അഹ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു ഒരു ദിവസം മാത്രം ബാക്കി നിൽക്കേ അഹ്മദാബാദിലെ പുതുതായി പണി കഴിപ്പിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടം തകർന്നു. ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് സ്റ്റേഡിയത്തിലെ വി വി ഐ പി പ്രവേശവകവാടം തകർന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രവേശനകവാടം തകരുന്നത് കണ്ടു നിന്നയാൾ സംഭവം മുഴുവൻ റെക്കോഡ് ചെയ്യുകയും അത് പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. വെൽഡഡ് സ്റ്റീൽ ദണ്ഡുകൾ കൊണ്ടും ഫ്ലക്സ് ബാനറുകൾ കൊണ്ടും താൽക്കാലികമായി തയ്യാറാക്കിയ പ്രവേശനകവാടമാണ് തകർന്നുവീണത്. ഇത് സംഭവിച്ച് കുറച്ച് സമയത്തിനു ശേഷം പ്രധാനകവാടത്തിലെ മറ്റൊരു ഭാഗവും തകർന്നു വീണു.
അപകടങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, സ്റ്റേഡിയത്തിൽ പ്രവേശനകവാടം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, ഇതൊരു വലിയ സംഭവമല്ലെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സ്പെഷ്യൽ പോലീസ് കമ്മീഷണർ അജയ് തോമർ പറഞ്ഞു.
തിങ്കളാഴ്ച ഇവിടെ നടക്കുന്ന റോഡ്ഷോയിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. 1.10 ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.