്തലാഖ് കേസിലെ പരാതിക്കാരിയും ബിജെപി നേതാവുമായ ഇഷ്രത് ജഹാൻ പൊലീസിനെ സമീപിച്ചു. അടുത്ത ബന്ധുവും ഭൂവുടമയും അടക്കം അപമാനിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗോലാബാരി പൊലീസിൽ നൽകിയ പരാതിയിൽ ഇസ്രത് ജഹാൻ പറയുന്നു.
മകന്റെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി പ്രദേശവാസികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ തന്നെ വളയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ' ശിരോവസ്ത്രം ധരിച്ച് ഹനുമാൻ ചാലിസ മന്ത്രം ഉരുവിടുന്ന ചടങ്ങിൽ പങ്കെടുത്തതുവഴി ഞാൻ മുസ്ലിം സമുദായത്തെ നിന്ദിച്ചുവെന്നാണ് അവർ പറഞ്ഞത്. ഒരുകൂട്ടം ആളുകൾ വീട് വളയുകയും ഞാൻ എന്തിന് ശിരോവസ്ത്രം ധരിച്ച് ചടങ്ങിൽ പങ്കെടുത്തുവെന്നും ചോദിച്ചു'- ജഹാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
'ഉടൻ വീടുവിട്ടുപോകണമെന്നും അല്ലെങ്കിൽ ബലംപ്രയോഗിച്ച് പുറത്താക്കുമെന്നും അവർ വിളിച്ചുപറഞ്ഞു. എനിക്കെതിരെ വധഭീഷണിയും മുഴക്കി. എനിക്ക് സുരക്ഷ വേണം. താനും മകനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഏതുസമയം വേണമെങ്കിലും എനിക്ക് എന്തും സംഭവിക്കാം'- ഇഷ്രത്ത് ജഹാൻ പറയുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 'മതേതര രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഏത് ആഘോഷങ്ങളിലും പങ്കെടുക്കാനുള്ള ജനാധിപത്യപരമായ അവകാശം നമുക്കുണ്ട്. ഞാൻ എന്റെ കടമയാണ് നിറവേറ്റിയത്. എന്റെ കുടുംബത്തിൽ നിന്ന് പോലും ഇതിന്റെ പേരിൽ വധഭീഷണി നേരിടുകയാണ്'- പരാതിയിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.