മുംബൈ: സർക്കാർ രൂപീകരണ ശ്രമത്തിൽ നിന്ന് ബി ജെ പി പിൻവാങ്ങിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ശിവസേനയെ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷ്യാരി. രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്ന് ബി ജെ പി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ശിവസേനയെ ഗവർണർ ക്ഷണിച്ചത്.
സർക്കാരുണ്ടാക്കാനുള്ള അംഗബലമില്ലെന്ന് വ്യക്തമാക്കിയാണ് ബി ജെ പി പിൻമാറിയത്.
ഇതിനിടെ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ അടിയന്തരയോഗം വിളിച്ചു. ഇന്നു രാത്രി തന്നെ ഉദ്ദവ് താക്കറെ എൻ സി പി നേതാവ് ശരത് പവാറിനെ കണ്ടേക്കുമെന്നാണ് സൂചന. അതേസമയം, കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്ത് ശിവസേനയെ പിന്തുണയ്ക്കാമെന്നാണ് എൻ സി പിയുടെ നിലപാട്. ഇതിനിടെ, മല്ലികാർജുൻ ഖാർഗെയും മുതിർന്ന കോൺഗ്രസ് നേതാക്കളും തിങ്കളാഴ്ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
"തിങ്കളാഴ്ച വൈകുന്നേരം ഏഴരയ്ക്കുള്ളിൽ ശിവസേന ഗവർണറെ നിലപാട് അറിയിക്കണം" - രാജ് ഭവനിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് ഞായറാഴ്ച വൈകുന്നേരം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് എന്തു തരത്തിലുള്ള ഭാവി നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം എൽ എമാർ പാർട്ടി ഹൈക്കമാൻഡിൽ നിന്ന് നിർദ്ദേശം തേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.