രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം. 60 വയസിനു മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ഈ നിക്ഷേപ പദ്ധതിക്ക് പ്രതിവർഷം 8.2 ശതമാനം പലിശയാണ് ലഭിക്കുന്നത്. സുരക്ഷിത നിക്ഷേപം ആണെങ്കിലും ഈ സ്‌കീമിന് ചില ദോഷങ്ങളുമുണ്ട്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിന് മുൻപ് പദ്ധതിയുടെ ഗുണദോഷങ്ങൾ അറിഞ്ഞിരിക്കണം. അവ എന്തൊക്കെയാണെന്നു നോക്കാം.
ഗുണങ്ങൾ
1. നികുതി ആനുകൂല്യങ്ങൾ:
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതനുസരിച്ച് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.
2. സുരക്ഷിത നിക്ഷേപം
സർക്കാർ ആവിഷ്കരിച്ച പദ്ധതിയായതിനാൽ തന്നെ ഇതൊരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ്. ഇതിൽ നിക്ഷേപകന് നഷ്‌ടം വരാനുള്ള സാധ്യത കുറവാണ്. ഈ പദ്ധതിയിൽ ഒരാൾക്ക് 30 ലക്ഷം രൂപ വരെ നിക്ഷേപിക്കുകയും ചെയ്യാം.
3. കാലാവധി തീരുന്നതിനു മുൻപ് പിൻവലിക്കാം
ഈ പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ ലഭിക്കില്ല. അടച്ച പണം മാത്രം തിരികെ നൽകും.
4. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്ക് അക്കൗണ്ടുകൾ ട്രാൻസ്ഫർ ചെയ്യാം
നിക്ഷേപകൻ മറ്റൊരിടത്തേക്ക് താമസം മാറുകയാണെങ്കിൽ, അവർക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേക്കോ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്കോ അക്കൗണ്ട് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.
ദോഷങ്ങൾ
1. ക്ലെയിം ചെയ്യാത്ത പലിശക്കു മേൽ അധിക പലിശ ഉണ്ടാകില്ല
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഓരോ പാദത്തിലും നിക്ഷേപകന് പലിശ നൽകുന്നുണ്ട്. അക്കൗണ്ട് ഉടമ ഈ പലിശ ക്ലെയിം ചെയ്തില്ലെങ്കിൽ, ഇതിനു മേൽ അധിക പലിശ ഉണ്ടാകില്ല,
2. ടാക്സ് ഡിടക്ടഡ് അറ്റ് സോഴ്സ്
ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, അത് വരുമാന സ്രോതസായി കണക്കാക്കി നികുതി പിടിക്കും. ഇതിന് ടാക്സ് ഡിടക്ടഡ് അറ്റ് സോഴ്സ് (Tax Deducted at Source (TDS)) എന്നാണ് പറയുക.
3. സ്ഥിര പലിശ നിരക്ക്
സ്കീമിന് കീഴിലുള്ള പലിശ നിരക്ക് മുൻകൂട്ടി നിശ്ചയിച്ചിരിക്കും, അതായത് മുമ്പ് അക്കൗണ്ട് തുറന്ന വ്യക്തികൾക്ക് പുതിയ പലിശ നിരക്ക് വേണമെങ്കിൽ ഇവർ പുതിയ അക്കൗണ്ട് തുറക്കേണ്ടി വരും. ഇതിന് ചാർജ് നൽകേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.