Deep Sidhu Arrested | കർഷകരുടെ ട്രാക്ടർ റാലിക്കിടയിലെ സംഘർഷം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ
Deep Sidhu Arrested | കർഷകരുടെ ട്രാക്ടർ റാലിക്കിടയിലെ സംഘർഷം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ
ദീപ് സിദ്ധുവിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപയും ഡൽഹി പൊലീസ് വാഗ്ദാനം നൽകിയിരുന്നു.
Deep Sidhu
Last Updated :
Share this:
ന്യൂഡൽഹി: പഞ്ചാബി താരം ദീപ് സിദ്ധു അറസ്റ്റിൽ. റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകരുടെ റാലിക്കിടെയുണ്ടായ അതിക്രമ സംഭവങ്ങൾക്ക് പ്രേരണ നൽകിയെന്നാരോപിച്ച് ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കർഷകറാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അതിക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിന് പങ്കുണ്ടെന്ന് കർഷകർ അടക്കം ആരോപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ദീപ് സിദ്ധുവിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരുലക്ഷം രൂപയും ഡൽഹി പൊലീസ് വാഗ്ദാനം നൽകിയിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പഞ്ചാബിൽ നിന്നും ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി സംഘർഷത്തിലാണ് കലാശിച്ചത്. ചെങ്കോട്ടയിൽ അടക്കം അതിക്രമം അഴിച്ചുവിട്ടും പതാക ഉയർത്തിയും നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നൽകിയത് ദീപ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് ആരോപണം. കേന്ദ്രത്തിന്റെ കാർഷിക നയങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാന അതിർത്തികളിൽ ദിവസങ്ങളായി സമരം ചെയ്യുന്ന കർഷകരുടെ പ്രതിഷേധത്തിന് അക്രമത്തിന്റെ മുഖം നൽകിയ സംഭവമായിരുന്നു അന്ന് അരങ്ങേറിയത്. ഇതിന് പിന്നാലെ തന്നെ ദീപ് സിദ്ധുവിനെ തള്ളി കർഷക സംഘടനകളും രംഗത്തെത്തിയിരുന്നു.
ചെങ്കോട്ടയിൽ അതിക്രമങ്ങൾക്ക് കർഷകരെ പ്രേരിപ്പിച്ചത് ദീപ് സിദ്ധുവാണെന്ന് ആരോപിച്ചാണ് പൊലീസ് അദ്ദേഹത്തിനെതിരെ കേസ് ചുമത്തി ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപി അഡ്രസ്സ് ട്രേസ് ചെയ്യാതിരിക്കുന്നതിനായി കാലിഫോർണിയയിലുള്ള സുഹൃത്ത് വഴിയാണ് ഇയാൾ ഫേസ്ബുക്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നതെന്നാണ് സ്പെഷൽ സെൽ ഡിസിപി അറിയിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങൾക്ക് തൊട്ടടുത്ത ദിവസം ദീപ് സിദ്ധു തന്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സംഭവങ്ങൾക്ക് സാമുദായിക നിറം നൽകരുതെന്നും പ്രതിഷേധക്കാരെ മതമൗലികവാദികളെന്നോ തീവ്രവിഭാഗക്കാരെന്നോ വിളിക്കരുതെന്നായിരുന്നു വീഡിയോയിലൂടെ പറഞ്ഞത്.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക മാർച്ചിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് എത്തിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തിയിരുന്നു. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പൊലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് കര്‍ഷകര്‍ ഇടിച്ചുമാറ്റിയാണ് ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.