• HOME
 • »
 • NEWS
 • »
 • india
 • »
 • West Bengal | പാർഥയ്ക്കും അനുബ്രതയ്ക്കും ശേഷം ആര് ? ബംഗാളിലെ തൃണമുൽ നേതാക്കളെ ED ലക്ഷ്യമിടുമ്പോൾ

West Bengal | പാർഥയ്ക്കും അനുബ്രതയ്ക്കും ശേഷം ആര് ? ബംഗാളിലെ തൃണമുൽ നേതാക്കളെ ED ലക്ഷ്യമിടുമ്പോൾ

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൂടുതൽ അന്വേഷണങ്ങളാണ് തൃണമുൽ നേതാക്കൾക്കെതിരെ നടത്താൻ പോവുന്നത്.

 • Last Updated :
 • Share this:
  മുൻ വിദ്യാഭ്യാസമന്ത്രിയും തൃണമുൽ കോൺഗ്രസ് നേതാവുമായിരുന്ന പാ‍ർത്ഥ ചാറ്റർജിയുടെ അറസ്റ്റ് ബംഗാൾ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ട് ഏതാനും നാളുകൾ ആവുന്നേയുള്ളൂ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പാ‍ർത്ഥ അറസ്റ്റിലായത്. ബിർഭും തൃണമൂൽ പ്രസിഡന്റ് അനുബ്രത മൊണ്ടലിനെ പശുക്കടത്തുമായി ബന്ധപ്പെട്ട അഴിമതിയിലും അറസ്റ്റ് ചെയ്തിരുന്നു. മമത ബാന‍ർജിയുടെ നേതൃത്വത്തിലുള്ള ബംഗാളിലെ തൃണമുൽ സ‍ർക്കാരിന് ഇത് രണ്ടും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

  എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കൂടുതൽ അന്വേഷണങ്ങളാണ് തൃണമുൽ നേതാക്കൾക്കെതിരെ നടത്താൻ പോവുന്നത്. നിലവിലെ ഏഴ് മന്ത്രിമാരുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ 19 ഉന്നത നേതാക്കളുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപ്പര്യ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കക്ഷിയാക്കാൻ ആഗസ്റ്റ് 8ന് കൊൽക്കത്ത ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് പുറത്ത് വന്നതിന് ശേഷം തൃണമുൽ നേതാക്കളിൽ പലർക്കും ഭയമുണ്ട്. ആരായിരിക്കും അടുത്ത ഇരയെന്നാണ് ബംഗാൾ രാഷ്ട്രീയത്തിൽ നിന്നുയരുന്ന പ്രധാനപ്പെട്ട ചോദ്യം.

  സ്വത്തുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ഇഡിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേയർ ഫിർഹാദ് ഹക്കിം, മന്ത്രിമാരായ അരൂപ് റോയ്, ജ്യോതിപ്രിയ മുള്ളിക് എന്നിവർ കൊൽക്കത്ത ഹൈക്കോടതിയിൽ ആഗസ്ത് 12ന് അപേക്ഷ സമ‍ർപ്പിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനാണ് അപ്പീൽ നൽകിയിരിക്കുന്നത്. സെപ്തംബ‍ർ 12നായിരിക്കും ഈ കേസ് കോടതി പരിഗണിക്കുക.

  also read: സമ്മാനം കിട്ടിയ 10 ലക്ഷവും കൂടെ 5000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി CPI നേതാവ്

  അന്വേഷണം നേരിടുന്നതിനെ താൻ ഭയക്കുന്നില്ലെന്ന് മേയർ ഫിർഹാദ് ഹക്കിം വാർത്താസമ്മേളനത്തിൽ പറഞ്ഞു. “സമൂഹത്തിൽ എല്ലാവർക്കും ബഹുമാനം ലഭിക്കുന്നുണ്ട്. ആ ബഹുമാനം നഷ്ടപ്പെടുമോയെന്ന് മാത്രമാണ് ഭയം. ജയിലിൽ പോവാൻ ഭയപ്പെടുന്നില്ല. ബംഗാളിലെ നിരവധി നേതാക്കൾ ജയിലിൽ കിടന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

  കേന്ദ്രസർക്കാർ തങ്ങൾക്കെതിരെ ഇഡിയെയും സിബിഐയും രംഗത്തിറക്കി രാഷ്ട്രീയലക്ഷ്യം വെച്ച് ആക്രമണത്തിന് ശ്രമിക്കുകയാണെന്നാണ് തൃണമുലിൻെറ വാദം. അതേസമയം, ബിഷുപൂർ എംപി സൗമിത്ര ഖാൻെറ പ്രസ്താവന ഇതിനിടയിൽ വിവാദമായി. തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ച്ചയെ പരാമ‍ർശിച്ചാണ് ഖാൻെറ പ്രസ്താവന. "കുനാലും ഭരണകക്ഷിയിൽ നിന്നുള്ള നിരവധി നേതാക്കളും സ്വന്തം പാർട്ടിയിലെ നേതാക്കളെക്കുറിച്ച് പുറത്ത് വിവരങ്ങൾ നൽകുന്നുണ്ട്" ഖാൻ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ കുനാൽ ഘോഷ് നിഷേധിച്ചു.

  see also: ബിഹാർ മന്ത്രിസഭാ വികസനം; കോൺഗ്രസിന് രണ്ടു മന്ത്രിമാർ; മുസ്ലിം മന്ത്രിമാരുടെ എണ്ണം അഞ്ചായി

  ഇഡിയുടെ കേസുകൾ വന്ന് തുടങ്ങിയതോടെ ബംഗാളിലെ പ്രതിപക്ഷ പാർട്ടിയായ ബിജെപി തൃണമുലിനെതിരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധമായി ഇഡി തനിക്കെതിരെ തിരിഞ്ഞേക്കാമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു പൊതുചടങ്ങിൽ പറഞ്ഞു. താൻ ഒറ്റയ്ക്ക് പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. മമതയുടെ പുതിയ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് വൈകാതെ അവർക്കെതിരെയും ഇഡി തിരിഞ്ഞേക്കാമെന്ന് തന്നെയാണെന്ന് ബിജെപി ഓൾ ഇന്ത്യ വൈസ് പ്രസിഡൻറ് ദിലീപ് ഘോഷ് പറഞ്ഞു.
  Published by:Amal Surendran
  First published: