വസ്ത്രധാരണ വിവാദം; ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിർദിയിൽ പ്രവേശന വിലക്ക്
വസ്ത്രധാരണ വിവാദം; ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിർദിയിൽ പ്രവേശന വിലക്ക്
ഡിസംബർ പതിനൊന്ന് വരെ തൃപ്തിക്ക് ഷിർദി മുൻസിപ്പൽ പരിധിക്കുള്ളിൽ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
മുംബൈ: ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയിലെ ഷിർദി മേഖലയിൽ പ്രവേശന വിലക്ക്. ഷിർദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണനിർദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. 'ഭക്തർ മാന്യമായ വസ്ത്രങ്ങൾ ധരിക്കണ'മെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബോർഡ് ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനെതിരെ രംഗത്തെത്തിയ തൃപ്തി, ഈ ബോർഡുകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താനും മറ്റ് ആക്ടിവിസ്റ്റുകളും ചേർന്ന് നേരിട്ടെത്ത് നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ മേഖലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് തൃപ്തിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.
ഡിസംബർ പതിനൊന്ന് വരെ തൃപ്തിക്ക് ഷിർദി മുൻസിപ്പൽ പരിധിക്കുള്ളിൽ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ക്ഷേത്രത്തിലെ വസ്ത്രധാരണ നിർദേശങ്ങൾക്കെതിരെ കടുത്ത ഭാഷയിലായിരുന്നു തൃപ്തി പ്രതികരിച്ചത്. പൂജാരിമാർ പാതി നഗ്നരായി നിൽക്കുന്നതിൽ ഭക്തർ എതിർപ്പ് പ്രകടിപ്പിക്കാറില്ല. അതുപോലെ ഭക്തർക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്തരുതെന്നും ഭക്തനെയോ ഭക്തയെയോ അവർ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.
ഇതിനൊപ്പമാണ് ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ ഡിസംബർ പത്തിന് നേരിട്ടെത്തി നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയത്. പിന്നാലെയാണ് പ്രവേശന വിലക്കെത്തിയിരിക്കുന്നത്. അതേസമയം ഭക്തർക്ക് യാതൊരു വിധ ഡ്രസ് കോഡും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ക്ഷേത്രം അധികാരികളുടെ വിശദീകരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.