ജമ്മു: കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്ഷ്യം റോഹിങ്ക്യൻ അഭയാർഥികളുടെ നാടുകടത്തലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൗരത്വ നിയമ ഭേദഗതി റോഹിങ്ക്യകള്‍ക്ക് യാതൊരു വിധത്തിലും ഗുണകരമാകില്ലെന്നും മന്ത്രി പറഞ്ഞു. ഒരു പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
also read:
'ഞങ്ങൾ 80 ശതമാനമുണ്ട്, നിങ്ങൾ വെറും 17 %വും; CAA പ്രതിഷേധക്കാരെയും ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്തി കർണാടക ബിജെപി MLA
പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീർ അത് നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റോഹിങ്ക്യൻ അഭയാർഥികൾ എങ്ങനെയാണ് കശ്മീരിലെത്തി സ്ഥിരതാമസമാക്കിയതെന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
റോഹിങ്ക്യരുടെ നാടുകടത്തലിനെ കുറിച്ചുള്ള പദ്ധതി എന്തായിരിക്കണമെന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. പട്ടിക തയ്യാറാക്കും. ആവശ്യമെങ്കിൽ ബയോമെട്രിക് തിരിച്ചറിയൽ കാർഡ് നൽകും. പൗരത്വ ഭേദഗതി നിയമം റോഹിങ്ക്യകള്‍ക്ക് യാതൊരു വിധത്തിലും ഗുണകരമാകില്ല- സിംഗ് വ്യക്തമാക്കി.
ആറ് ന്യൂനപക്ഷ(പുതിയ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുന്ന)ങ്ങളിൽപ്പെട്ടവരല്ല അവർ , മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവരുമല്ല(പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ)- അദ്ദേഹം പറഞ്ഞു. മ്യാൻമറിൽ നിന്ന് വന്നതുകൊണ്ട് അവർക്ക് അങ്ങോട്ടേക്ക് തന്നെ തിരിച്ച് പോകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീണ്ട ദൂരം സഞ്ചരിച്ച് റോഹിങ്ക്യക്കാർ ജമ്മുകശ്മീരിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ടിക്കറ്റിനായി അവർക്ക് പണം നൽകിയത് ആരാണെന്ന് അറിയേണ്ടതുണ്ട്- മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ റോഹിങ്ക്യക്കാർ താമസമാക്കിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.