നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് വൈകും; ഡിസംബർ വരെ സമയം വേണമെന്ന് ആവശ്യം

    അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത് വൈകും; ഡിസംബർ വരെ സമയം വേണമെന്ന് ആവശ്യം

    2021 ജനുവരി 19 ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാർ പ്രകാരം ആറ് മാസത്തിനുള്ളിൽ  തിരുവനന്തപുരം, ജയ്പൂർ, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ

    Trivandrum_airport

    Trivandrum_airport

    • Share this:
    ന്യൂഡൽഹി: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് വൈകും. കോവിഡ്  രണ്ടാം തരംഗം മൂലമുണ്ടായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നൽകി. 2021 ജനുവരി 19 ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാർ പ്രകാരം ആറ് മാസത്തിനുള്ളിൽ  തിരുവനന്തപുരം, ജയ്പൂർ, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

    ആദ്യഘട്ടത്തിൽ കരാറിൽ ഏർപ്പെട്ട അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന്  എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന് ആറുമാസത്തെ അധിക സമയം അനുവദിച്ചിരുന്നു. കോവിഡ് കാരണം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സം നേരിട്ടതോടെ വ്യോമയാനമേഖല ഭീമമായ നഷ്ടത്തിലാണ്.  നിലവിൽ ഏറ്റെടുത്ത വിമാനത്താവളങ്ങളിൽ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനമെന്ന് വിമർശനമുണ്ട്.

    50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും കൈമാറിക്കൊണ്ടാണ് അദാനി എയർപോർട്ട് ലിമിറ്റഡും എയർ പോർട്ട് അതോറിറ്റിയും തമ്മിലുള്ള കരാർ.തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, എയർപോർട്ട് അതോറിറ്റി തൊഴിലാളി സംഘടനയും നൽകിയ ഹർജികൾ  സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

    Also Read- അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തകർച്ച; വിദേശ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

    തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി  ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇക്കഴിഞ്ഞ ഒക്ടോബറിൽ തള്ളിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും കെ എസ് ഐ ഡി സി യും  സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സര്‍ക്കാര്‍ ആണ് പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാന്‍ സാധ്യമല്ല എന്ന് നിരിക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി.
     ടെന്‍ഡര്‍ നടപടിയുമായി ആദ്യം സഹകരിച്ചു പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്നതും അംഗീകരിക്കാനാകില്ല. വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു.  ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

    ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് തിരുവനന്തപുരം വിമാനത്താവളം അമ്പത് കൊല്ലത്തേക്കു ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. വിമാനത്താവള വികസനം സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം‚നവീകരണം തുടങ്ങിയ എല്ലാ ചുമതലകളും സ്വകാര്യ കമ്പനിക്ക് ആയിരിക്കും

    തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നേരത്തെ തന്നെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ചാണ് സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കേന്ദ്ര സര്‍ക്കാര്‍ കൈമാറുന്നത്.
    Published by:Anuraj GR
    First published:
    )}