HOME » NEWS » India » AFTER ESTABLISH KAILAASA NATION NITHYANANDA NOT FOUND1 TV TJS

ലാറ്റിനമേരിക്കൻ കൈലാസം;അതിർത്തിയില്ലാത്ത പുതിയ രാജ്യം സ്ഥാപിച്ചിട്ടും ആൾദൈവം നിത്യാനന്ദയെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട് ?

തമിഴ്നാട് സ്വദേശിയായ രാജശേഖരനാണ് ആൾദൈവമായ നിത്യാനന്ദൻ. 2000ത്തിൽ ബംഗലൂരുവിൽ ആശ്രമം സ്ഥാപിച്ചതോടെയാണ് നിത്യാനന്ദൻ ചർച്ചകളിൽ നിറഞ്ഞത്.

News18 Malayalam | news18-malayalam
Updated: December 4, 2019, 9:01 PM IST
ലാറ്റിനമേരിക്കൻ കൈലാസം;അതിർത്തിയില്ലാത്ത പുതിയ രാജ്യം സ്ഥാപിച്ചിട്ടും ആൾദൈവം നിത്യാനന്ദയെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട് ?
nithyananda
  • Share this:
ടി.ജെ.ശ്രീലാൽനമ്മുടെ രാജ്യത്ത് കുറവില്ലാത്ത ഒന്നാണ് ആൾദൈവങ്ങൾ. ദൈവം ഇങ്ങനെ മനുഷ്യരൂപമെടുത്ത് പ്രത്യക്ഷപ്പെടുന്നതിന് ജാതിയും മതവും ഒന്നും തടസമല്ല.  മൂലധനം എന്ന സിനിമയ്ക്ക് വേണ്ടി പി.ഭാസ്കരൻ എഴുതിയത് പോലെ  ഒരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു എന്നരീതിയിലാണ് ആൾദൈവങ്ങൾ പൊടുന്നനേയും അല്ലാതേയും പിറവിയെടുക്കുന്നത്. അവർക്കെതിരെ ശബ്ദമുയർത്താനും നിയമം നടപ്പിലാക്കാനും അധികമാരും ധൈര്യം കാണിക്കാറില്ല. അത് ആണ്‍ ആൾദൈവമായാലും പെൺആൾദൈവമായാലും.
ഇനി അങ്ങനെ ആരെങ്കിലും കേസ് കൊടുത്താൽ ആൾദൈവങ്ങളെ സംരക്ഷിക്കാൻ  പ്രാദേശിക രാഷ്ട്രീയക്കാർ മുതൽ രാജ്യം ഭരിക്കുന്നവർ വരെ നേരിട്ടും അല്ലാതേയും രംഗത്തിറങ്ങുകയും ചെയ്യും. രാഷ്ട്രീയക്കാർക്കോ രാജ്യത്തെ നിയന്ത്രിക്കുന്ന വൻകുത്തകകൾക്കോ പോലും ലഭിക്കാത്ത സംരക്ഷണമാകും ഇവർക്ക് ലഭിക്കുക.


നിത്യാനന്ദനായ രാജശേഖരൻ


തമിഴ്നാട് സ്വദേശിയായ രാജശേഖരനാണ്  ആൾദൈവമായ നിത്യാനന്ദൻ. 2000ത്തിൽ ബംഗലൂരുവിൽ ആശ്രമം സ്ഥാപിച്ചതോടെയാണ് നിത്യാനന്ദൻ ചർച്ചകളിൽ നിറഞ്ഞത്. പിന്നാലെ തന്നെ വിവാദത്തിലും പെട്ടു. 2010ൽ തെന്നിന്ത്യൻ സിനിമാ നടിയുമായുള്ള  വീഡിയോ പുറത്ത് വന്നതോടെ ചർച്ചകൾ വിവാദത്തിന് വഴിമാറി. പിന്നാലെ ബലാത്സംഗ കേസിൽ അകത്തുമായി.  ഒൻപത് വർഷം കഴിഞ്ഞിട്ടും ആ കേസ് എങ്ങുമെത്തിയിട്ടില്ല എന്നത് എടുത്തു പറയുന്നു.


ആൾദൈവത്തിന്റെ സിദ്ധി തന്നെ കാരണം.  ഈ കേസ് നിലനിൽക്കുന്നത് കാരണം 2018ൽ പാസ്പോർട്ട് പുതുക്കാനായില്ല. കർണാടക പൊലീസ് അനുവദിച്ചില്ല. അത് മാത്രമാണ് പ്രത്യേക സിദ്ധി കൊണ്ട് നടക്കാതെ പോയത്.  അതിന്റെ ആവശ്യമില്ലെന്ന് നിത്യാനന്ദനെന്ന ആൾദൈവം പിന്നീട് തെളിയിച്ചു. നിത്യാനന്ദൻ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. ഗുജറാത്തിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത  പെൺകുട്ടികളെ തടഞ്ഞുവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒളിവിലാണ്.
രാജ്യം വിട്ടുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറല്ല. പാസ്പോർട്ട് ഇല്ലാത്തതിനാൽ എയർപോർട്ട് വഴി കടന്നിട്ടില്ലെന്നാണ് ഇതിനുള്ള വിശദീകരണം. അതാണ് നേരത്തെ പറഞ്ഞത് പാസ്പോർട്ട് പോലെ സാധാരണ മനുഷ്യർ കൊണ്ട് നടക്കുന്ന അടയാളങ്ങളോന്നും ആൾദൈവത്തിന് വേണ്ടയെന്ന്.


വിജയ് മല്യയും നിരവ് മോദിയും മുതൽ നിത്യാനന്ദ വരെ


വിജയ് മല്യ, ലളിത് മോദി, നിരവ് മോദി, മെഹുൾ ചോക്സി, സന്ദേസര സഹോദരൻമാർ. ഇങ്ങനെ രാജ്യം വിട്ട വൻബിസിനസ് കുത്തകകളുടെ എണ്ണം ഏറെയാണ്. എണ്ണി പറഞ്ഞാൽ 36. ഇവർ എല്ലാം ചേർന്ന് മുക്കിയത് പല ശതകോടികൾ.  ഇവർക്കും  ആൾദൈവങ്ങൾക്കും ഏറെ സാമ്യമുണ്ട്. ചില വ്യത്യാസങ്ങളുമുണ്ട്.  രാജ്യം ഭരിക്കുന്നവരുടെയും ഭരിച്ചിരുന്നവരുടേയും അടുപ്പക്കാരാണ് ഇവരെല്ലാം. അങ്ങനെയാണ് ഇവർ തട്ടിപ്പ് നടത്തുന്നതും.


തട്ടിപ്പ് നടത്തി വീഴുമ്പോഴാണ് ഇവർ തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നത്. വീണു കഴിഞ്ഞാൽ  ബിസിനസ് കുത്തകകളെ രാഷ്ട്രീയ നേതൃത്വം തള്ളിപറയും. പക്ഷെ ആൾദൈവങ്ങൾ അങ്ങനെ എളുപ്പം തള്ളപ്പെടില്ല. ബലാത്സംഗത്തിന് അറസ്റ്റിലായ ഗുർമീത് റാം റഹീമിന്റെ കാര്യത്തിൽ പോലും അതാണ് സംഭവിച്ചത്.  ഗുർമീത് റാം റഹീമിന് സഹിക്കേണ്ടി വന്നത്  പോലും രാജശേഖരനെന്ന നിത്യാനന്ദന് സഹിക്കേണ്ടി വന്നില്ല.


ഇക്വഡോറിലെ കൈലാസം


 ഇക്വഡോറിനടത്തുള്ള ദ്വീപിൽ കൈലാസം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ എന്ന ആൾദൈവം. പാസ്പോർട്ടില്ലാത്ത ദൈവം പാസ്പോർട്ടും ഭരണഘടനയുമൊക്കെയുള്ള രാജ്യമാണ് സ്ഥാപിച്ചത്. ഒരു ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. ലാറ്റിനമേരിക്കയിൽ  ഇക്വഡോറിന് സമീപമാണ് ഈ ദ്വീപ് എന്നത് മാത്രമാണ് നിലവിൽ ആൾദൈവം പുറത്ത് വിട്ടിരിക്കുന്ന വിവരം. സ്വന്തം രാജ്യത്ത് ഹിന്ദുമതം അനുഷ്ഠിക്കാൻ സാധിക്കാത്ത എല്ലാവരേയും നിത്യാനന്ദ സ്വന്തം കൈലാസയിലേക്ക് സ്വാഗതം ചെയ്യുന്നു.


വെബ്‌സൈറ്റിലൂടെയാണ് നിമന്ത്രണം. മധ്യ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള സ്വതന്ത്രരാജ്യമായ പനാമയിലാണ് വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവർത്തിക്കുന്നത് അമേരിക്കയിലെ ഡളസിൽ നിന്നും. രാജ്യം സ്ഥാപിച്ചു. ഭരണഘടന പ്രഖ്യാപിച്ചു. അതിൽ അതിവസിക്കാൻ പൗരൻമാരേയും 'സ്വാമി നിത്യനാന്ദ' ക്ഷണിച്ചു. എന്നിട്ടും പക്ഷെ ഈ ആൾദൈവം എവിടെയാണെന്ന് നമ്മുടെ അധികാരികൾക്ക് കണ്ടെത്താനായിട്ടില്ല. ഈ ആൾദൈവത്തിന് ശക്തിയില്ലെന്ന് ഇനി ആരെങ്കിലും കുറ്റം പറയുമോ?​


Youtube Video

First published: December 4, 2019, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories