• HOME
 • »
 • NEWS
 • »
 • india
 • »
 • Agnipath| അഗ്നിപഥ്: വിജ്ഞാപനം ഇറക്കി കരസേന, ജൂലൈയിൽ രജിസ്ട്രേഷൻ

Agnipath| അഗ്നിപഥ്: വിജ്ഞാപനം ഇറക്കി കരസേന, ജൂലൈയിൽ രജിസ്ട്രേഷൻ

മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

 • Share this:
  ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി (Agnipath military recruitment scheme) അനുസരിച്ച് അഗ്നിവീരന്മാരെ നിയമിക്കുന്നതിന് കരസേന കരട് വിജ്ഞാപനം പുറത്തിറക്കി. അഗ്നിവീരന്മാരെ റിക്രൂട്ട്‌മെന്റ് റാലി വഴി തെരഞ്ഞെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് കരസേന അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി.

  മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സേനയുടെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് വഴിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പുതിയ നിയമന രീതിക്ക് കീഴിലുള്ള എല്ലാ ജോലിക്കും നിർബന്ധമാണെന്ന് സൈന്യം അറിയിച്ചു.

  Also Read- Agnipath | അഗ്നിപഥ്: വ്യാജവാർത്ത പുറപ്പെടുവിച്ച 35 വാട്സാപ്പ് ഗ്രൂപ്പുകൾ നിരോധിച്ചു, 10 പേർ പിടിയിൽ

  ഓഗസ്റ്റ് പകുതി മുതല്‍ നവംബര്‍ വരെ രാജ്യമെമ്പാടും 83 റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്താനാണ് തീരുമാനം. ആദ്യബാച്ചില്‍ 25,000 പേര്‍ കരസേനയില്‍ ചേരും. രണ്ടാമത്തെ ബാച്ചിലൂടെ 15,000 പേരും സേനയിലെത്തും. നാവികസേനയിലെ നിയമനത്തിന്റെ വിശദരൂപരേഖ ജൂണ്‍ 26 ന് പ്രസിദ്ധീകരിക്കും. വനിതകള്‍ക്കും അവസരം ലഭിക്കും. യുദ്ധക്കപ്പലിലും വനിതകള്‍ക്ക് നിയമനം ലഭിക്കും. ആദ്യ ബാച്ചിന്റെ പരിശീലനം നവംബര്‍ 21 ന് ആരംഭിക്കും. വ്യോമസേനയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24 ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ 24 മുതല്‍. ആദ്യബാച്ചിന്റെ പരിശീലനം ഡിസംബര്‍ 30 മുതല്‍ നടക്കും.

  പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം. വീരമൃത്യു വരിക്കുന്ന അഗിനിവീരന്മാരുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. സൈനികര്‍ക്ക് നിലവിലുള്ള അപായസാധ്യതാ (റിസ്‌ക്) ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിവീരര്‍ക്കും നല്‍കും. സേവനവ്യവസ്ഥകളില്‍ വേര്‍തിരിവുണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

  വേതനവ്യവസ്ഥകള്‍ നിലവിലുള്ളതിനെക്കാള്‍ മികച്ചതാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരര്‍ക്ക് പോലീസ് സേനയില്‍ നിയമനം നല്‍കുമെന്ന് ചില സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളോടും ഇക്കാര്യം അഭ്യര്‍ഥിക്കുമെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റെ ശരാശരി പ്രായംകുറയ്ക്കണമെന്നത് കാര്‍ഗില്‍ അവലോകനസമിതിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെന്ന് ലെഫ്. ജനറല്‍ പുരി പറഞ്ഞു.

  Also Read- അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

  രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച പ്രക്ഷോഭകാരികള്‍ക്ക് പദ്ധതിയിലൂടെ നിയമനമുണ്ടാകില്ലെന്ന് ലെഫ്. ജനറല്‍ അനില്‍ പുരി പറഞ്ഞു. അക്രമങ്ങളില്‍ പങ്കെടുത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രതിജ്ഞാപത്രം ഉദ്യോഗാര്‍ഥികള്‍ നല്‍കണം. കേസുണ്ടെങ്കില്‍ നിയമനം ലഭിക്കില്ല.

  അഗ്നിപഥിനെതിരെ പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.

  English Summary: The Army on Monday issued a notification for induction of soldiers under the Agnipath military recruitment scheme. The Army said the online registration on the force’s recruitment website is mandatory for all the job aspirants under the new model. It said the online registration will commence from July. The Army said ‘Agniveers’ would form a distinct rank in the Indian Army, which would be different from any other existing ranks.
  Published by:Rajesh V
  First published: