പുതിയ സൈനികരെ റിക്രൂട്ട് (Army Recruitmet) ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിൻെറ അഗ്നിപഥ് (Agnipath) പദ്ധതിക്കെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പദ്ധതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയി കേന്ദ്രം ഉയര്‍ത്തി. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.
അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സായുധ സേനയിൽ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. ബീഹാറിൽ പ്രതിഷേധക്കാർ തീവണ്ടിയുടെ ബോഗി കത്തിച്ചു. ഉത്തർപ്രദേശിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. രണ്ട് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. ജമ്മുവിൽ ആർമി റിക്രൂട്ട്മെൻറ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച യുവാക്കളെയും പോലീസ് ലാത്തി വീശിയാണ് മാറ്റിയത്.
Also Read- അഗ്നിപഥ് പദ്ധതിയേക്കുറിച്ച് കേട്ടതൊക്കെ ശരിയാണോ? കേന്ദ്ര സർക്കാർ പറയുന്നതിങ്ങനെ
ബീഹാറിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷവുമുണ്ടായി. യുപിയിലെ ബുലന്ദ്സഹറിലും വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ബീഹാറിലെ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജ്ജിന് പുറമെ, പ്രതിഷേധക്കാരെ ഓടിക്കാൻ പോലീസ് വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
പദ്ധതിയ്ക്ക് കീഴില്‍ നാല് വർഷത്തേക്ക് താൽക്കാലികമായാണ് ജോലി നൽകുന്നത്. ഇതുകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിക്കില്ലെന്ന് ഉദ്യോഗാർഥികളിൽ വലിയൊരു വിഭാഗം പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയായിരുന്നു. റിക്രൂട്ട്മെന്റ് സ്കീമിനെതിരെ പ്രതിഷേധക്കാർ ഉന്നയിച്ച നിരവധി വിഷയങ്ങളിൽ പ്രധാനം ഉയർന്ന പ്രായപരിധി 21 വയസ്സാണ് എന്നതായിരുന്നു.
Also Read- നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി 45000 പേർക്ക് നിയമനം
നാല് വർഷമായി സൈനിക സേവനം കുറച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചിരിക്കുന്ന ഒന്നാമത്തെ കാര്യം. നാല് വർഷം കഴിഞ്ഞാൽ കരിയറിൽ എന്ത് ചെയ്യുമെന്ന് അവർ ചോദിക്കുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ ജോലി ലഭിക്കുന്നയാൾക്ക് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അഗ്നിപഥ് പദ്ധതിയിലൂടെ അഗ്നിവീർ ആയി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ബിരുദത്തിന് 50 ശതമാനം ക്രെഡിറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. ഓപ്പൺ യൂണിവേഴ്സിറ്റിയായ ഇഗ്നുവുമായി സഹകരിച്ച് ഇവർക്കായി ക്രെഡിറ്റ് അടിസ്ഥാനത്തിലുള്ള കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ട്. ഈ വർഷം 46000 പേരെ ഈ പദ്ധതി വഴി സൈന്യത്തിൽ എടുക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
അഗ്നിപഥിന് കീഴിൽ, നാല് വർഷത്തിന് ശേഷം നിർബന്ധിത വിരമിക്കല്‍ നടത്തിയ യുവാക്കളെ സിവിലിയന്‍ ജോലികളിൽ ഉൾപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നു. കൂടാതെ നാലുവർഷത്തെ സേവനകാലം പൂർത്തിയാക്കിയാക്കുന്നവര്‍ക്ക് സംരംഭകത്വം, തുടർപഠനം, മറ്റ് ജോലികളിൽ മുൻഗണന എന്നിങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.