ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ്, ഡിഫൻസ് എക്‌സിബിഷനായ എയ്‌റോ ഇന്ത്യയുടെ (Aero India) 14-ാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. പരിപാടിയുടെ ഭാഗമായി എയർ ഷോയും സംഘടിപ്പിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഷോയിൽ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദർശനങ്ങളും ഉണ്ടാകും. ബഹിരാകാശ രംഗത്തെയും, പ്രതിരോധ രംഗത്തെയും വിവിധ കമ്പനികൾ മേളയുടെ ഭാഗമാകും. ”ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റണ്‍വേ” (The Runway to a Billion Opportunities) എന്നാണ് എയ്‌റോ ഇന്ത്യ 2023 ന്റെ തീം.
ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സ്മരണികാ സ്റ്റാമ്പുകളും (commemorative stamps) പ്രകാശനം ചെയ്തു. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ സാധ്യതകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ ഷോ എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi watches spectacular Flypast at the 14th edition of #AeroIndia2023 in #Bengaluru @IAF_MCC pic.twitter.com/i3WJ7t5aYh
— DD News (@DDNewslive) February 13, 2023
”ആധുനിക ഇന്ത്യക്ക് എന്തെല്ലാം സാധിക്കും എന്നതിന് ബെംഗളൂരുവിന്റെ ആകാശം സാക്ഷിയാകുകയാണ്. ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് ബെംഗളൂരു സാക്ഷ്യപ്പെടുത്തുന്നു. രാജ്യം പുതിയ ഉയരങ്ങളിലേക്ക് എത്തുകയും ചിലത് മറികടക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ കഴിവുകളുടെ ഒരു ഉദാഹരണമാണ് എയ്‌റോ ഇന്ത്യ ഷോ. ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചിരിക്കുന്നു എന്നാണ് ഇവിടെ എത്തിയിരിക്കുന്ന നൂറോളം രാജ്യങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്നും ലോകമെമ്പാടും നിന്നുമുള്ള എഴുന്നൂറിലേറെ പേർ
ഈ മേളയിൽ പങ്കെടുക്കുന്നുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നമ്പറാണിത്”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
”ഇത് വെറുമൊരു ഷോ മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യം ഈ ധാരണയെ തിരുത്തിക്കുറിച്ചു. ഇന്ന് ഇത് ഒരു ഷോ മാത്രമല്ല, ഇന്ത്യയുടെ ശക്തി തെളിയിക്കുന്ന വേദി കൂടിയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ഒരു വിപണി മാത്രമല്ല, പ്രതിരോധ രംഗത്തെ നിർണായ ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ നമ്മുടെ വിജയങ്ങൾ ഇന്ത്യയുടെ നാളത്തെ സാധ്യതകൾക്ക് കരുത്തേകുന്നതാണ്. തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Chief of the Air Staff Air Chief Marshal VR Chaudhari leads the Gurukul formation during the flypast at the inaugural ceremony of #AeroIndia2023 in Bengaluru, Karnataka. pic.twitter.com/kenaR0er69
— ANI (@ANI) February 13, 2023
98 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 809 കമ്പനികൾ എയ്‌റോ ഇന്ത്യ 2023-ൽ പങ്കെടുക്കുന്നുണ്ട്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 110 വിദേശ പ്രതിനിധിസംഘങ്ങളും പങ്കെടുക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയം അടിസ്ഥാനമാക്കിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ കമ്പനികളുമായി പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഇവന്റിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.