• HOME
 • »
 • NEWS
 • »
 • india
 • »
 • Ahmedabad Blast | അഹമ്മദാബാദ് സ്ഫോടന പരമ്പര; 38 പ്രതികൾക്ക് വധശിക്ഷ; നിർണായകമായത് മോദിയുടെയും അമിത് ഷായുടെയും ഇടപെടൽ

Ahmedabad Blast | അഹമ്മദാബാദ് സ്ഫോടന പരമ്പര; 38 പ്രതികൾക്ക് വധശിക്ഷ; നിർണായകമായത് മോദിയുടെയും അമിത് ഷായുടെയും ഇടപെടൽ

ഈ കേസ് തെളിയിക്കാന്‍ ഗുജറാത്ത് പോലീസിന് കഴിഞ്ഞാല്‍ ഗുജറാത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ നല്‍കുന്ന ഏറ്റവും വലിയ സേവനമായിരിക്കുമെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞു

ANI

ANI

 • Share this:
  ബ്രജേഷ് കുമാർ സിങ്

  2008ല്‍ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ (Ahmedabad Serial Blast Case) കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചു. അവശേഷിക്കുന്ന 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 2008ല്‍ അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി (Gujarat Special Court) ജഡ്ജി എ ആര്‍ പട്ടേലാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതെ വിട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

  2008 ജൂലായ് 26 നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റിനിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദില്‍ 21 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 246 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്, സിവില്‍ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ (Narendra Modi) മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.

  സ്ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. അമിത് ഷാ (Amit Shah) അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്നു. ഈ കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മോദി അന്ന് പറഞ്ഞിരുന്നു. ഈ കേസ് തെളിയിക്കാന്‍ ഗുജറാത്ത് പോലീസിന് കഴിഞ്ഞാല്‍ ഗുജറാത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ നല്‍കുന്ന ഏറ്റവും വലിയ സേവനമായിരിക്കുമെന്നും മോദി പറഞ്ഞു. കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ മോദി ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരുമായി ദിവസവും അവലോകനയോഗം ചേരാറുണ്ടായിരുന്നു. ഒടുവില്‍, 20 ദിവസത്തിനുള്ളില്‍ ഗൂഢാലോചന പുറത്തായി. ആഗസ്റ്റ് 16ന് ഗുജറാത്ത് പോലീസ് ഒരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുകയും ഗൂഢാലോചനയുടെ തെളിവുകള്‍ ഒന്നൊന്നായി വെളിപ്പെടുത്തുകയും ചെയ്തു.

  ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ മുജാഹിദ്ദീന്‍ എങ്ങനെയാണ് ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. മഹാരാഷ്ട്ര, യുപി, കര്‍ണാടക, കേരളം, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ സംഭവത്തിന്റെ ചരടുവലികൾ നടന്നത്. അന്വേഷണത്തിനിടെ, ഡല്‍ഹിയിലെ ബട്ല ഹൗസിന്റെ പങ്ക് വെളിവാവുകയും ഗുജറാത്ത് പോലീസ് ഡല്‍ഹി പോലീസുമായി ചേർന്ന് സ്ഥലം റെയ്ഡ് ചെയ്യുകയും ചെയ്തു. ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഗൂഢാലോചന പുറത്തുവന്നത്.

  അന്നത്തെ വഡോദര പോലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്താനയ്ക്കാണ് ഈ കേസിൽ ആദ്യ തുമ്പ് ലഭിച്ചത്. നിലവില്‍ ഡല്‍ഹി പോലീസ് കമ്മീഷണറാണ് അദ്ദേഹം. സിമിയുടെ ചില അംഗങ്ങള്‍ക്ക് സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന ചില സൂചനകള്‍ അസ്താനയ്ക്ക് ലഭിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ചില സൂചനകള്‍ ലഭിച്ചിരുന്നു. അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നാണ് മറ്റൊരു പ്രധാന വിവരം ലഭിച്ചത്. അക്കാലത്ത് ക്രൈംബ്രാഞ്ചിനെ നയിച്ചത് ഇപ്പോള്‍ ഗുജറാത്തിലെ പോലീസ് ഡയറക്ടര്‍ ജനറലായ ആശിഷ് ഭാട്ടിയയാണ്. അഭയ് ചുദാസ്മ, ഹിമാന്‍ഷു ശുക്ല, തരുണ്‍ ബരോട്ട് തുടങ്ങിയ ചില ഉദ്യോഗസ്ഥരും ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു.

  ഈ കേസിലാണ് ആദ്യമായി മൊബൈല്‍ ടവറുകളുടെ ലൊക്കേഷൻ അന്വേഷണത്തിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. ഐഐടി ഖരഗ്പൂരില്‍ നിന്ന് ഇലക്ട്രോണിക്‌സില്‍ ബി ടെക് ബിരുദം നേടിയ ശേഷം ഐഎഎസില്‍ ചേര്‍ന്ന ഹിമാന്‍ഷു ശുക്ലയുടെ സേവനം ഇക്കാര്യത്തിൽ നിർണായകമായിരുന്നു. യുപിയില്‍ മുഫ്തി ബഷാറിനെ പിടികൂടിയത് ശുക്ലയാണ്. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായും അന്നത്തെ ഡിജിപി പി സി പാണ്ഡെയും തുടര്‍ച്ചയായി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അന്വേഷണത്തിലെ കുരുക്കുകള്‍ പരിഹരിക്കുകയും ചെയ്തു. ലഖ്നൗവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ബഷാറിനെ അഹമ്മദാബാദിലെത്തിക്കുന്നതില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മോദിക്ക് പോലും ഇക്കാര്യത്തില്‍ ഇടപെടേണ്ടി വന്നു.

  ഈ ഗൂഢാലോചന പുറത്തുവന്നതോടെ രാജ്യത്ത് സ്ഫോടന പരമ്പരകള്‍ ഇല്ലാതായി. ഇന്ത്യന്‍ മുജാഹിദ്ദീന്റെ നട്ടെല്ല് തകര്‍ന്നു. ഗുജറാത്ത് പോലീസ് വളരെ സൂക്ഷ്മതയോടെയാണ് ഈ കേസ് കോടതിയില്‍ എത്തിച്ചത്. 14 വര്‍ഷം നീണ്ട വിചാരണയ്ക്കിടെ ഒന്നോ രണ്ടോ പ്രതികള്‍ ഒഴികെ ആര്‍ക്കും ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇപ്പോള്‍ അവര്‍ക്ക് ശിക്ഷയും ലഭിച്ചിരിക്കുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭിച്ചു.

  Also Read- Ahmedabad Serial Blasts Case | അഹമ്മദാബാദ് സ്‌ഫോടനപരമ്പര; കേരളത്തില്‍ നിന്ന് എത്തിച്ചത് 4 ബൈക്കുകള്‍

  വ്യക്തിപരമായി, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്യാൻ കഴിഞ്ഞത്തിൽ ഞാൻ വളരെ സംതൃപ്തനാണ്. എനിക്ക് എല്ലാ സൂചനകളും ലഭിച്ചിരുന്നു, എന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നുള്ളതിനാല്‍ ഞാന്‍ അവ റിപ്പോര്‍ട്ട് ചെയ്തില്ല. ഒരു ഘട്ടത്തില്‍, ഈ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഡല്‍ഹിയിലെ ഒരു വലിയ പത്രപ്രവര്‍ത്തകന് എക്‌സ്‌ക്ലൂസീവ് ആയി ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സംശയത്തെത്തുടർന്ന് കേസ് അന്വേഷണം നയിക്കുന്ന പ്രധാന ഉദ്യോഗസ്ഥരുമായി ഞാന്‍ ബന്ധപ്പെട്ടു. ഞാന്‍ അദ്ദേഹത്തോട് വിശദമായി സംസാരിച്ചു. ഈ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ആദ്യം ലഭിക്കുക എനിക്കായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വാക്ക് തന്നു. ഒടുവില്‍ ഈ ദിവസം വന്നെത്തി.

  വാര്‍ത്താസമ്മേളനത്തിന് കൃത്യം രണ്ട് മണിക്കൂര്‍ മുമ്പ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനും സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയും എന്നെ വിളിച്ച് എല്ലാ വിവരങ്ങളും പങ്കുവെച്ചു. ഈ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യാനുള്ള അനുമതിയും നൽകി. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ സന്തോഷകരമായ അനുഭവമായിരുന്നു അത്.
  Published by:Anuraj GR
  First published: