• HOME
  • »
  • NEWS
  • »
  • india
  • »
  • Agnipath | അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

Agnipath | അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരം സമരത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Share this:
    അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി വിആർ ചൗധരി. പ്രക്ഷോഭത്തിലേര്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പിന്നീട് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരം സമരത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    യുവാക്കളുടെ പ്രതിഷേധം ഇത്രയധികം അക്രമാസക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പരിഹാര മാര്‍ഗമല്ല. സൈന്യത്തില്‍ ജോലി ലഭിക്കുന്നതിനുള്ള അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണ്. ആരെങ്കിലും ഇത്തരം സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോലീസില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കില്ലെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

    Also Read- സെക്കന്തരാബാദിലെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ആസൂത്രകന്‍ കസ്റ്റഡിയില്‍; ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പുകാരന്‍

    അഗ്നിപഥ് പദ്ധതി പോസിറ്റീവായ ചുവടുവെപ്പാണെന്നും ആര്‍ക്കെങ്കിലും ഇതേക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ അടുത്തുള്ള സൈനിക താവളങ്ങളുമായോ വ്യോമ സേന, നേവി തുടങ്ങിയവയുമായോ ബന്ധപ്പെട്ട് സംശയം തീര്‍ക്കണമെന്നും വി.ആര്‍ ചൗധരി വ്യക്തമാക്കി.

    ഇതിനിടെ അഗ്നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. കാലാവധി കഴിയുന്ന അഗ്നിവീരന്മാർക്ക് അർദ്ധസൈനിക വിഭാഗത്തിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു.

    Also Read- അഗ്നിപഥ്: റിക്രൂട്ട്മെന്റുകൾ കൂടും; ഒരാൾക്കു പകരം നാല് പേർക്ക് അവസരം ലഭിക്കുമെന്ന് നേവി ചീഫ് അഡ്മിറൽ

    കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റൊരു ട്വീറ്റിൽ സേനകളിൽ അപേക്ഷിക്കുന്ന അഗ്നിവീറുകൾക്ക് പ്രായപരിധി ഇളവ് ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രായപരിധി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഗ്നിപഥിലെ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ അഞ്ച് വർഷത്തേക്കും ഇളവ് പ്രഖ്യാപിച്ചു.

    അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ ഇന്നും പ്രതിഷേധക്കാർ ട്രയിനിന് തീയിട്ടു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. യുപിയിൽ പ്രതിഷേധിച്ച 260 പേരെ അറസ്റ്റ് ചെയ്തു.

    കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരുമാണ് പ്രതിഷേധമുണ്ടായത്. തിരുവനന്തപുരത്ത് നൂറിലധികം ഉദ്യോഗാർത്ഥികൾ തമ്പാനൂരിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ പ്രതിഷേധം. കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.

    17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സായുധ സേനയിൽ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയാണ് ഉയർത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.

    ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: